X

‘റോഹിന്‍ഗ്യകള്‍ ബാധ്യതയാകും,കേരളം ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം’; പ്രകോപന പരാമര്‍ശവുമായി വീണ്ടും മോഹന്‍ ഭാഗവത്;

ന്യൂഡല്‍ഹി: പ്രകോപനപരമായ പ്രസംഗവുമായി വീണ്ടും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്ത്. മ്യാന്മാറില്‍ നിന്നെത്തിയ റോഹിന്‍ഗ്യകള്‍ അഭയാര്‍ത്ഥികള്‍ രാജ്യത്ത് ബാധ്യതയാകുമെന്ന് മോഹന്‍ ഭാഗവത് ആരോപിച്ചു. ആര്‍.എസ്.എസ് സ്ഥാപിതമായതിന്റെ വാര്‍ഷിക ദിനത്തില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വീണ്ടും പ്രകോപനപരമായ പരാമര്‍ശം നടത്തിയത്.
റോഹിന്‍ഗ്യകള്‍ രാജ്യ സുരക്ഷക്കു ഭീഷണിയാണ്. അവര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കേണ്ട കാര്യമില്ല. അവരെ തിരിച്ചയക്കേണ്ടതുണ്ട്. രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യാതൊരു വിട്ടു വീഴ്ചയും പാടില്ല. മാനുഷിക പരിഗണനയുടെ പേരില്‍ ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കുന്നതു വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുക. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം പോലും സമ്പൂര്‍ണായി തടയാന്‍ സാധിക്കുന്നതിനു മുമ്പാണ് മ്യാന്മാറില്‍ നിന്നുള്ള റോഹിന്‍ഗ്യകളുടെ വരവ്. അവരെ ഇവിടെ തങ്ങാന്‍ അനുവദിക്കുന്നത് തൊഴില്‍ സാധ്യതകളെ ബാധിക്കുക മാത്രമല്ല രാജ്യത്തിന്റെ സുരക്ഷയും അപകടത്തിലാകുമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
കേരളം, ബംഗാള്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന സര്‍ക്കാറുകളെയും മോഹന്‍ ഭാഗവത് രൂക്ഷമായി വിമര്‍ശിച്ചു. ഇരുസര്‍ക്കാറുകളും ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ചു. ദൗത്യ നിര്‍വഹണത്തില്‍ നിന്ന് ഈ സര്‍ക്കാറുകള്‍ പിന്നോക്കം പോകുകയാണെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.

chandrika: