ടെഹ്‌റാന്‍: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്‌രിസാദയെ കൊന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിര്‍മിത ബുദ്ധി (ആര്‍ടിഫിഷ്യന്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ച സാറ്റലൈറ്റ് നിയന്ത്രിത മെഷിന്‍ഗണ്‍ കൊണ്ടാണ് ഇദ്ദേഹത്തെ വെടിവച്ചു കൊന്നത് എന്നാണ് ഇറാന്‍ വെളിപ്പെടുത്തിയത്. നിര്‍മിത ബുദ്ധി സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് ശാസ്ത്രജ്ഞര്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ഇത്തരത്തില്‍ ആക്രമണം ഉണ്ടായിട്ടുള്ളത്.
നവംബര്‍ 27ന് ടെഹ്‌റാനില്‍ വച്ചാണ് ഇറാന്റെ ആണവ ഗവേഷണത്തിന്റെ ബുദ്ധികേന്ദ്രവും ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച മേധാവിയുമായ ഫഖ്‌രിസാദയെ വെടിവച്ചു കൊന്നത്. കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണ് എന്നാണ് ഇറാന്‍ ആരോപിക്കുന്നത്.
ഒരു പിക്ക്അപ് ട്രക്കില്‍ ഉറപ്പിച്ച നിലയിലായിരുന്നു മെഷിന്‍ ഗണ്‍. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഫഖ്‌രിസാദയ്ക്ക് മാത്രമാണ് വെടിയേറ്റത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് ഒരപകടവും സംഭവിച്ചില്ല എന്നും റവല്യൂഷനറില ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ അലി ഫദാവി പറയുന്നു.
കൊല്ലപ്പെട്ടത് എങ്ങനെ?
അബ്‌സാര്‍ദ് നഗരത്തിലൂടെ കാറില്‍ സഞ്ചരിക്കവെയാണ് ഫഖ്‌രിസാദയ്ക്ക് നേരെ വെടിവയ്പ്പുണ്ടായത്. ആക്രമണം നടന്ന വേളയില്‍ ശാസ്ത്രജ്ഞന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ആയുധധാരികളും തമ്മില്‍ വെടിവയ്പ്പ് നടന്നതായി നേരത്തെ പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നു.
സുരക്ഷാ സേനയുടെ തിരിച്ചടിയില്‍ നാലു ഭീകരവാദികള്‍ കൊല്ലപ്പെട്ടു എന്ന് ഒരു ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥലത്ത് ഒരു നിസാന്‍ പിക്ക്അപ് വാന്‍ പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഫഖ്‌രിസാദയുടെ അന്ത്യചടങ്ങുകളില്‍ ഇറാന്‍ സുപ്രിം നാഷണല്‍ അതോറിറ്റി കൗണ്‍സില്‍ മേധാവി നടത്തിയ പ്രസംഗത്തില്‍ ശാസ്ത്രജ്ഞനെ പ്രത്യേക മാര്‍ഗവും ഇലക്ട്രോണിക് ആയുധവും ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
ഫഖ്‌രിസാദയെ മാത്രം ലക്ഷ്യം വച്ചായിരുന്നു പദ്ധതിയെന്ന് റവല്യൂഷറില്‍ ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ ഫദാവി പറയുന്നു. നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് ശാസ്ത്രജ്ഞനു നേരെ സൂം ചെയ്തത്. പത്ത് ഇഞ്ചു മാത്രം അകലെ ആയിരുന്ന ഭാര്യക്ക് പരിക്കൊന്നും ഏറ്റില്ല. സ്ഥലത്ത് മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നില്ല. മൊത്തം 13 വെടിയുണ്ടകളാണ് ഉതിര്‍ത്തത്. എല്ലാം നിസാന്‍ വാനില്‍ നിന്നായിരുന്നു. നാലു ബുള്ളറ്റുകള്‍ കൊണ്ടത് ഫഖ്‌രിസാദയുടെ തലയിലാണ്.
സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സുരക്ഷാ സേനയോട് ജാഗ്രതയോടെയിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഇസ്രയേല്‍ പബ്ലിക് റേഡിയോ വ്യക്തമാക്കി. മധ്യേഷ്യയിലേക്ക് പോകുന്ന സ്വന്തം പൗരന്മാര്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിര്‍മിത ബുദ്ധി കൊണ്ടുള്ള ആക്രമണം
നിര്‍മിത ബുദ്ധി സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്നതിലെ അപകടം നേരത്തെ തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്തരിച്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ നേതൃത്വത്തില്‍ ആയിരം ശാസ്ത്രജ്ഞര്‍ നിര്‍മിത ബുദ്ധി സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് തുറന്ന കത്ത് എഴുതിയിരുന്നു.
ഇത്തരം ആയുധങ്ങള്‍ ആക്രമണത്തിന് ഉപയോഗിക്കുന്നത് അചിന്തനീയമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നാണ് ക്യാംപയിന്‍ എഗൈന്‍സ്റ്റ് കില്ലര്‍ റോബോര്‍ട്ട്‌സ് അംഗം പ്രൊഫസര്‍ നോയല്‍ ഷാര്‍കി പറയുന്നത്.