X

വീണ്ടും ബ്ലോഗെഴുത്തുമായി മോഹന്‍ലാല്‍; ‘തനിക്ക് എങ്ങോട്ടും ചായ്‌വുകളില്ല’

തിരുവനന്തപുരം: സമകാലികവിഷയങ്ങളില്‍ ബ്ലോഗെഴുത്തിലൂടെ നടത്തിയ പ്രതികരണങ്ങളില്‍ വിമര്‍ശിച്ചവരോട് ബ്ലോഗിലൂടെത്തന്നെ മറുപടി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. ഏതെങ്കിലും പക്ഷത്തേക്ക് ചാഞ്ഞുനിന്നുള്ളവയല്ല തന്റെ പ്രതികരണങ്ങളെന്നും വ്യാഖ്യാനിക്കുന്നവരാണ് അവയെ അങ്ങനെ മാറ്റിത്തീര്‍ക്കുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. വിയറ്റ്‌നാം യുദ്ധത്തില്‍ കഷ്ടതകള്‍ അനുഭവിച്ച എഴുത്തുകാരന്‍ തിച്ച് നാതിന്റെ ‘അറ്റ് ഹോം ഇന്‍ ദി വേള്‍ഡ്’ എന്ന പുസ്തകത്തിന്റെ വായനാനുഭവത്തിനൊപ്പമാണ് മോഹന്‍ലാല്‍ അടുത്തകാലത്ത് തന്റെ അഭിപ്രായപ്രകടനങ്ങള്‍ വിമര്‍ശിക്കപ്പെട്ടതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

 

ലാലിന്റെ ബ്ലോഗ് ഇങ്ങനെ- വിയറ്റ്‌നാമീസ് എഴുത്തുകാരന്‍ തിച്ച് നാത് ഹാനിന്റെ ‘അറ്റ് ഹോം ഇന്‍ ദി വേള്‍ഡ്’ എന്ന പുസ്തകത്തില്‍ ‘ഐ ആം ഫ്രം ദി സെന്റര്‍’ എന്നപേരില്‍ ഒരു അനുഭവക്കുറിപ്പുണ്ട്. യുദ്ധകാലത്ത് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന അവസ്ഥയാണ് അതില്‍ പറയുന്നത്. ഫിലാഡല്‍ഫിയയില്‍വെച്ച് ഒരു പത്രറിപ്പോര്‍ട്ടര്‍ ഹാനിനോട് ചോദിക്കുന്നുണ്ട്. താങ്കള്‍ തെക്കന്‍ വിയറ്റ്‌നാമില്‍ നിന്നാണോ വടക്കന്‍ വിയറ്റ്‌നാമില്‍ നിന്നാണോ? വടക്കുനിന്നാണെങ്കില്‍ അമേരിക്കന്‍ വിരുദ്ധനായ കമ്യൂണിസ്റ്റായിരിക്കും, തെക്കുനിന്നാണെങ്കില്‍ കമ്യൂണിസ്റ്റ് വിരുദ്ധനും. അതിന് അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു.

താനൊരു മധ്യമ മനുഷ്യനാണ് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇതും എന്നെ ഏറെ സ്പര്‍ശിച്ചു. ഞാനും ഏതാണ്ട് ഇതേ ചിന്താധാരയിലുള്ള ഒരാളാണ് എന്ന് വിശ്വസിക്കുന്നു.
എന്റെ അഭിനയം, എന്റെ ചിന്തകള്‍, പ്രവൃത്തികള്‍, എല്ലാം ഒരുപരിധിവരെ ഇത്തരത്തിലുള്ളതാണ്. ഞാന്‍ ബ്ലോഗുകള്‍ എഴുതാന്‍ തുടങ്ങിയതില്‍പ്പിന്നെ പല വിഷയങ്ങളിലും അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഞാന്‍ എന്ന മനുഷ്യന്‍ മധ്യത്തില്‍ നിന്നാണ് എഴുതിയത്. എന്നാല്‍ പലരും അത് പല തരത്തിലാണ് എടുത്തത്.

ഞാനെന്ന മനുഷ്യന്‍ എപ്പോഴും നടുവിലാണ് നില്‍ക്കുന്നത്. എങ്ങോട്ടും ചായ്‌വുകളില്ലാതെ, എന്റെ അഭിപ്രായങ്ങള്‍ ആളുകള്‍ അവര്‍ക്കാവശ്യമുള്ള തരത്തില്‍ വ്യാഖ്യാനിക്കുന്നു. എന്നെ അഭിനന്ദിക്കുന്നു. എന്നോട് കലഹിക്കുന്നു. എന്നെ ചീത്ത വിളിക്കുന്നു. അപ്പോഴും ഞാന്‍ തിച്ച് നാത് ഹാന്‍ നിന്നതുപോലെ എന്റെ ഉള്ളകത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഉറച്ച് ഒരു കാറ്റിലുമിളകാതെ നില്‍ക്കുന്നു. അതുകൊണ്ട് ഒന്നും എന്നെ ബാധിക്കുന്നില്ല. എല്ലാം കടന്നുപോകും, ശാന്തമായിത്തന്നെ.

chandrika: