X

പാകിസ്ഥാനു മുകളിലൂടെ മോദിക്ക് പറക്കാനാവില്ല; മോദിയുടെ അമേരിക്കന്‍ യാത്ര ഒരു മണിക്കൂര്‍ വൈകിപ്പിച്ച് ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനത്തിനു പുറപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുരുക്കിട്ട് പാകിസ്ഥാന്‍. പാക് അധീനതയിലുള്ള വ്യോമപാതയിലൂടെ പറക്കാന്‍ മോദിക്ക് കഴിയില്ല. വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളിയതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. ഇരുരാജ്യത്തിന്റെയും പ്രധാനമന്ത്രിമാര്‍ അടുത്തയാഴ്ച ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിക്കാനിരിക്കെയാണ് പാകിസ്ഥാന്റെ ഈ നീക്കം.

രണ്ടു ദിവസം മുമ്പാണ് നരേന്ദ്ര മോദിക്ക് അമേരിക്കയിലേക്ക്് പോകുന്നതിനായി വ്യോമ പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ പാകിസ്ഥാനെ സമീപിച്ചത്. എന്നാല്‍ കശ്മീര്‍ വിഷയം മുന്‍നിര്‍ത്തി പാകിസ്ഥാന്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഒമാന്‍ വഴി ഒരു മണിക്കൂര്‍ അധിക നേരം സഞ്ചരിച്ചു വേണം മോദിക്ക് ഇനി അമേരിക്കയിലെത്താന്‍. ശനിയാഴ്ചയാണ് മോദിയുടെ അമേരിക്കന്‍ യാത്ര.

നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഐസ്ലാന്റിലേക്ക് പോയപ്പോഴും പാകിസ്ഥാന്‍ ഇതേ വിധം തടസം നിന്നിരുന്നു. അന്ന് കനത്ത രീതിയില്‍ ഇന്ത്യ ഇതിനെതിരെ പ്രതിഷേധിച്ചതാണ്. ഈ സാഹചര്യം നിലനില്‍ക്കെ പാകിസ്ഥാനോട് ഇന്ത്യ വീണ്ടും അനുമതി തേടിയത് എന്തിനാണെന്ന് വ്യക്തമല്ല.

ബാലാകോട്ട് മിന്നല്‍ ആക്രമണത്തിനു ശേഷം പാകിസ്ഥാന്‍ വ്യോമപാതയിലൂടെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യാത്രാ അനുമതിയില്ല. നിലവില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വഴി പോകുന്നതിന് തടസമില്ല. എന്നാല്‍ നേതാക്കളുടെ വിമാനത്തിന് പ്രത്യേക അനുമതി ആവശ്യമാണ്. അതേസമയം കഴിഞ്ഞ മാസം ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിക്കു വേണ്ടി പ്രധാനമന്ത്രിയുടെ എയര്‍ ഇന്ത്യ വിമാനത്തിന് പാകിസ്ഥാനു മുകളിലൂടെ പോകാന്‍ അനുമതി നല്‍കിയിരുന്നു.

web desk 1: