കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അടുത്ത പ്രസിഡന്റ് നടന്‍ മോഹന്‍ലാല്‍ ആകുമെന്ന പ്രചാരണത്തോട് പ്രതികരിച്ച് ഇടവേള ബാബു. ഈ മാസം 24-നാണ് അമ്മയുടെ ജനറല്‍ ബോഡി യോഗം നടക്കുന്നത്. യോഗത്തില്‍ മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും. നിലവില്‍ ഇന്നസെന്റാണ് അമ്മയുടെ പ്രസിഡന്റ്.
വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അമ്മയുടെ ഭാരവാഹികളെ വീണ്ടും തെരഞ്ഞെടുക്കുന്നത്. സ്ഥാനമൊഴിയുമെന്നും ഇനി പ്രസിഡന്റ് പദത്തിലേക്കുണ്ടാകില്ലെന്നും ഇന്നസെന്റ് നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിനിടയിലാണ് മോഹന്‍ലാല്‍ പ്രസിഡന്റാവുമെന്ന വാര്‍ത്ത പുറത്തുവരുന്നത്. വൈസ് പ്രസിഡന്റായ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത് എല്ലാവര്‍ക്കും സ്വീകാര്യമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനോട് പ്രതികരിച്ച് ഇടവേള ബാബു രംഗത്തെത്തി.
പുതിയ ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ഇടവേള ബാബു പറഞ്ഞു. എല്ലാ മൂന്നുവര്‍ഷവും കൂടുമ്പോഴും തെരഞ്ഞെടുപ്പ് നടക്കാറുണ്ട്. ഈ വര്‍ഷവും ജൂണിലെ അവസാനത്തെ ഞായറാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കും. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരാണ് മത്സരിക്കുന്നതിനെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല. മാധ്യമങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നതെന്ന് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞു.
അതേസമയം, സംഘനടയില്‍ വലിയ അഴിച്ചുപണിയൊന്നുമുണ്ടാവില്ലെന്നാണ് വിവരം. യുവാക്കള്‍ മുന്‍നിരയിലേക്ക് ഉണ്ടാവില്ലെന്നും സീനിയര്‍ താരങ്ങള്‍ തന്നെയാകും മുന്‍നിരയിലെന്നും വിവരമുണ്ട്. വനിതകള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്.