ന്യൂഡല്‍ഹി: പ്രഥമ ഫിലിപ്പ് കോട്ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡും അതു നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദത്തില്‍. മികച്ച ഭരണം കാഴ്ചവെക്കുന്ന രാഷ്ട്ര നേതാക്കള്‍ക്ക് വര്‍ഷത്തില്‍ നല്‍കുന്ന അവാര്‍ഡ് എന്ന രീതിയില്‍ മോദിക്ക് ഏര്‍പ്പെടുത്തിയ ഫിലിപ്പ് കോട്ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡാണ് വിവാദത്തിലായിരിക്കുന്നത്.
സാമ്പത്തിക, സാമൂഹിക, സാങ്കേതിക മേഖലകളില്‍ മോദി, രാജ്യത്തിന് നല്‍കിയ നല്‍കിയ മഹത്തായ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡെന്നാണ് ഇതോടൊപ്പമുള്ള പ്രശസ്തി പത്രത്തില്‍ പറയുന്നത്. അതേ സമയം മോദിക്ക് നല്‍കിയ പുരസ്‌കാരം വ്യാജമെന്ന ആരോപണവുമായി പ്രശസ്ത ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദി വയര്‍’ രംഗത്തെത്തി. ഡബ്ല്യൂ.എം.എസ് സ്ഥാപകനായ ഫിലിപ് കോട്‌ലറുടെ പേരില്‍ വര്‍ഷങ്ങളായി പരസ്യ-മാര്‍ക്കറ്റിങ് രംഗത്തുള്ളവര്‍ക്ക് അവരുടെ നേട്ടങ്ങള്‍ പരിഗണിച്ച് പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്. എന്നാല്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഫിലിപ്പ് കോട്ലര്‍ സ്ഥാപനത്തിന്റെ പുരസ്‌കാരം മുമ്പ് നല്‍കിയതായി അറിവില്ല. വര്‍ഷങ്ങളായി നല്‍കി വരുന്ന എന്ന് മോദി തന്നെ ട്വീറ്റില്‍ കുറിച്ച അവാര്‍ഡ് ആദ്യമായി ലഭിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും ‘ദി വയര്‍’ പരിഹസിക്കുന്നു. പുരസ്‌കാരവുമായി ബന്ധപ്പെട്ടുള്ള ഒരു വിവരം പോലും ഡബ്ല്യൂ.എം.എസിന്റെ ഔദ്യോഗിക സൈറ്റിലടക്കം ലഭ്യമല്ലെന്നും ദി വയര്‍ പറയുന്നു.
പാതു മേഖലാ സ്ഥാപനമായ ഗെയ്ല്‍ ഇന്ത്യ, ബാബാ രാംദേവിന്റെ പതഞ്ജലി, ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിെന്റ റിപബ്ലിക് ടി.വി എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയിലായിരുന്നു മോദിക്ക് പുരസ്‌കാരം നല്‍കിയത്.
അതിനിടെ അവാര്‍ഡിനെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.
“ലോകോത്തര അവാര്‍ഡായ ‘കൊറ്റ്‌ലര്‍ പുരസ്‌കാരം’ നേടിയ എന്റെ പ്രധാനമന്ത്രിയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വാസ്തവത്തില്‍ ജൂറി ഇല്ലാത്ത ഒരവാര്‍ഡ് ആയതിനാലും മുമ്പൊരിക്കരിക്കലും നല്‍കിയിട്ടില്ല എന്നതിനാലും തന്നെ അത് വളരെ പ്രശസ്തമായ ഒരവാര്‍ഡ് തന്നെയാണ്. കൂടാതെ പതഞ്ജലിയും റിപ്പബ്ലിക് ടിവി സ്‌പോണ്‍സര്‍ ചെയ്ത ഒരു പരിപാടി കൂടിയാണല്ലോ…”, ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചു.
ബി.ജെ.പി മന്ത്രിമാരും എം.എല്‍.എമാരും മോദിക്ക് ലഭിച്ച പുരസ്‌കാരത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകളുമായി എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ തെരഞ്ഞെടുത്ത ജൂറി അംഗങ്ങളെ കുറിച്ചുള്ള പരമര്‍ശമില്ലെന്നും ഏത് സ്ഥാപനമാണ് നല്‍കിയതെന്നതിനെ കുറിച്ച് പോലും അറിയിപ്പില്ലെന്നും ദി വയര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പരസ്യ-മാര്‍ക്കറ്റിങ് രംഗത്തുള്ളവര്‍ക്ക് നല്‍കുന്ന ഫിലിപ് കോട്‌ലര്‍ അവാര്‍ഡിന് മത്സരാര്‍ഥികളെ സാധാരണ പ്രത്യേക നോമിനേഷന്‍ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഒരു ലക്ഷം രൂപയിലധികം ഓരോരുത്തരും അവാര്‍ഡിന് പരിഗണിക്കാനുള്ള ഫീസായി ഈടാക്കും. ഇതിന്റെ വിവരങ്ങള്‍ അവരുടെ വെബ്‌സൈറ്റുകളില്‍ പരസ്യപ്പെടുത്താറുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ പുതിയ പുരസ്‌കാരത്തെ കുറിച്ച് ഇന്ത്യയിലെ ചില ദേശീയ മാധ്യമങ്ങളില്‍ വന്നതല്ലാതെ അത് കൈമാറിയതിനെ കുറിച്ചോ, നല്‍കാനുള്ള സാഹചര്യത്തെ കുറിച്ചോ അവരുടെ വെബ്‌സൈറ്റുകളിലോ മറ്റോ വിവരണം നല്‍കിയിട്ടില്ലെന്നും ദി വയര്‍ വെളിപ്പെടുത്തി.
മന്ത്രി പിയൂഷ് ഗോയല്‍ മോദിക്ക് ഇതുവരെ ലഭിച്ച ആറ് പുരസ്‌കാരങ്ങള്‍ പേരെടുത്ത് പറഞ്ഞായിരുന്നു പോസ്റ്റ് ഇട്ടത്. ഇതില്‍ ഡബ്ല്യൂ.എം.എസിന്റെ പുരസ്‌കാരം ഒഴിച്ച് ബാക്കി നാലെണ്ണം വിവിധ രാജ്യങ്ങള്‍ നല്‍കിയതായിരുന്നു. ഒന്ന് യുനൈറ്റഡ് നേഷന്‍സും. എന്നാല്‍ ആറാമത്തെ പുരസ്‌കാരമായ പ്രഥമ ഫിലിപ് കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡിനെ കുറിച്ചുള്ള വിവരങ്ങള്‍ മന്ത്രി നല്‍കിയിട്ടില്ല.