X

പെര്‍ത്തില്‍ അരങ്ങ് തകര്‍ത്ത് മുഹമ്മദ് ഷമി; 44 വിക്കറ്റുകള്‍

പെര്‍ത്ത്: ബംഗാളില്‍ നിന്നുള്ള 28 കാരനായ സീമര്‍-മുഹമ്മദ് ഷമിയായിരുന്നു ഇന്നലെ വാക്കയില്‍ ഇന്ത്യന്‍ താരം. ഓസ്‌ട്രേലിയക്കാര്‍ ബാറ്റിംഗ് മികവില്‍ മല്‍സരത്തില്‍ പിടി മുറുക്കവെ 56 റണ്‍സ് മാത്രം നല്‍കി ആറ് വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്. ടെസ്റ്റ് കരിയറില്‍ ഇതാദ്യമായാണ് ഒരു ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് അദ്ദേഹം സ്വന്തമാക്കുന്നത്. 2018 ല്‍ ഇന്ത്യക്കായി വിദേശ മല്‍സരങ്ങളില്‍ ഏറ്റവും അധികം വിക്കറ്റ് സ്വന്തമാക്കുന്ന ബൗളറെന്ന റെക്കോര്‍ഡും ഷമി സ്വന്തമാക്കി. 44 വിക്കറ്റുകളാണ് ഈ വര്‍ഷം ഇത് വരെ ഷമി നേടിയത്. പതിനൊന്ന് ടെസ്റ്റുകളിലാണ് ഈ വര്‍ഷം ഷമി രാജ്യത്തെ പ്രതിനിധീകരിച്ചത്. ഇതില്‍ പത്തും വിദേശ വേദികളായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച മൂന്ന് മല്‍സരങ്ങളിലും ഇംഗ്ലണ്ടിനെതിരെ കളിച്ച അഞ്ച് മല്‍സരങ്ങളിലും ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ട് മല്‍സരത്തിലുമാണ് അദ്ദേഹം കളിച്ചത്. ജോഹന്നാസ് ബര്‍ഗ്് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 28 റണ്‍സിന് അഞ്ച് വിക്കറ്റ് എന്നതായിരുന്നു ഇത് വരെ ഷമിയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളിംഗ് പ്രകടനം. ഇന്നലെ ഞെട്ടിക്കുന്ന പേസ് ആക്രമണമാണ് രണ്ടാം സെഷനില്‍ അദ്ദേഹം നേടിയത്. ഓസീസ് ബാറ്റ്‌സ്മാന്‍ നതാന്‍ ലിയോണ്‍ ഷമിയുടെ പന്ത് പ്രതിരോധിക്കാന്‍ കഴിയാതെ പതറി. ഒരു പന്ത് അദ്ദേഹത്തിന്റെ ഹെല്‍മറ്റിലാണ് തട്ടിയത്. അടുത്ത പന്ത് മാറി നിന്ന് കളിക്കവെ ലിയോണ്‍ പുറത്താവുകയും ചെയ്തിരുന്നു. 37 ടെസ്റ്റുകളാണ് ഇത് വരെ രാജ്യത്തിനായി ഷമി കളിച്ചത്. അഞ്ച് തവണ അദ്ദേഹം ഒരു ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തിട്ടുണ്ട്.
വാക്കയിലെ ട്രാക്ക് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതാണ് ഷമിയുടെ നേട്ടം. ആദ്യ ഇന്നിംഗ്‌സില്‍ അദ്ദേഹത്തിന് വിക്കറ്റുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സിലേക്ക് വന്നപ്പോള്‍ മനോഹരമയാണ് ഷമി പന്തെറിഞ്ഞത്. അതിന്റെ പ്രതിഫലമായിരുന്നു ആറ് വിക്കറ്റുകള്‍.

chandrika: