ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരേയും വിമര്‍ശനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വിപണിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ യാതൊരു ഗ്യാരന്റിയുമില്ലാത്ത ചൈനീസ് ഉത്പന്നങ്ങള്‍ പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
‘പ്രധാനമന്ത്രിയുടെ വാക്കുകള്‍ ചൈനീസ് ഉത്പന്നം പോലെയാണ്. വിപണിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പിന്നെ അതിനൊന്നും ഗ്യാരന്റിയും കാണില്ല വാറന്റിയും കാണില്ല’ പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ പഴയ പെന്‍ഷന്‍ പദ്ധതി ആവശ്യപ്പെട്ടപ്പോള്‍ പണം അപര്യാപ്തമാണെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും കോടിക്കണക്കിന് രൂപയുടെ വിമാനങ്ങള്‍ വാങ്ങാനും കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് നല്‍കാനും പണം എവിടെ നിന്നാണ് വരുന്നതെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഭരണകാലത്ത് സാധാരണക്കാര്‍ക്ക് പാചകവാതക സിലിണ്ടര്‍ 425 രൂപക്കും റേഷന്‍ 60 രൂപക്കും ലഭിച്ചിരുന്നു, ഇപ്പോള്‍ ആളുകള്‍ക്ക് അത്തരം നിരക്കില്‍ അവ ലഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. 1125 രൂപയില്‍ കൂടുതല്‍ വില കൊടുത്ത് സിലിണ്ടര്‍ വാങ്ങാന്‍ സാധാരണക്കാര്‍ നിര്‍ബന്ധിതരാവുകയാണ്. സാധാരണക്കാരുടെ ആവശ്യങ്ങളെ മോദി സര്‍ക്കാര്‍ അവഗണിക്കുകയാണ്. സാധാരണക്കാര്‍ നികുതി അടക്കുന്നു, അത് മോദി സര്‍ക്കാര്‍ തങ്ങളുടെ വ്യവസായ സുഹൃത്തുക്കളുടെ ആഡംബര ജീവിതത്തിനായി ചെലവഴിക്കുന്നു. പണ്ട് തെരഞ്ഞെടുപ്പ് കാലത്ത് മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ അക്കൗണ്ടില്‍ വരുന്നതും കാത്തിരിക്കുകയാണ് ജനങ്ങള്‍ ഇപ്പോഴും, എന്നാല്‍ മോദി ഇതിനോട് മൗനം പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഭൂപേഷ് ഭാഖേല്‍ സര്‍ക്കാരിനേയും പ്രിയങ്ക പരാമര്‍ശിച്ചു. മോദി സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാധാരണക്കാരന്റെ ജീവിതത്തെ മെച്ചപ്പെടുത്താന്‍ ഭാഖേല്‍ സര്‍ക്കാര്‍ നടത്തുന്ന പ്രയത്‌നങ്ങള്‍ പ്രശംസനീയമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവര്‍ത്തിച്ചാല്‍ ബിഹാറിലേത് പോലെ ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.