തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെന്നൈ താംബരം റെയിൽവേ സ്റ്റേഷനിൽ നാലുകോടി രൂപ പിടികൂടിയ കേസിൽ ബി.ജെ.പി തമിഴ്നാട് സംസ്ഥാന ഭാരവാഹികളെ സി.ബി.സി.ഐ.ഡി പൊലീസ് ചോദ്യം ചെയ്തു. പാർട്ടി നേതൃത്വത്തിന്റെ അറിവോടെ പണമിടപാടുകൾ നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. പിടിച്ചെടുത്ത പണം വോട്ടർമാർക്ക് വിതരണം ചെയ്യാനിരുന്നതാണെന്നും അഭ്യൂഹമുണ്ടായിരുന്നു.
സംസ്ഥാന ട്രഷറർ എസ്.ആർ. ശേഖർ, സംഘടന സെക്രട്ടറി കേശവ വിനായകം, തിരുനെൽവേലി ലോക്സഭ മണ്ഡലം സ്ഥാനാർഥി നയിനാർ നാഗേന്ദ്രൻ, പാർട്ടി പ്രവർത്തകനായ നീലമുരളി എന്നിവരെയാണ് ചോദ്യം ചെയ്തത്. ബി.ജെ.പി പ്രവർത്തകനും ചെന്നൈ സ്വകാര്യ ഹോട്ടൽ മാനേജറുമായ അഗരം എസ്. സതീഷ് (33), സഹോദരൻ നവീൻ (31), ഡ്രൈവർ തൂത്തുക്കുടി സ്വദേശി എസ്. പെരുമാൾ (26) എന്നിവരാണ് പ്രതികൾ.
നയിനാർ നാഗേന്ദ്രനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ നിർദേശപ്രകാരമാണ് പണം കടത്തിയതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. നാഗേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ പുരസൈവാക്കത്തുള്ള ബ്ലൂഡയമണ്ട് ഹോട്ടലിന്റെ മാനേജറാണ് സതീഷ്. അതേസമയം, കണ്ടെടുത്ത പണം ബി.ജെ.പിയുടെ പാർട്ടി ഫണ്ടല്ലെന്ന് എസ്.ആർ. ശേഖർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.