X

മോഹന്‍ലാല്‍ ഈ മാസം ബ്ലോഗ് എഴുതില്ല; കാരണം ഇതാണ്

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ് എഴുത്ത് എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. കൃത്യതയോടെ എല്ലാമാസവും ബ്ലോഗ് എഴുതാന്‍ അദ്ദേഹം ശ്രദ്ധിക്കാറുമുണ്ട്. വാദപ്രതിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നതായിരുന്നു ലാലിന്റെ ബ്ലോഗെഴുത്തില്‍ മിക്കവയും. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് എഴുതിയ ബ്ലോഗാണ് ഏറ്റവും ഒടുവില്‍ ഏറെ ചര്‍ച്ചാവിഷയമായത്. എന്നാല്‍ ഇത്തവണ ലാല്‍ ആരാധകരെ നിരാശപ്പെടുത്തുന്ന കുറിപ്പാണ് ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത്. ബ്ലോഗ് എഴുതില്ലെന്ന ലാലിന്റെ സന്ദേശമാണ് ആരാധക ലക്ഷങ്ങളെ നിരാശപ്പെടുത്തിയിരിക്കുന്നത്. എല്ലാ മാസവും ഇരുപത്തിയൊന്നാം തിയതിയാണ് ലാല്‍ ബ്ലോഗ് എഴുതാറുള്ളത്. എന്നാല്‍ ഇന്നലെ ആകാംക്ഷയോടെ ബ്ലോഗിലെത്തിയവര്‍ക്ക് നിരാശയായിരുന്നു ഫലം. ചില യാത്രകളുമായി താന്‍ തിരക്കിലായതിനാല്‍ ഇത്തവണ ബ്ലോഗ് എഴുതുന്നില്ലെന്നായിരുന്നു കുറിപ്പ്. എന്നാല്‍ അടുത്ത മാസം ബ്ലോഗെഴുത്ത് തുടരുമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്.

 

ബിവറേജസിലും തിയറ്ററുകളിലും ആരാധനാലയങ്ങളിലും ക്യൂ നില്‍ക്കുന്നവര്‍ക്ക് നല്ല കാര്യത്തിനു വേണ്ടി, രാജ്യത്തിനു വേണ്ടി അല്‍പമെങ്കിലും ക്യൂ നിന്നാല്‍ കുഴപ്പമില്ലെന്നായിരുന്നു മോഹന്‍ലാല്‍ ഏറ്റവും ഒടുവില്‍ എഴുതിയത്. സമൂഹമാധ്യമങ്ങളിലും മറ്റും ലാലിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പണം പിന്‍വലിക്കാന്‍ വരി നില്‍ക്കുന്നതിനെ ബിവറേജസില്‍ ക്യൂ നില്‍ക്കുന്നതിനോട് ഉപമിച്ചുവെന്നാരോപിച്ചായിരുന്നു ലാലിനെതിരെ പ്രതിഷേധമുയര്‍ന്നത്. താരത്തെ അനുകലിച്ചും ചിലര്‍ രംഗത്ത് വന്നിരുന്നു. നേരത്തെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയപ്പോള്‍ ഇന്ത്യ മരിച്ചിട്ട് നാം എന്തിന് ജീവിക്കണമെന്ന ബ്ലോഗും വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.

chandrika: