ചെന്നൈ: ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ മൊത്തവ്യാപാര കേന്ദ്രത്തില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വന്‍ വെട്ടിപ്പ്. ഇതുവരെ കണ്ടെത്തിയ അധികൃത സ്വത്തിന്റെ മൂല്യം അഞ്ഞൂറ് കോടി കടന്നു. ഇന്ത്യയിലെ പ്രമുഖ തങ്കകട്ടി കച്ചവടക്കാരായ മോഹന്‍ലാല്‍ ജ്വല്ലേഴ്‌സിന്റെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. 814 കിലോ രേഖകളില്ലാത്ത സ്വര്‍ണമാണ് പിടികൂടിയത്.
രാജ്യത്തേക്കുള്ള സ്വര്‍ണവരവിന് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രമുഖനും മൊത്ത വ്യാപാരിയുമായ മോഹന്‍ലാല്‍ ജ്വല്ലേഴ്‌സിലാണു കഴിഞ്ഞ രണ്ടു ദിവസമായി ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. രേഖകളില്‍ കാണിച്ചതിന്റെ ഇത്രയോ ഇരട്ടി സ്വര്‍ണം പിടിച്ചെടുത്തു. കൂടാതെ രേഖകളില്ലാതെ സ്വര്‍ണം വിറ്റതിന്റെ നിരവധി തെളിവുകളും സംഘം കണ്ടെടുത്തു. ചെന്നൈയിലെ ആസ്ഥാനത്തിനു പുറമെ മുംബൈ, കൊല്‍ക്കത്ത, കോയമ്പത്തൂര്‍ , സേലം, തിരുച്ചിറപ്പള്ളി, മധുര,തിരുനല്‍വേലി എന്നിവിടങ്ങളിലെ ഓഫീസുകളിലും ജ്വല്ലറികളിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്. ചെന്നൈയിലെ ഓഫീസിലെ കമ്പ്യൂട്ടറില്‍ കഴിഞ്ഞ വര്‍ഷം 102 കോടി രൂപയുടെ ഇടപാട് നടന്നതായാണ് കാണിക്കുന്നത്.
സൈബര്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ രേഖകളില്‍ കാണിക്കാതെ നടത്തിയ ഇടപാടിന്റെ തെളിവുകള്‍ കമ്പ്യൂട്ടറില്‍ കണ്ടെത്തി. ഇത് നൂറു കോടിക്കു മുകളില്‍ വരും. കൂടാതെ വിവിധയിടങ്ങളില്‍ നിന്നായി റജിസ്റ്ററിലില്ലാത്ത 814 കിലോ സ്വര്‍ണം കൂടി കണ്ടെടുത്തു. ഇവയ്ക്കു നാനൂറ് കോടി രൂപ മൂല്യം വരുമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകൂട്ടല്‍. ബിസിനസ് ഇടപാടുകളുടെ ഭാഗമായുള്ള സ്വര്‍ണമാണെന്നും ഇതു സാധാരണ കണക്കില്‍ പെടുമോയെന്നതു വിശദമായ പരിശോധനകള്‍ക്കു ശേഷമേ പറയാന്‍ കഴിയൂവെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.