X

യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കം; ലിവര്‍പൂള്‍, പി.എസ്,ജി, ബാര്‍സ, ഇന്റര്‍, ടോട്ടനം ഇറങ്ങുന്നു

ലണ്ടന്‍:യൂറോപ്പിലെ ഫുട്‌ബോള്‍ ഭരണം തേടി ഇന്ന് മുതല്‍ ചൂടനങ്കങ്ങള്‍… യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പുത്തന്‍ പതിപ്പിന് ഇന്ന് ഫുട്‌ബോള്‍ വന്‍കരയില്‍ തുടക്കമാവുമ്പോള്‍ ആദ്യ ദിവസം തന്നെ കിടിലോല്‍കിടില പോരാട്ടങ്ങള്‍. വമ്പന്‍ ക്ലബുകളും താരങ്ങളും പന്ത് തട്ടുന്നതിന്റെ ആവേശം നുകരാന്‍ സോക്കര്‍ ലോകം ഒരുങ്ങിയിരിക്കുന്നു.

ഇന്നത്തെ ആറ് അങ്കങ്ങളില്‍ നമ്പര്‍ വണ്‍ ആന്‍ഫീല്‍ഡില്‍ നടക്കുന്ന ലിവര്‍പൂള്‍-പി.എസ്.ജി പോരാട്ടം തന്നെ. മുഹമ്മദ് സലാഹും സാദിയോ മാനേയും ഫിര്‍മിനോയുമെല്ലാം കളിക്കുന്ന, നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപരാജിതരായി നില്‍ക്കുന്ന ചുവപ്പന്‍ പടക്ക്് മുന്നിലേക്ക് വരുന്നത് നെയ്മറും കൈലിയന്‍ എംബാപ്പേയും എയ്ഞ്ചലോ ഡി മരിയയും എഡ്ഗാര്‍ കവാനിയും ജിയാന്‍ ലുക്കാ ബഫണുമെല്ലാം അണിനിരക്കുന്ന പി.എസ്.ജി എന്ന ഫ്രഞ്ച് പ്രബലര്‍. ഇന്ത്യന്‍ സമയം ഇന്ന് രാത്രി വൈകി 12:30 നാണ് മത്സരം.

ലയണല്‍ മെസിയുടെ ബാര്‍സിലോണ സ്വന്തം മൈതാനത്ത് ഡച്ചുകാരായ പി.എസ്.വിയെ എതിരിടുമ്പോള്‍ മിലാനില്‍ നടക്കുന്ന ഇന്റര്‍ മിലാന്‍-ടോട്ടനം പോരാട്ടത്തിലും തീപ്പാറും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10:25നാണ് മത്സരം.

അന്റേണിയോ ഗ്രിസ്മാന്റെ അത്‌ലറ്റികോ മാഡ്രിഡ് ഫ്രഞ്ച് ക്ലബായ മൊണോക്കോയുമായി കളിക്കുന്നത് വ്യക്തമായ വിജയ പ്രതീക്ഷയിലാണെങ്കില്‍ പോര്‍ച്ചുഗലുകാരായ എഫ്.സി പോര്‍ട്ടോ ജര്‍മനിയിലേക്ക് വരുന്നത് ഷാല്‍ക്കെയെ എതിരിടാനാണ്.

