X

മുഹമ്മദ് സലാഹ് റഷ്യന്‍ ലോകകപ്പില്‍ പന്ത് തട്ടും : വാര്‍ത്ത സ്ഥിരികരിച്ച് താരം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് റഷ്യന്‍ ലോകകപ്പില്‍ കളിക്കും. ഇതു സംബന്ധിച്ച വാര്‍ത്ത താരം തന്നെയാണ് പുറത്തുവിട്ടത്. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് തിരിച്ചുവരവിനുള്ള സൂചന താരം നല്‍കിയത്. സലാഹിന്റെ തിരിച്ചു വരവ് വാര്‍ത്ത പുറത്ത് വന്നതോടെ ഈജിപ്ഷ്യന്‍ ക്യാമ്പ് ആവേശത്തിലാണ്. ഗ്രൂപ്പ് എയില്‍ മത്സരിക്കുന്ന ഈജിപ്തിന്റെ ആദ്യ മത്സരം ജൂണ്‍ 15ന് ഉറൂഗ്വെയ്‌ക്കെരിയാണ്. ആതിഥേയരായ റഷ്യയും സഊദി അറേബ്യയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

വളരെ ദുസ്സഹമായ രാത്രിയായിരുന്നു അത് (ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍). ഞാനൊരു പോരാളിയാണ്, എന്തൊക്കെയായലും നിങ്ങള്‍ളുടെ അഭിമാനം ഉയര്‍ത്താന്‍ ഞാന്‍ റഷ്യയിലുണ്ടാകും. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയുമാണ് എന്റെ ശക്തി. സലാഹ് ഫെയ്‌സ്ബുക്കില്‍ എഴുതി.

ഫൈനല്‍ മത്സരത്തിന്റെ 25-ാം മിനുട്ടിലാണ് റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസുമായി പന്തിനായുള്ള പോരാട്ടത്തിനിടയില്‍ സലാഹിന് പരിക്കേറ്റത്. സലാഹില്‍ നിന്നും പന്ത് എടുക്കാനുള്ള ശ്രമത്തിനിടെ റാമോസ്, സലാഹിന്റെ ഇടതുകൈ റാമോസിന്റെ കൈക്കുള്ളില്‍ കുടുങ്ങി. തുടര്‍ന്ന് പരിക്കേറ്റ സലാഹ് ഗ്രൗണ്ടില്‍ പിടഞ്ഞു. പരിക്കേറ്റിട്ടും കളത്തില്‍ തുടരാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിയാതെ കണ്ണീരോടെ ഗ്രൗണ്ടില്‍ നിന്നും വിടവാങ്ങുകയായിരുന്നു താരം. കണ്ണീരോടെ സലാഹ് മടങ്ങിയപ്പോള്‍ അതു ഫുട്‌ബോള്‍ ലോകത്തിനും നൊമ്പരമായി. പിന്നീട് താരത്തിന്റെ ഇടതു തോളെല്ലിന്റെ സ്ഥാനം മാറിയെന്നും ലോകകപ്പ് നഷ്ടമാവുമെന്നും വാര്‍ത്തകള്‍ പുറത്തു വന്നതോടെ റഷ്യന്‍ ലോകകപ്പിന് സലാഹുണ്ടാവണം എന്ന പ്രാര്‍ത്ഥനയിലായിരുന്നു ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം. ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ് പുതിയ വാര്‍ത്ത.

നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടുന്നത്. ലോകകപ്പ് യോഗ്യതയിലെ അവസാന മത്സരത്തില്‍ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗോളുമായി സലാഹ് ഈജിപ്തിന് റഷ്യന്‍ ടിക്കറ്റ് നേടികൊടുക്കുകയായിരുന്നു. എന്നാല്‍ പരിക്കുമായി സലാഗ് ലോകകപ്പില്‍ ഉണ്ടാവില്ലെന്ന അഭ്യൂഹങ്ങള്‍ നിറഞ്ഞ വാര്‍ത്ത ഈജിപ്ത് ക്യാമ്പിനെ നിരാശയിലാഴ്ത്തിയിരുന്നു. ലോക റാങ്കില്‍ 30 സ്ഥാനത്തുള്ള ഈജിപ്ത് സലാഹിന്റെ നേതൃത്വത്തില്‍ റഷ്യയില്‍ കറുത്ത കുതിരകളാകുമെന്നാണ് പ്രതീക്ഷ.

 

ഇറ്റാലിയന്‍ ടീം എ.എസ് റോമയില്‍ നിന്നും ലിവര്‍പൂളിലെത്തിയ സലാഹിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 32 ഗോളോടെ ഗോള്‍ഡന്‍ ബൂട്ടും മികച്ച താരവുമായി തെരഞ്ഞെടുത്ത താരം ഇന്ന് ഫുട്‌ബോള്‍ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന പേരുകളിലൊന്നാണ്. ജീവിതത്തിലും കളിക്കളത്തിലും തന്റെ മത വിശ്വാസം മുറുകെ പിടിക്കുന്ന സലാഹ് ഇന്ന് ഫുട്‌ബോള്‍ ലോകത്ത് പ്രിയങ്കരനാണ്.

chandrika: