X
    Categories: MoreViews

യു.എസ് കോടതിയില്‍ മകന്റെ ഘാതകന് മാപ്പുനല്‍കി പിതാവ്

കെന്റകി: മകനെ കുത്തിക്കൊന്ന കേസില്‍ തടവറയിലേക്ക് പോകാനിരുന്ന ഘാതകനെ കോടതി മുറിയില്‍ കെട്ടിപ്പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ഞാന്‍ നിനക്ക് മാപ്പ് നല്‍കിയിരിക്കുന്നു. ഇസ്്‌ലാം എന്നെ പഠിപ്പിക്കുന്നത് പൊറുക്കാനാണ്.’ അമേരിക്കയിലെ കെന്റകി കോടതിയിലാണ് കുറ്റവാളിയേയും ജഡ്ജിമാരെയും ഒരുപോലെ കണ്ണീരണിയിച്ച സംഭവം അരങ്ങേറിയത്.

കൊല്ലപ്പെട്ട യുവാവിന്റെ പിതാവില്‍നിന്നുള്ള അപ്രതീക്ഷിത ദയാവായ്പില്‍ കൊലയാളി പൊട്ടിക്കരഞ്ഞു. ഹൃദയഭേദകമായ ആ രംഗത്തിന് സാക്ഷിയായ ജഡ്ജിയും കണ്ണീര്‍പൊഴിച്ചു. ഇതേ തുടര്‍ന്ന് കുറച്ചു സമയത്തേക്ക് കോടതി നടപടികള്‍ തടസ്സപ്പെട്ടു.
2015 ഏപ്രിലില്‍ കൊല്ലപ്പെട്ട സലാഹുദ്ദീന്‍ ജിത്ത്‌മോദിന്റെ പിതാവ് അബ്ദുല്‍ മുനീമാണ് മകന്റെ ഘാതകന് മാപ്പുനല്‍കിയത്. ഓര്‍ഡര്‍ അുസരിച്ച് ഫ്‌ളാറ്റില്‍ ഭക്ഷണം എത്തിക്കലായിരുന്നു പിസ്സ ഹട്ട് ഡെലിവറി ഡ്രൈവറായിരുന്നു സലാഹുദ്ദീന്റെ ജോലി. അന്ന് അവസാനത്തെ പിസ്സയും എത്തിച്ചുകൊടുത്ത് മടങ്ങുന്നതിനിടെ മോഷണത്തിനിരയായി സലാഹുദ്ദീന്‍ കുത്തേറ്റ് മരിച്ചു. കേസില്‍ പ്രതിയായ ട്രെയ് അലക്‌സാണ്ടര്‍ റെല്‍ഫോര്‍ഡിന് കോടതി 31 വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു.

ശിക്ഷാ പ്രഖ്യാപനത്തിനുശേഷം വിചാരണക്കൂട്ടില്‍ നിന്ന് ഇറങ്ങുമ്പോഴാണ് അബ്ദുല്‍ മുനീം ഘാതകനെ വാരിപ്പുണര്‍ന്നത്. ‘മകന്‍ സലാഹുദ്ദീന്റെ പേരിലും അവന്‍ മരിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് മരിച്ച അവന്റെ ഉമ്മയുടെ പേരിലും ഞാന്‍ നിനക്ക് പൊറുത്തുതന്നിരിക്കുന്നു. എന്റെ മതമായ ഇസ്്‌ലാം പൊറുക്കാനാണ് പഠിപ്പിക്കുന്നത്. നിന്നെ ഞാന്‍ കുറ്റം പറയില്ല. കുറ്റകൃത്യത്തിന് നിന്നെ പ്രേരിപ്പിച്ച പിശാചിനോടാണ് എനിക്ക് വിരോധം’-അദ്ദേഹം റെല്‍ഫോര്‍ഡിനോട് പറഞ്ഞു. തുടര്‍ന്ന് സലാഹുദ്ദീന്റെയും റെല്‍ഫോര്‍ഡിന്റെയും ബന്ധുക്കളും രക്ഷിതാക്കളും പരസ്പരം ആശ്ലേഷിക്കുന്ന രംഗത്തിനും കോടതി സാക്ഷിയായി. മോഷണത്തിന് പദ്ധതിയിട്ടത് താനാണെങ്കിലും കൊലപാതകം നടത്തിയത് താനല്ലെന്ന് റെല്‍ഫോര്‍ഡ് കോടതിയില്‍ പറഞ്ഞു. തായ്‌ലാന്റുകാരനായ അബ്ദുല്‍ മുനീം അമേരിക്കയില്‍ നിരവധി ഇസ്്‌ലാമിക് സ്‌കൂളുകളുടെ പ്രിന്‍സിപ്പലായി സേവനമനുഷഠ്ിച്ചിരുന്നു. മാസങ്ങള്‍ക്കുമുമ്പാണ് അദ്ദേഹം മിസ്സോറി സ്‌കൂളില്‍നിന്ന് വിരമിച്ചത്.

chandrika: