X

മോദി വരില്ല; രാഹുൽ ഗാന്ധിയുമായി സംവാദത്തിന് യുവമോർച്ച വൈസ് പ്രസിഡൻ്റിനെ നിയോഗിച്ച് ബി.ജെ.പി

: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള പൊതുസംവാദത്തിന് യുവമോര്‍ച്ച വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ നിയോഗിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയുമായിരുന്നു സംവാദത്തിന് ക്ഷണിച്ചിരുന്നത്. സംവാദത്തിന് താന്‍ തയാറാണെന്നും പ്രധാനമന്ത്രി തയാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബി.ജെ.പി നേതാവുമായ തേജസ്വി സൂര്യയാണ് അഭിനവ് പ്രകാശിനെ സംവാദത്തിന് നിയോഗിച്ച കാര്യം അറിയിച്ചത്.

സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് ധൈര്യമില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 56 ഇഞ്ച് നെഞ്ചിന് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം വന്നിട്ടില്ലെന്ന് ജയറാം രമേശ് പരിഹസിച്ചു. പ്രധാനമന്ത്രിയുമായി സംവാദത്തിനുള്ള ക്ഷണം രാഹുല്‍ ഗാന്ധി സ്വീകരിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുകയാണ്.

മുന്‍ ജഡ്ജിമാരായ മദന്‍ ബി. ലോകൂറും എ.പി. ഷായും മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാമും ചേര്‍ന്നാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയെയും രാഹുല്‍ ഗാന്ധിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ചത്‌.

‘പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, ഭാരതീയ ജനതാ പാര്‍ട്ടി യുവമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ സംവാദത്തിനായി നിയോഗിക്കുകയാണ്.
നിങ്ങളുടെ സമ്മതത്തിനായി ആകാംക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നു. സ്വാതന്ത്രത്തിന് ശേഷം ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയ കുടുംബത്തിന്റെ പിന്‍ഗാമിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു സാധാരണക്കാരനും തമ്മിലുള്ള ചരിത്രപരമായ സംവാദമാകും അരങ്ങേറുക’ -തേജസ്വി സൂര്യ.

webdesk13: