നാഗ്പൂര്‍: രാജ്യമെങ്ങും പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ വിവാദപ്രസ്താവനയുമായി വീണ്ടും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. ഗോരക്ഷാ പ്രവര്‍ത്തകര്‍ രാജ്യത്ത് സുപ്രധാനമായ പങ്കുവഹിക്കുന്നുവെന്ന് മോഹന്‍ഭഗവത് പറഞ്ഞു. നാഗ്പൂരിലെ റെഷിംബാഗ് മൈതാനത്ത് നടക്കുന്ന വാര്‍ഷിക പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് സര്‍വ്വപിന്തുണയും നല്‍കണം. ഹിന്ദുവിശ്വാസമനുസരിച്ച് ഗോസംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ഗോരക്ഷാ നിയമം പാസാക്കിയത് നിലവിലെ സര്‍ക്കാരല്ല. പശുവിനെ സംരക്ഷിക്കാന്‍ ഗോരക്ഷകര്‍ക്ക് പ്രക്ഷോഭം നടത്തേണ്ടിവരും. ആരാണ് നിയമം ലംഘിക്കുന്നതെന്നും പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും കണ്ടെത്താന്‍ അധികാരികള്‍ തയ്യാറാകണം. ഗോ രക്ഷകര്‍ നല്ല മനുഷ്യരാണ്. അവരെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
ഗുജറാത്തിലെ ഉനയില്‍ പശുവിനെ കൊന്ന് തൊലിയുരിച്ചെന്ന പേരില്‍ ദളിത് യുവാക്കളെ പൊതുനിരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം വന്‍പ്രതിഷേധത്തിന് കാരണമായിരുന്നു.