പി.എസ്.ജിക്ക് വ്യക്തമായ ലക്ഷ്യമുണ്ട്-യൂറോപ്പിലെ ചാമ്പ്യന്മാരാവണം. ക്ലബിന്റെ ഖത്തര്‍ തലവന്‍ നാസര്‍ അല്‍ ഖിലാഫി സീസണിന്റെ തുടക്കത്തില്‍ തന്നെ താരങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ ഈ കാര്യം പറഞ്ഞിരുന്നു. ഫ്രാന്‍സില്‍ കാര്യമായ വെല്ലുവിളിയില്ല. വന്‍കരയിലാണ് പ്രയാസങ്ങള്‍. അത് പരിഹരിച്ച് വന്‍കരയിലെ ചാമ്പ്യന്മാരാവണം. നെയ്മറും കൈലിയന്‍ എംബാപ്പേയും എഡ്ഗാര്‍ കവാനിയും എയ്ഞ്ചലോ ഡി മരിയയും ഉള്‍പ്പെടെ ലോകത്തിലെ ഒന്നാം നിരക്കാരെല്ലാം ഒന്നിച്ചണിനിരക്കുമ്പോള്‍ അത് കഴിയുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. പക്ഷേ കഴിഞ്ഞ സീസണില്‍ ഇതേ ടീം തന്നെയാണ് കളിച്ചത്. റയല്‍ മാഡ്രിഡിനോട് തകര്‍ന്ന് പുറത്താവുകയും ചെയ്തു. ഇത്തവണ അത് പാടില്ലെന്നാണ് ടീമിന്റെ ജര്‍മന്‍ കോച്ച് തോമസ് തുഷേല്‍ ആവശ്യപ്പെടുന്നത്.

നല്ല ഒരുക്കത്തിലാണ് ടീമിന്റെ ലണ്ടന്‍ വരവ്. പോയ വാരത്തില്‍ നടന്ന ഫ്രഞ്ച് ലീഗില്‍ പി.എസ്.ജി സെന്റ് എത്തീനെ എതിരിട്ടപ്പോള്‍ നെയ്മര്‍ക്കും എംബാപ്പേക്കുമെല്ലാം കോച്ച്് വിശ്രമം നല്‍കിയത് ചാമ്പ്യന്‍സ് ലീഗിലെ തുടക്ക മല്‍സരം മനസ്സില്‍ കണ്ടാണ്. പി.എസ്.ജിയുടെ ഗോള്‍വലയം കാക്കുന്നതാവട്ടെ അനുഭവസമ്പന്നനായ ബഫണാണ്.

ആന്റഫീല്‍ഡ് ലിവര്‍പൂളിന്റെ സ്വന്തം മൈതാനമാണ്. അവിടെ അവരെ തോല്‍പ്പിക്കുക എന്നത് എളുപ്പമുള്ള കാര്യവുമല്ല. യൂറോപ്പിലെ ചാമ്പ്യന്‍പ്പട്ടം പോയ സീസണില്‍ തലനാരിഴക്ക് നഷ്ടപ്പെട്ടവരാണ് ജുര്‍ഗന്‍ ക്ലോപ്പിന്റെ സംഘം. ഫൈനല്‍ മല്‍സരത്തില്‍ റയലിനോടായിരുന്നു ലിവറിന്റെ തോല്‍വി. ഇത്തവണ പക്ഷേ അതെല്ലാം മറന്ന് ഗംഭീരമായി തന്നെ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറുകയാണ് ടീമിന്റെ ലക്ഷ്യം.

ബാര്‍സയും ഇത്തവണ യൂറോപ്പ് സ്വപ്‌നം കാണുന്നുണ്ട്. കഴിഞ്ഞ സീസണില്‍ പല കിരീടങ്ങളും സ്വന്തമാക്കി ലയണല്‍ മെസിയുടെ ടീം. പക്ഷേ ചാമ്പ്യന്‍സ് ലീഗ് മാത്രം കിട്ടിയില്ല. ക്വാര്‍ട്ടറിലെ ദയനീയ തോല്‍വി മറന്നാണ് മെസിയുടെ സംഘം പി.എസ്.വിയുമായി നുവോ കാമ്പില്‍ കളിക്കുന്നത്. ലാലീഗയില്‍ തകര്‍പ്പന്‍ ഫോമിലാണിപ്പോള്‍ നായകനായ മെസി. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ലിവര്‍പൂളിനോടേറ്റ തോല്‍വിക്ക് പിറകെയാണ് ടോട്ടനം എവേ മല്‍സരത്തില്‍ ഇന്ററുമായി കളിക്കുന്നത്. മല്‍സരങ്ങള്‍ ടെന്‍ സ്‌പോര്‍ട്‌സ് 2ല്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി രാത്രി 10-30 മുതല്‍.

chandrika: