മാഡ്രിഡ്:സെര്‍ജിയോ റാമോസിനോട് താന്‍ പൊറുത്തിട്ടില്ലെന്ന് മുഹമ്മദ് സലാഹ്. പരുക്കേറ്റയുടന്‍ അദ്ദേഹം എനിക്കൊരു സന്ദേശമയച്ചിരുന്നു. ഞാന്‍ അതിന് പ്രതികരണം നല്‍കിയിട്ടില്ല-സ്പാനിഷ് പത്രമായ മാര്‍ക്കയുമായി സംസാരിക്കവെ ഈജിപ്ത് സൂപ്പര്‍ താരം പറഞ്ഞ വാക്കുകള്‍. കഴിഞ്ഞ മാസാവസാനം ഉക്രൈനിലെ കീവില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ റയല്‍ മാഡ്രിഡ് നായകന്‍ റാമോസിന്റെ ഫൗളില്‍ ഗുരുതരമായി പരുക്കേറ്റ ലിവര്‍പൂളിന്റെ സ്‌ട്രൈക്കറായ സലാഹ് ഇപ്പോള്‍ സ്‌പെയിനില്‍ ചികില്‍സയിലാണ്. ലോകകപ്പ് ആരംഭിക്കാനിരക്കെ അദ്ദേഹം ഈജിപ്ത് സംഘത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ പോലും ഉറപ്പില്ലാത്ത അവസ്ഥയിലാണ്. ഈജിപ്ഷ്യന്‍ ലോകകപ്പ് സംഘത്തില്‍ സലാഹിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുമലിലെ വേദന പക്ഷേ കാര്യമായി അകന്നിട്ടില്ലെന്നാണ് അദ്ദേഹം തന്നെ നല്‍കുന്ന സൂചന.റാമോസിന്റെ ഫൗളിനെ സംബന്ധിച്ച് ലോകം മോശമായി പ്രതികരിക്കവെയാണ് സലാഹ് ഈ കാര്യത്തില്‍ ആദ്യമായി മനസ് തുറന്നത്. എന്റെ ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും മോശം നിമിഷമായിരുന്നു അത്. ഞാന്‍ പരുക്കേറ്റ് നിലത്ത് വീണപ്പോള്‍ വലിയ ആശങ്കയായിരുന്നു മനസ്സില്‍. നല്ല വേദനായിരുന്നു ഒരു പ്രശ്‌നം. പിന്നെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോലെ ഒരു മല്‍സരത്തില്‍ തുടര്‍ന്ന് കളിക്കാന്‍ കഴിയുമോ എന്ന ആശങ്കയും. കുറച്ച് കഴിഞ്ഞാണ് എനിക്ക് ലോകകപ്പില്‍ പോലും കളിക്കാന്‍ കഴിയില്ലേ എന്ന വേദന കഠിനമായി വന്നത്. അതിനിടെയിലാണ് റാമോസിന്റെ സന്ദേശം വന്നത്. ഞാന്‍ അതില്‍ പ്രതികരിച്ചിട്ടില്ല-സലാഹ് പറഞ്ഞു.റാമോസിനെതിരെ കൂടുതല്‍ താരങ്ങള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നതിന് പിറകെയാണ് ഇപ്പോല്‍ സലാഹും തന്റെ അനിഷ്ടം പ്രകടിപ്പിച്ചത്. മല്‍സരത്തില്‍ ലിവര്‍പൂളിന്റെ ഗോള്‍ വല കാത്തിരുന്ന കാരിയസിനെയും റാമോസ് ഫൗള്‍ ചെയ്തിരുന്നു. ആ ഫൗളില്‍ തനിക്ക് തലകറക്കം വന്നതായി പോലും ഗോള്‍ക്കീപ്പര്‍ പിന്നീട് വിശദീകരിക്കുകയുണ്ടായി. ലിവര്‍പൂളിന്റെ ബ്രസീലിയന്‍ താരം ഫിര്‍മിനോ റാമോസിനെതിരെ കടുത്ത വാക്കുകള്‍ പോലും ഉപയോഗിച്ചിരുന്നു.എന്നാല്‍ താന്‍ കളിക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നാണ് റാമോസിന്റെ പക്ഷം. അതേ സമയം ലോകകപ്പില്‍ റാമോസും സലാഹും നേരില്‍ കാണാനുളള അവസരവും ചിലപ്പോള്‍ ഒരുങ്ങിയേക്കും. ഗ്രൂപ്പ് എ യിലാണ് ഈജിപ്ത് കളിക്കുന്നത്. റഷ്യ, സഊദി അറേബ്യ, ഉറുഗ്വേ എന്നിവര്‍ക്കൊപ്പം. ഈ ഗ്രൂപ്പില്‍ നിന്ന് മുന്നോട്ട് വന്നാല്‍ ഗ്രൂപ്പി ബിക്കാരുമായിട്ടായിരിക്കും മല്‍സരം. ബിയില്‍ സ്‌പെയിനും പോര്‍ച്ചുഗലും മൊറോക്കോയും ഇറാനുമാണ് കളിക്കുന്നത്. ഈജിപ്തും സ്‌പെയിനും സ്വന്തം ഗ്രൂപ്പില്‍ നിന്ന് മുന്നേറിയാല്‍ സലാഹും റാമോസും വീണ്ടും മുഖാമുഖം വരും.
റാമോസിന് മാപ്പില്ലെന്ന് സലാഹ്
Tags: Mo Salah