‘മോനേ മോഹന്‍ലാലേ, എനിക്ക് ഭയങ്കര ഇഷ്ടവാ, ഇവിടെ നൂറ് അമ്മമാരുണ്ട്, വരുവോ ഒന്ന് കാണാന്‍, തിരുവനന്തപുരത്ത് വീട്ടില്‍ വരുമ്പോള്‍ ഒന്ന് വന്നുകാണുവോ’.. മാതൃത്വത്തിന്റെ സ്നേഹവും വാല്‍സല്യവും നിറഞ്ഞ ആ വിളിയെത്തിയത് തിരുവനന്തപുരം ശ്രീകാര്യത്ത് കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ വിശ്രാന്തിഭവന്‍ എന്ന അമ്മക്കിളിക്കൂട്ടില്‍ നിന്നായിരുന്നു. മലയാളത്തിലെ മഹാനടന്‍ ലാലിനെ കാണാന്‍ ഇവിടത്തെ സുഭദ്രാമ്മ ആഗ്രഹം പ്രകടിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലാണ് അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ലാല്‍ എത്തുമോയെന്ന ആകാംക്ഷയിലായിരുന്നു എല്ലാവരും. ആ അമ്മമാരുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കുമെന്നും അമ്മയെന്നാല്‍ ജീവനാണെന്ന് എപ്പോഴും പറയുന്ന ലാല്‍ എത്തുമെന്നും അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു. ഒടുവില്‍ ലാല്‍ ആ അമ്മമാരെ കാണാന്‍ അമ്മക്കിളിക്കൂടിലെത്തി. മകനായി കണ്ട് തന്നെ കാണണമെന്ന് ആഗ്രഹിച്ച സുഭദ്രമാമ്മയെ കാണാന്‍ ചിത്രീകരണത്തിരക്കുകളില്‍ നിന്നായിരുന്നു ലാലിന്റെ വരവ്
ഫേസ്ബുക്കിലും വാട്‌സാപ്പിലുമായി പ്രചരിച്ച വീഡിയോ കണ്ടാണ് മോഹന്‍ലാല്‍ സുഭദ്രാമ്മയും നൂറോളം അമ്മമാരും തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് മനസിലാക്കിയത്. ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘വില്ലന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അവധിയെടുത്ത് ഞായറാഴ്ച രാവിലെ സുഹൃത്ത് സനല്‍കുമാറിനൊപ്പം മോഹന്‍ലാല്‍ സുഭദ്രാമ്മയുടെ അരികിലെത്തുകയായിരുന്നു. കാരുണ്യവിശ്രാന്തിയിലെ മറ്റ് അമ്മമാര്‍ക്കൊപ്പവും മോഹന്‍ലാല്‍ ഒരു മണിക്കൂറിലേറെ ചെലവഴിച്ചു.
ഇതിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആരാധകര്‍പോലും അറിഞ്ഞത്. ‘എന്നെ കാണാന്‍ വരുവോ എന്ന് ചോദിച്ചില്ലേ, എത്ര വയസ്സായി അമ്മക്ക്’ എന്നായിരുന്നു സുഭദ്രാമ്മയെ കണ്ടപ്പോള്‍ മോഹന്‍ലാലിന്റെ ചോദ്യം. സുഭദ്രാമ്മക്ക് സ്‌നേഹ ഉമ്മ നല്‍കിയാണ് മോഹന്‍ലാല്‍ മടങ്ങിയത്. അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായതിന്റെ സന്തോഷവും ലാല്‍ പങ്കുവെച്ചു. 17 വര്‍ഷമായി ക്യാന്‍സര്‍ ബാധിതയായി അമ്മക്കിളിക്കൂട്ടില്‍ കഴിയുന്ന സുഭദ്രാമ്മക്ക് മക്കളോ കുടുംബമോ ഇല്ല. ഒരേ ഒരു വട്ടം മോഹന്‍ലാലിനെ കണ്ടാല്‍ മതിയെന്ന ആഗ്രഹമറിയിച്ച സുഭദ്രാമ്മയോട് വിശേഷങ്ങള്‍ തിരക്കുകയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്താണ് ലാല്‍ മടങ്ങിയത്. അമ്മയുടെ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നുള്ള ചിത്രം മോഹന്‍ലാലിന്റെ ഫേസ്ബുക്കിലെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്.