കല്‍പറ്റ: ഭാരത് ജോഡോ യാത്രക്കുശേഷം വയനാട് മണ്ഡലത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി വീണ്ടും പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. മോദി വിചാരിക്കുന്നത് താന്‍ ഏറ്റവും ശക്തനായ നേതാവാണെന്നും എല്ലാവരും അദ്ദേഹത്തെ ഭയപ്പെടും എന്നുമാണ്. എന്നാല്‍ താന്‍ ഏറ്റവും അവസാനം ഭയപ്പെടുന്ന പേരാണ് മോദിയുടേതെന്ന് അദേഹം പറഞ്ഞു. വയനാട് മണ്ഡലത്തില്‍ പൊതുപരിപാടിക്കെത്തിയ രാഹുല്‍ ഗാന്ധിക്ക് മീനങ്ങാടി ശ്രീകണ്ഠ ഗൗഡര്‍ സ്‌റ്റേഡിയത്തില്‍ പാര്‍ട്ടി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
അദാനിയും പ്രധാനമന്ത്രിയും തമ്മിലെ ബന്ധത്തെക്കുറിച്ച് ഞാന്‍ പാര്‍ലമെന്റില്‍ സംസാരിച്ചതില്‍ പലതും രേഖകളില്‍ നിന്ന് നീക്കം ചെയ്‌തെന്നും ചില സത്യങ്ങള്‍ ചൂണ്ടിക്കാട്ടിയതല്ലാതെ താന്‍ ഒരു മോശം വാക്കും ഉപയോഗിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രിയെ സ്ഥിരമായി അനുഗമിക്കുന്ന അദാനിക്ക് മറ്റ് രാഷ്രടങ്ങളിലെ വ്യാപാര കരാറുകള്‍ സ്ഥിരമായി ലഭിക്കുന്നു. രാജ്യത്തെ വ്യോമഗതാഗത മേഖല 30 ശതമാനം അദാനിയുടെ കൈവശമാകുന്നതിന് പല നിയമങ്ങളും ഭേദഗതി ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകസമ്പന്നരില്‍ 609ാം സ്ഥാനത്തുണ്ടായിരുന്നയാള്‍ മോദി ഭരണകാലത്ത് രണ്ടാമനായി മാറി. ഗൗതം അദാനിഅംബാനിമാരെ വിമര്‍ശിക്കുന്നത് മോദിയെ കുറ്റം പറയുന്നത് പോലെയാണ് ചിത്രീകരിക്കപ്പെടുന്നത്. അദേഹം ആരോപിച്ചു.
ഷെല്‍ കമ്പനികളിലേക്ക് വരുന്ന പണം ആരുടേതാണെന്ന ചോദ്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രിക്ക് മറുപടിയില്ല. അദ്ദേഹം സംസാരിക്കുമ്പോഴുള്ള ഭാഷ ശ്രദ്ധിച്ചാല്‍ ആരാണ് സത്യം പറയുന്നതെന്ന് മനസിലാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സോണിയാ ഗാന്ധിയെയും കൂട്ടി പിന്നീട് വയനാട്ടില്‍ എത്തുമെന്ന് സദസ്സിന് വാഗ്ദാനം നല്‍കിയാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.