X

അഡ്രസ് ലീക്കായി; ഈജിപ്തില്‍ ആരാധകവൃന്ദത്തില്‍ പൊറുതിമുട്ടി സലാ

കെയ്‌റോ: റഷ്യന്‍ ലോകകപ്പിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സലാ വീട്ടിന് മുന്നിലെ ആരാധക കൂട്ടത്തെ കണ്ട് ഞെട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ അഡ്രസ് പുറത്തായതിനെ തുടര്‍ന്ന് സാലയുടെ വീടിന് മുന്നില്‍ താരത്തെ കാണാനായി വന്‍ ജനക്കൂട്ടം തമ്പടിച്ചത്.


സ്വന്തം വസതിയിലേക്കുള്ള ആരാധകരുടെ കുത്തൊഴുക്ക് കാരണം സാല ഇപ്പോള്‍ പെട്ടിരിക്കുകയാണ്. എന്നാല്‍ തന്നെ കാണാന്‍ എത്തിയ ആരാധാകരെ പിണക്കാതെയാണ് സാല മടക്കിയത്. തന്റെ വീടിനു പുറത്തിറങ്ങിയ സാല ആരാധകര്‍ക്കൊപ്പം സമയം ചെലവഴിച്ചു. ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും അവര്‍ നല്‍കിയ സമ്മാനങ്ങള്‍ സ്വീകരിക്കാനും താരം തയ്യാറായി.

അതിനിടെ ബി.ബി.സി പത്രപ്രവര്‍ത്തക ഷൈമാ ഖലീല്‍ സലാ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു

എന്നാല്‍ ഇത് ഗതാഗത കുരുക്ക് അടക്കം കൂടതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമായി. തുടര്‍ന്ന താരത്തിന്റെ വീടിന് മുമ്പില്‍ തടിച്ചുകൂടിയ ആരാധകരെ ഒഴിവാക്കാന്‍ പൊലീസിന് ഇടപെടേണ്ടിയും വന്നു.

മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട ഈജിപ്ത് ലോകകപ്പില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് റഷ്യയില്‍ സലാ നാട്ടിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും തോറ്റ് ഈജിപ്തിന് ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനമാണ്. പരിക്കിനെ തുടര്‍ന്ന് സലാ രണ്ട് മത്സരങ്ങള്‍ മാത്രമേ കളിച്ചിരിന്നുള്ളു. ലിവര്‍പൂളിന്റെ പ്രീ-സീസണ്‍ പരിശീലനത്തിനായി മെല്‍വുഡില്‍ തിരിച്ചെത്തുന്നതിന് മുമ്പ് മൂന്ന് ആഴ്ച വിശ്രമമാണ് സലാക്കുള്ളത്.

ഈജിപ്തില്‍ എത്തിയ സലാ നിസ്‌കരിക്കാനായി ഒരു പള്ളിയില്‍ കയറിയത് കണ്ട ആരാധകര്‍ അവിടെ നിന്നും വീട്ടിലെത്തുന്നത് വരെ പിന്തുടരുകയുമായിരുന്നു. തുടര്‍ന്ന് സലാ താമസിക്കുന്ന സ്ഥലത്തിന്റെ ചിത്രവും വിലാസവും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുയായിരുന്നു.

സമൂഹമാധ്യമങ്ങള്‍ വഴി സലാഹിന്റെ വസതിയേക്കുറിച്ചുള്ള വിവരങ്ങള്‍ വൈറലായതൊടെ സൂപ്പര്‍ താരത്തെ കാണാന്‍ ആരാധകരുടെ കുത്തൊഴുക്കായി.

ആരാധകരുടെ തിക്കിത്തിരക്കിലും സൂപ്പര്‍ താരത്തിന്റെ എളിമ നിറഞ്ഞ മനസ് ഈജിപ്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.

അതേസമയം ജനങ്ങളുടെ ഇത്തരം പെരുമാറ്റ രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
ആളുകള്‍ സലായെ സ്‌നേഹിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ സ്വാകാര്യ നിമിഷങ്ങള്‍ക്കായി അദ്ദേഹത്തിന് സമയം അനുവദിച്ചു കൊടുക്കണമെന്നാണ് പലരുടേയും അഭിപ്രായം. എന്നാല്‍ സലായുടെ പരുമാറ്റരീതിയെ പ്രശംസിച്ചും പോസ്റ്റുകള്‍ വരുന്നുണ്ട്.

chandrika: