X
    Categories: indiaNews

പ്രതികരണങ്ങളെ ഭയം; യൂട്യൂബില്‍ കമന്റുകള്‍ ഡിസേബ്ള്‍ ചെയ്ത് ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയുടെ യൂട്യൂബ് വീഡിയോയില്‍ കമന്റുകള്‍ ഡിസേബ്ള്‍ ചെയ്ത് ബിജെപി. ബിഹാറില്‍ ഞായറാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പെട്രോളിയം മേഖലയിലെ മൂന്ന് പദ്ധതികളെ കുറിച്ചുള്ള വീഡിയോയിലാണ് പ്രതികരണങ്ങള്‍ ഇല്ലാതാക്കിയത്. വീഡിയോക്ക് ഡിസ്‌ലൈക്കുകള്‍ കൂടിയതോടെയാണ് കമന്റുകള്‍ ഡിസേബ്ള്‍ ചെയ്തത് എന്നാണ് കരുതപ്പെടുന്നത്. ഇതുവരെ വീഡിയോയ്ക്ക് 3100 ലൈക്കുകളും 15000 ഡിസ്‌ലൈക്കുകളും കിട്ടിയിട്ടുണ്ട്.

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന വേളയിലാണ് മോദി സംസ്ഥാനത്ത് മൂന്ന് പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഒന്നാമത്തേത് പാരദിപ്-ഹല്‍ദിയ-ദുര്‍ഗാപൂര്‍ എല്‍പിജി പൈപ്പ് ലൈന്‍ പദ്ധതിയാണ്. ബങ്കയിലെയും കിഴക്കന്‍ ചമ്പാരനിലെയും ബോട്ട്‌ലിങ് പ്ലാന്റുകളാണ് മറ്റു രണ്ടു പദ്ധതികള്‍. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാറും ചടങ്ങില്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് മോദി സംസ്ഥാനത്തിനായി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ വന്‍കിട പദ്ധതിയാണിത്. കഴിഞ്ഞ ദിവസം മൃഗസംരക്ഷണ-മത്സ്യബന്ധന മേഖലയില്‍ സംസ്ഥാനത്തിനായി സര്‍ക്കാര്‍ മറ്റൊരു പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ബിഹാറിനായുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജില്‍ 21,000 കോടി രൂപ ഇതുവരെ ചെലവഴിച്ചതായി മോദി പറഞ്ഞു.

അതിനിടെ, പ്രധാനമന്ത്രിയുടെ പരിപാടികളുടെ വീഡിയോകള്‍ക്ക് ഈയിടെ ലഭിക്കുന്ന ഡിസ്‌ലൈക്കുകള്‍ തുടരുന്ന കാഴ്ചയാണ് ഇന്നത്തെ പദ്ധതിയിലും ഉണ്ടായിട്ടുള്ളത്. നേരത്തെ പ്രതിവാര മന്‍കിബാത്തിന് ലൈക്കുകളുടെ ഇരട്ടി ഡിസ് ലൈക്കുകള്‍ ലഭിച്ചത് വാര്‍ത്തയായിരുന്നു. ഇതോടെ ചാനലിലെ ലൈക്ക് ഡിസ്‌ലൈക്ക് ബട്ടനുകള്‍ ഓഫാക്കിയിരുന്നു.

Test User: