കൊണ്ടോട്ടി: ലോകസഞ്ചാരി മൊയ്തു കിഴിശേരി മരണപ്പെട്ടു. 61 വയസായിരുന്നു. മലയാളത്തിലെ സഞ്ചാര സാഹിത്യകാരനായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി സഞ്ചാര സാഹിത്യങ്ങള്‍ രചിച്ചിട്ടുണ്ട്.
പത്താം വയസില്‍ 50 രൂപയുമായി വീടുവിട്ടിറങ്ങിയ യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. തുടര്‍ന്ന് 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങളോളം സഞ്ചരിച്ചു. വിസയും പാസ്‌പോര്‍ട്ടും ഇല്ലാതെ 24 രാജ്യങ്ങളിലേക്കാണ് ഇദ്ദേഹം നുഴഞ്ഞുകയറിയത്. ഇതിനിടയില്‍ 20 ഭാഷകളും പഠിച്ചു. ഇതിനിടയില്‍ ഇറാനില്‍ സൈനിക സേവനം നടത്തി. ഇറാഖില്‍ ചാരവൃത്തിയും അഫ്ഗാന്‍ മലനിരകളില്‍ ഗറില്ലാ പോരാട്ടങ്ങളിലും ഏര്‍പെട്ടു. ഇറാന്‍ ഇറാഖ് യുദ്ധത്തില്‍ ഇറാന്‍ സൈനികനായി സേവനമനുഷ്ഠിച്ചു. 1980ല്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടെ റിപ്പോര്‍ട്ടറുമായി.
വിഭജന കാലത്ത് പാകിസ്ഥാനിലേക്കു കടന്ന മൊയ്തുവിന്റെ പിതാവ് പിന്നീട് മക്കയില്‍ പോയി കച്ചവടം നടത്തി. തുടര്‍ന്ന് നഷ്ടത്തിലായ സമ്പാദിച്ചതെല്ലാം വിറ്റ് അദ്ദേഹം നാട്ടിലെത്തി. ഇതോടെ മുഴുപ്പട്ടിണിയിലായ കുടുംബം മൊയ്തുവിനെ പള്ളി ദര്‍സില്‍ കൊണ്ടു പോയി ചേര്‍ത്തുകയായിരുന്നു. നാലാം ക്ലാസ് പഠനം നിര്‍ത്തിയാണ് പൊന്നാനി പള്ളി ദര്‍സില്‍ കൊണ്ടക്കിയത്. ഇവിടെ വച്ച് ഇബ്‌നു ബത്തൂത്തയുടെ സഞ്ചാര കൃതി വായിച്ച് അതില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് നാടുവിടുകയായിരുന്നു.
പത്താം വയസു മുതല്‍ കള്ളവണ്ടി കയറിയും മറ്റും ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങി. പിന്നീട് 17ാം വയസില്‍ ലോകം ചുറ്റി സഞ്ചരിക്കുകയായിരുന്നു.
1959ല്‍ ഇല്യന്‍ അഹമ്മദ് കുട്ടി ഹാജിയുടെയും കദിയക്കുട്ടിയുടെയും മകനായി കിഴിശേരിയിലാണ് ജനനം. യാത്രകള്‍ക്കിടയില്‍ ശേഖരിച്ച പുരാവസ്തുക്കളുടെ ഒരു വന്‍ ശേഖരം തന്നെ അദ്ദേഹത്തിന്റെ കിഴിശേരിയിലെ വീട്ടിലുണ്ട്.
ദൂര്‍ കെ മുസാഫിര്‍, തുര്‍ക്കിയിലേക്കൊരു സാഹസികയാത്ര, സൂഫികളുടെ നാട്ടില്‍, ലിവിംഗ് ഓണ്‍ ദ എഡ്ജ്, ദര്‍ദേ ജൂദാഈ തുടങ്ങിയവയാണ് പ്രധാ കൃതികള്‍.
ഭാര്യ: സഫിയ. മക്കള്‍: നാദിര്‍ഷാന്‍, സജ്‌ന.