മീററ്റ്: മോഷ്ടിച്ച പണമടങ്ങിയ ബാഗുകള്‍ ജോലി ചെയ്യുന്ന വീടിന്റെ തട്ടിന്‍പുറത്ത് ഒളിപ്പിച്ചയാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റിനു സമീപമാണ് സംഭവം. ഗൃഹനാഥന്‍ രാവിലെ വീടിന്റെ തട്ടിന്‍പുറത്ത് രണ്ട് ബാഗുകള്‍ കാണുകയായിരുന്നു. ഇതോടെ ഇയാള്‍ ബാഗെടുത്ത് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി. രണ്ടിലും നിറയെ നോട്ടുകെട്ടുകള്‍. ഉടന്‍ തന്നെ ഇദ്ദേഹം പൊലീസില്‍ വിവരമറിയിച്ചു.
പൊലീസെത്തി അന്വേഷണം നടത്തിയപ്പോള്‍ സമീപത്തെ വ്യാപാരിയുടെ വീട്ടില്‍ നിന്ന് തലേ ദിവസം 40 ലക്ഷം രൂപ മോഷണം പോയതായി കണ്ടെത്തി. ഇതു പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആ പണമാണ് തട്ടിന്‍പുറത്തെ ഈ ബാഗുകളിലുള്ളതെന്ന് പൊലീസ് കണ്ടെത്തി. ഇത് മോഷ്ടിച്ച പണമാണെന്ന് നേരത്തെ തന്നെ വീട്ടുടമസ്ഥന്‍ ഉറപ്പിച്ചിരുന്നു. അതു പ്രകാരമാണ് പൊലീസിനെ വിളിച്ചറിയിച്ചിരുന്നത്. മോഷ്ടിച്ച് തല്‍ക്കാലം തന്റെ വീടിന്റെ തട്ടിന്‍പുറത്ത് വച്ച് പിന്നീട് മാറ്റാമെന്ന് കരുതിയായിരിക്കണം വച്ചതെന്നും വീട്ടുടമസ്ഥന്‍ പൊലീസിനെ അറിയിച്ചിരുന്നു.
എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കള്ളന്‍ വീട്ടിലെ ജോലിക്കാരന്‍ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ വഴിയാണ് കള്ളന്‍ ഈ വീട്ടിലെ ജോലിക്കാരന്‍ തന്നെയാണെന്ന് വ്യക്തമായത്. ഇയാളെ സഹായിച്ച ഒരു സെക്യൂരിറ്റി ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.