സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തെപറ്റിയും അമിത വേഗതയെക്കുറിച്ചും ഒട്ടനവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. രാത്രികാലങ്ങളിലടക്കം പ്രധാന പാതകളില്‍ ബൈക്ക് അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ബൈക്കുകളുടെ വിവിധ ഭാഗങ്ങള്‍ രൂപമാറ്റം വരുത്തി അമിത ശബ്ദത്തോടെ നിരത്തുകളില്‍ ഉപയോഗിക്കുന്നതും വര്‍ധിച്ചതായാണ് കണക്കുകള്‍. ഇത്തരങ്ങളില്‍ വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞുതന്നെയാണ് പലരും ഇതിന് പിന്നാലെ പോകുന്നതെന്ന് അധികൃതര്‍ പറയുന്നു.
നിരത്തുകളിലെ മത്സരയോട്ടങ്ങളില്‍ പങ്കെടുക്കുന്ന 18 വയസിന് താഴെയുള്ളവരുടെ രക്ഷിതാക്കളെ വിവരം അറിയിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതുനിരത്തുകളിലെ ചീറിപ്പായലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇക്കാര്യം 7025950100 എന്ന നമ്പര്‍ വഴിയും അറിയിക്കാം. മോട്ടോര്‍ വാഹന നിയമത്തിലെ 52ാം വകുപ്പ് അനുസരിച്ച് വാഹനങ്ങളില്‍ ആള്‍ട്രേഷന്‍ നടത്തുന്നത് കുറ്റകരമാണ്. റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്ന അവസ്ഥയില്‍ നിന്ന് മാറ്റം വരുത്തി ഉപയോഗിക്കാന്‍ വാഹന ഉടമസ്ഥന് അവകാശമില്ല.
ഇരുചക്രവാഹനങ്ങളില്‍ സൈലന്‍സറില്‍ മാറ്റങ്ങള്‍ വരുത്തി ശബ്ദം കൂട്ടി നല്‍കുന്നതും ഹാന്‍ഡില്‍ അടക്കം രൂപാന്തരപ്പെടുത്തി നല്‍കുന്ന നിരവധി വര്‍ക്ക് ഷോപ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം വര്‍ക്ക് ഷോപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദേശം. ഇത്തരം നിയമവിരുദ്ധ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം വര്‍ക്ക്‌ഷോപ്പുകള്‍ക്ക് നോട്ടീസ് നല്‍കുകയും ലൈസന്‍സ് റദ്ദാക്കണമെന്നുമാണ് നിര്‍ദേശം. സൈലന്‍സറുകളും ഹാന്‍ഡില്‍ ബാറുകളും മഡ് ഗാര്‍ഡുകളും ടയറുകളുമാണ് ഇത്തരത്തില്‍ രൂപമാറ്റം വരുത്തി നല്‍കുന്നത്. ഇത് വാഹനത്തിന്റെ സ്വാഭാവികമായ ബാലന്‍സിംഗിനെ ബാധിക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
എന്നാല്‍ പരിശോധനയുടെ പേരില്‍ ഇരുചക്ര യാത്രികരെ പിന്തുടര്‍ന്ന് പിടിക്കേണ്ടതില്ലെന്നും പ്രത്യേക നിര്‍ദേശമുണ്ട്. വാഹന പരിശോധനക്കിടെ രക്ഷപ്പെട്ടുപോകുന്നവരെ പിന്തുടര്‍ന്ന് പിടിക്കുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. അത്തരം വാഹനങ്ങളുടെ നമ്പര്‍ എഴുതിയെടുക്കുകയും ഫോട്ടോയോ വീഡിയോ ചിത്രീകരിക്കുകയും വേണം. ഇതുപയോഗിച്ച് നിയമനടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിനെതിരെ 2016 ഫെബ്രുവരിയില്‍ ഹൈക്കോടതി മോട്ടോര്‍വാഹന വകുപ്പിനും പൊലീസിനും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരം വാഹനങ്ങള്‍ പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്നും നിയമത്തിലെ 52ാംവകുപ്പ് അനുസരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു നിര്‍ദേശം.