ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാക്കള്‍ ബി.എസ്.പിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ദളിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി. ബി.ജെ.പി നേതാവും അകാലിയിലെ മുന്‍ എം.എല്‍.എയുമായ ചൗധരി മോഹന്‍ ലാല്‍ ബാംഗ്കയാണ് ബി.എസ്.പിയിലേക്ക് ചേക്കേറിയത്.
ബി.ജെ.പി നേതാവ് ചൗധരി സ്വര്‍ണ റാമിന്റെ മൂത്ത മകന്‍ കൂടിയാണ് മോഹന്‍ ലാല്‍ ബാംഗ്ക. ഇന്നലെ രാത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം പാര്‍ട്ടി മാറ്റം പ്രഖ്യാപിച്ചത്.
മോഹന്‍ ലാലിനു പുറമെ ബ്ലോക് സമിതി ചെയര്‍മാന്‍ ബല്‍വീന്ദര്‍ റാം, ബ്ലോക്ക് സമിതി അംഗം ജശ്വീന്ദര്‍ കൗര്‍, സുരീന്ദര്‍ സിങ് എന്നിവരും ബി.എസ്.പിയില്‍ ചേര്‍ന്നു. ബി.എസ്.പി നേതാക്കളായ മേഘ്‌രാജ് സിങ്, എം.എല്‍ ടോമര്‍, രാശ്പാല്‍ സിങ് രാജു എന്നിവര്‍ ചേര്‍ന്ന് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു.
മോദി സര്‍ക്കാറിന്റെ ദളിത് വിരുദ്ധതയിലും പാവപ്പെട്ടവര്‍ക്കെതിരായ നടപടികളിലും ഏറെ അതൃപ്തിയുണ്ടെന്നും അതാണ് രാജിക്കു കാരണമായതെന്നും മോഹന്‍ ലാല്‍ പറഞ്ഞു. മോദി സര്‍ക്കാറിനുവേണ്ടി എസ്.സി/എസ്.ടി നിയമം ദുര്‍ബലപ്പെടുത്തിയതാണ് ദളിത് വിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദളിതനായതിന്റെ പേരില്‍ ബി.ജെ.പിയില്‍ നിന്നും യു.പി സര്‍ക്കാറില്‍ നിന്നും വിവേചനം നേരിടുന്നു എന്നാരോപിച്ച് യു.പിയിലെ ദളിത് എം.പി കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാനായി ചെല്ലുമ്പോള്‍ അദ്ദേഹം അവഗണിക്കുന്നു എന്നു പറഞ്ഞ് എം.പിയായ ഛോട്ട ലാല്‍ ഖര്‍വറാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.