അഷ്റഫ് വേങ്ങാട്ട്
റിയാദ് : സഊദിയുടെ രണ്ടാമത്തെ സുപ്രധാന നഗരമായ ജിദ്ദയില്‍ വ്യാഴാഴ്ച്ചയുണ്ടായ കനത്ത മഴമൂലമുണ്ടായ അപ്രതീക്ഷിച്ചിത പ്രളയം ഭീതി വിതച്ചാണ് പെയ്‌തൊഴിഞ്ഞത്. ചെങ്കടലിന്റെ റാണിയെന്ന് അറിയപ്പെടുന്ന വിശുദ്ധ ഗേഹങ്ങളിലേക്കുള്ള പ്രവേശനകവാട നഗരം മിനിറ്റുകള്‍ക്കകമാണ് വെള്ളകെട്ടുകള്‍ക്ക് കീഴടങ്ങിയത്. 2009 ലെ വന്‍ പ്രളയത്തെ അനുസ്മരിപ്പിക്കുമാറ് ശക്തമായ മലവെള്ള പാച്ചിലാണുണ്ടായത്. വ്യാഴാഴ്ച്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച മഴയില്‍ ഉച്ചക്ക് രണ്ടു മണിവരെ 179 മില്ലിമീറ്റര്‍ മഴയാണ് ജിദ്ദയില്‍ ലഭിച്ചത്. ജിദ്ദയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം മഴ ലഭിച്ക്കുന്നത്. നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ 2009ലെ പ്രളയത്തില്‍ 90 മില്ലിമീറ്ററാണ് മഴ രേഖപെരുത്തിയിരുന്നത്. ഒരു വര്‍ഷം ശരാശരി ലഭിക്കേണ്ട മഴയാണ് എട്ട് മണിക്കൂറിനകം ജിദ്ദയില്‍ തിമിര്‍ത്തു പെയ്തത് . പേമാരിയില്‍ പെട്ട് രണ്ടു പേര്‍ക്ക് ജീവഹാനി നേരിട്ടെങ്കിലും അധികൃതരുടെ സമയോചിതമായ ഇടപെടലുകളും മുന്നറിയിപ്പും മൂലമാണ് ദുരന്തമുഖത്ത് നിന്ന് ജിദ്ദയിലുള്ളവരെ രക്ഷപെടുത്തിയത് . ജിദ്ദയിലെ അല്‍ജാവേദ് ഡിസ്ട്രിക്ടിലാണ് കൂടുതല്‍ ദുരിതമുണ്ടായത്.
കനത്ത മഴയില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.നഷ്ടം കണക്കാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിവിധ ഗവര്‍മെന്റ് ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററിലാണ് ദുരന്തത്തില്‍ പെട്ടവര്‍ അപേക്ഷിക്കേണ്ടതെന്ന് മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് ഉബൈദ് അല്‍ ബഖ്മി അറിയിച്ചു .
എട്ട് മണിക്കൂര്‍ നീണ്ട മഴ ശമിച്ചതോടെ പ്രളയത്തില്‍ പെട്ട പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും മലവെള്ളപ്പാച്ചിലില്‍ പെട്ട ഭാഗങ്ങളില്‍ വാഹനങ്ങള്‍ ഉള്‍പ്പടെ ഒഴുകിയെത്തിയ വസ്തുക്കളുടെയും മറ്റും കൂമ്പാരങ്ങളാണ്. റോഡിലും മറ്റു ഭാഗങ്ങളിലും അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. അടച്ചിട്ടിരുന്ന ജിദ്ദ മക്ക ഹൈവേ ഗതാഗതത്തിന് തുറന്നു കൊടുത്തതായി അധികൃതര്‍ അറിയിച്ചു. മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് വരുന്നവരും മക്കയിലേക്ക് പോകുന്നവരും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്‍കരുതലുകളെടുക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടച്ചിട്ടിരുന്ന ജിദ്ദ തായിഫ് റോഡും ഇന്നലെ തുറന്നു.
നഗരത്തിന്റെ നല്ലൊരു ഭാഗം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായപ്പോള്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. നിരവധി കാറുകള്‍ ഉള്‍പ്പടെ വാഹനങ്ങള്‍ ഒഴുകിപോയി. ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങി. കോരിച്ചൊരിഞ്ഞ മഴയില്‍ രണ്ട് പേര്‍ക്ക് ജീവഹാനിയും നേരിട്ടു. മരങ്ങള്‍ കടപുഴകി വീണത് മൂലം നിരവധി വാഹനങ്ങളാണ് തകര്‍ന്നത് .
122ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായ 2009ലെ പ്രളയകാലത്തിന് തുല്യമായ അനുഭവങ്ങള്‍ക്കായിരുന്നു ജിദ്ദയിലെ മലയാളികള്‍ വ്യാഴാഴ്ച്ച സാക്ഷ്യം വഹിച്ചത് . പ്രവാസികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് വാഹനങ്ങള്‍ ഒലിച്ചുപോയതുമൂലം നഷ്ടപ്പെടുകയോ റോഡില്‍ വെള്ളത്തില്‍ കുടുങ്ങി കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. പലേടങ്ങളിലും വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ മലയാളികള്‍ തെരുവിലിറങ്ങിയ ദൃശ്യങ്ങള്‍ കാണാമായിരുന്നു. സോഷ്യല്‍ മീഡിയ വഴി ദുരിതം നിറഞ്ഞ കാഴ്ച്ചകള്‍ പൊതുസമൂഹത്തിലേക്ക് നേരിട്ടെത്തിക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അപകടങ്ങളില്‍ പെടാതെ സുരക്ഷിതരാക്കാനും പ്രവാസികള്‍ രംഗത്തുണ്ടായിരുന്നു . ജിദ്ദയിലെ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി നല്‍കിയത് മൂലം ദുരന്ത മുഖത്ത് നിന്ന് വിദ്യാര്‍ത്ഥികളെ സുരക്ഷിതരാക്കി നിര്‍ത്താന്‍ അധികൃതര്‍ക്കായി. ലോകകപ്പ് ഫുട്ബാളിലെ അട്ടിമറി വിജയത്തില്‍ ലഭിച്ച അവധി ആഘോഷിച്ച് പുലര്‍ന്നപ്പോഴാണ് പേമാരിയുടെ വരവ്. കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കായി രാജ്യമൊട്ടുക്കും നിസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. ജിദ്ദയെ കൂടാതെ മക്ക,മദീന, യാമ്പു, തായിഫ് തുടങ്ങിയ നഗരങ്ങളിലും സഊദിയുടെ മറ്റു നഗരങ്ങളിലും കനത്ത മഴ ലഭിച്ചു.