യുവതാരങ്ങളെക്കൊണ്ട് സമ്പന്നമാണ് ഇന്ന് മലയാള സിനിമ. പൃഥ്വിരാജ്, നിവിന്‍പോളി, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ജയസൂര്യ, ഫഹദ്, ടോവിനോ തുടങ്ങി ഒട്ടേറെ യുവതാരങ്ങള്‍ സിനിമയില്‍ തിളങ്ങുന്നുണ്ട്. മോഹന്‍ലാലിനും മമ്മുട്ടിക്കും ശേഷം ഒരു സൂപ്പര്‍താര പദവിയിലേക്ക് ഏത് താരമെത്തും എന്നുള്ളത് സിനിമാസ്വാദകരുടെ ആകാംക്ഷയാണ്. ഒരു ചാനലില്‍ നടന്ന പരിപാടിക്കിടെയാണ് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിനോട് ആരായിരിക്കും പിന്‍ഗാമിയെന്ന ചോദ്യമെത്തുന്നത്. നടി മീരാനന്ദനായിരുന്നു ചോദ്യത്തിന് പിറകില്‍. പൃഥ്വിരാജ്, ദുല്‍ഖര്‍, നിവിന്‍പോളി ഇവരില്‍ ആരായിരിക്കും ലാലേട്ടന്റെ പിന്‍ഗാമിയെന്നായിരുന്നു ചോദ്യം. ഏറെ ആകാംക്ഷയോടെ മറുപടി കാത്തുനിന്ന പ്രേക്ഷകര്‍ക്ക് മോഹന്‍ലാല്‍ നല്‍കിയത് രസകരമായ ഉത്തരമായിരുന്നു. ‘ദുല്‍ഖര്‍, രാജ്,പോളി’ എന്നായിരുന്നു മറുപടി. എല്ലാവരും നമ്മുടെ കുട്ടികളല്ലേ, എല്ലാവരും നന്നാവുമ്പോഴല്ലേ നമുക്ക് സന്തോഷം എന്നും മോഹന്‍ലാല്‍ തുടര്‍ന്ന് പറഞ്ഞു. ഇന്ത്യന്‍ സിനിമയിലെ ആരുടെയെങ്കിലും പിന്‍ഗാമിയാണ് ലാലേട്ടന്‍ എന്ന് തോന്നിയിട്ടുണ്ടോ എന്ന മീരാനന്ദന്റെ ചോദ്യത്തിനും ഇല്ല എന്നായിരുന്നു ലാലേട്ടന്റെ ഉത്തരം. എന്തായാലും മോഹന്‍ലാലിന്റെ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.