ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെ വിമര്‍ശിച്ച് ആത്മീയ നേതാവ് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. ക്ഷേത്രപള്ളിതര്‍ക്കത്തിലെ ഭാഗവതിന്റെ പ്രസ്താവനയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മോഹന്‍ ഭാഗവതിന് ഹിന്ദുക്കളുടെ വേദന അറിയില്ലെന്ന് ശങ്കരാചാര്യര്‍ പറഞ്ഞു.
നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നത് സത്യമാണ്. മോഹന്‍ഭാഗവതിന് ഹിന്ദുക്കളുടെ വേദന അറിയില്ല. അത് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമാണ്. ഹിന്ദുക്കളുടെ ദുഃഖം ഭാഗവത് മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ഥ്യമായതോടെ, സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരേണ്ടതില്ലെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസംഗം. രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കം എല്ലായിടത്തും ഉയര്‍ത്തേണ്ടതില്ല. ഇത്തരമൊരു ട്രെന്‍ഡ് അംഗീകരിക്കാനാവില്ലെന്നും ഭാഗവത് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.
‘മുന്‍കാലങ്ങളില്‍ സംഭവിച്ച തെറ്റുകളില്‍ നിന്ന് ഭാരതീയര്‍ പാഠം പഠിക്കുകയും ലോകത്തിന് മുന്നില്‍ രാജ്യത്തെ മാതൃകയാക്കാന്‍ ശ്രമിക്കുകയും വേണം. രാമക്ഷേത്രം വിശ്വാസത്തിന്റെ കാര്യമായിരുന്നു. എന്നാല്‍ മറ്റ് പലയിടങ്ങളിലും പുതിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വിദ്വേഷമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല’ വിശ്വ ഗുരു ഭാരത് എന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി പൂനയില്‍ സംസാരിക്കുന്നതിനിടെ മോഹന്‍ ഭാഗവത് പറഞ്ഞു.