ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് തെലങ്കാന പൊലീസില്‍ ഡി എസ് പി ആയി ചുമതലയേറ്റു. തെലങ്കാന ഡിജിപി ഓഫീസിലെത്തിയാണ് സിറാജ് ചുമതല ഏറ്റെടുത്തത്. ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിന്റെ ആദരവായാണ് സിറാജിന് തെലങ്കാന പൊലീസില്‍ നിയമനം നല്‍കിയത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
എം.പി എം. അനില്‍ കുമാര്‍ യാദവ്, തെലങ്കാന മൈനോരിറ്റീസ് റെസിഡെന്‍ഷ്യല്‍ എജ്യുക്കേഷനല്‍ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ഫഹീമുദ്ദീന്‍ ഖുറേഷി എന്നിവരും സിറാജിനൊപ്പം ഉണ്ടായിരുന്നു. നേരത്തെ, സിറാജിന് ഗ്രൂപ്പ്-1 സര്‍ക്കാര്‍ പദവിയും സര്‍ക്കാര്‍ ജോലിയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.
ഡിഎസ്പിയായി ചുമതലയേറ്റെങ്കിലും സിറാജ് കായികരംഗത്ത് തുടരും. അടുത്തിടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും സിറാജ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഒക്ടോബര്‍ 16ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലാണ് താരം അടുത്തതായി കളത്തില്‍ ഇറങ്ങുക.
2015ല്‍ ടെന്നിസ് ബോള്‍ ക്രിക്കറ്റില്‍ നിന്നും സിറാജ് പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ഭാഗമായി. 2017ല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായി. 2018 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പേസറായി.
കഴിഞ്ഞവര്‍ഷം നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കിയപ്പോള്‍ വിജയത്തിന്റെ ഭാഗമായി സിറാജും ഉണ്ടായിരുന്നു. ഇന്ത്യയ്ക്കായി 26 ടെസ്റ്റുകളും 44 ഏകദിനങ്ങളും 16 ട്വന്റി 20യിലും സിറാജ് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 78ഉം ഏകദിനത്തില്‍ 71ഉം ട്വന്റി 20യില്‍ 14ഉം വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.