ഡല്‍ഹി: ഹിന്ദുക്കളുടെ മേധാവിത്വം അംഗീകരിച്ചാല്‍ മാത്രമേ മുസ്‌ലിംങ്ങള്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ സാധിക്കുകയൂള്ളുവെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ‘നമ്മുടെ ഭരണഘടന ഹിന്ദുക്കള്‍ക്ക് മാത്രമേ ഇവിടെ താമസിക്കാന്‍ കഴിയൂ എന്ന് പറഞ്ഞിട്ടില്ല; ഇനിമുതല്‍ ഹിന്ദുക്കളുടെ ശബ്ദം മാത്രമേ ഇവിടെ കേള്‍ക്കൂ; നിങ്ങള്‍ക്ക് ഇവിടെ താമസിക്കണമെങ്കില്‍ ഹിന്ദുക്കളുടെ ശ്രേഷ്ഠത അംഗീകരിക്കണം. ഞങ്ങള്‍ അവര്‍ക്കായി ഒരു ഇടം സൃഷ്ടിച്ചു. ഇതാണ് നമ്മുടെ രാജ്യത്തിന്റെ സ്വഭാവം, ആ അന്തര്‍ലീന സ്വഭാവത്തെ ഹിന്ദു എന്ന് വിളിക്കുന്നു,’ മോഹന്‍ ഭാഗവത് പറഞ്ഞു.
‘ഈ രാജ്യത്തെ ജനങ്ങളുടെ മനോവീര്യം, മൂല്യങ്ങള്‍ എന്നിവ തകര്‍ക്കുന്നതിനാണ് ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടത് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ഹിന്ദു സമൂഹം പണ്ടേ ആഗ്രഹിച്ചിരുന്നത്. ഞങ്ങളുടെ ജീവിതം ദുഷിപ്പിക്കപ്പെട്ടു, ഞങ്ങളുടെ ക്ഷേത്രം നശിപ്പിച്ചുകൊണ്ട് ഞങ്ങള്‍ അപമാനിക്കപ്പെട്ടു. അനുയോജ്യമായ ശ്രീരാമ ക്ഷേത്രം പുനര്‍നിര്‍മിക്കാനും മെച്ചപ്പെടുത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതിനാലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഒരു രാജ്യത്തെ ജനങ്ങളെ ഭരിച്ച ഒരു വിദേശ മതം ഇപ്പോഴും അവിടെ നിലനില്‍ക്കുന്നത് ലോകത്ത് മറ്റെവിടെയെങ്കിലും കാണാനാകുമോ എന്നും മോഹന്‍ ഭാഗവത് ചോദിച്ചു. ലോകത്ത് ഏറ്റവും തൃപ്തരായിട്ടുള്ളവര്‍ ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ആണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു.