ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയാക്കും മുമ്പെ മോദി സര്‍ക്കാര്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കില്‍, അടുത്ത പൊതുതെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷത്തിലധികം സമയമുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുറത്തു വരുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പൊതു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് തറപ്പിച്ചു പറയാനാവില്ല. രാഷ്ട്രീയത്തില്‍ എന്തും എപ്പോഴും സംഭവിച്ചേക്കാം. കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞേക്കാം. ആര്‍ക്കും ഒന്നും മുന്‍കൂട്ടി പറയാനാവില്ല.
എന്നാല്‍ ഒന്നുറപ്പുണ്ട്. 2019ല്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ എളുപ്പമാവില്ല. കാറ്റ് മാറി വീശുമോ എന്നത് കേവലം സംശയമല്ല. ഏറെക്കുറെ ഉറപ്പുള്ള യാഥാര്‍ത്ഥ്യമാണ്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപ്രതീക്ഷിത കരുനീക്കങ്ങള്‍ കൂടിയാണ് അത്തരമൊരു ചിന്തയെ ബലപ്പെടുത്തുന്നത്. ത്രിപുര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ലഹരി ബി.ജെ.പിയുടെ തലയില്‍നിന്ന് ഇനിയും ഇറങ്ങിയിട്ടില്ല. രണ്ടര പതിറ്റാണ്ടിന്റെ ഇടതു ഭരണം തൂത്തെറിഞ്ഞതിന്റെ ആഘോഷം പ്രതിമ തകര്‍ത്തും തെരുവു കത്തിച്ചും രാജ്യമൊട്ടുക്കും ആഘോഷിക്കുകയാണ് അവര്‍. എന്നാല്‍ കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ല. അതോ അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുന്നതോ?
രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റപ്പോള്‍, അതിനെ കാര്യമാക്കുന്നില്ലെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. യു.പിയിലും ബിഹാറിലും തോല്‍വി ആവര്‍ത്തിക്കുമ്പോഴും അതു തന്നെയാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. അമിത ആത്മവിശ്വാസം വിനയായെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഏറ്റു പറച്ചില്‍. നിസ്സാര വല്‍ക്കരിച്ച് തള്ളുമ്പോഴും ബി.ജെ.പിയുടെ കോട്ടകളിലാണ് ഈ ചോര്‍ച്ച എന്നത് 2019 എങ്ങോട്ട് എന്ന ചോദ്യത്തിന്റെ ഉത്തരംകൂടിയാണ്.
ബി.ജെ.പി അടുത്ത കാലത്ത് നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങളെല്ലാം താരതമ്യേന ചെറിയ സംസ്ഥാനങ്ങളിലായിരുന്നു. ഏറെയും ഒന്നോ രണ്ടോ മൂന്നോ ലോക്‌സഭാ സീറ്റുകള്‍ മാത്രമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. ഗുജറാത്ത് മാത്രമാണ് ഇതിന് അപവാദം. ഭരണം നിലനിര്‍ത്തിയെങ്കിലും ഗുജറാത്തില്‍ ബി.ജെ.പി പിറകോട്ടാണ് സഞ്ചരിച്ചത് എന്നതില്‍ തര്‍ക്കമില്ല എന്നത് മറ്റൊരു വസ്തുത.
എന്നാല്‍ തിരിച്ചടി നേരിടുന്നത് വലിയ സംസ്ഥാനങ്ങളിലാണ്. യു.പി തന്നെ ഉദാഹരണം. ആകെയുള്ള 540 ലോക്‌സഭാ മണ്ഡലങ്ങളുടെ ആറില്‍ ഒന്നും (80 സീറ്റ്) യു.പിയിലാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരത്തില്‍ എത്തി ആറു മാസം തികയും മുമ്പാണ് ഉപതെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയേറ്റുവാങ്ങിയത്. 2014ല്‍ മൂന്നു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുള്ള രണ്ട് മണ്ഡലങ്ങളാണ് ഒരുമിച്ച് കൈവിട്ടത്. ബി.ജെ.പിയില്‍നിന്നുള്ള വോട്ടുചോര്‍ച്ചയുടെ ആഴമാണ് ഇത് വ്യക്തമാക്കുന്നത്. അധികാരത്തിലേറി ആദ്യ ഒരു വര്‍ഷത്തേക്ക് സാധാരണ ഭരണവിരുദ്ധ വികാരങ്ങള്‍ പ്രതിഫലിക്കാറില്ല. എന്നാല്‍ ആറു മാസത്തിനകം തന്നെ ആദിത്യനാഥ് സര്‍ക്കാറിനെ ജനം കൈയൊഴിഞ്ഞതിന്റെ സൂചനയാണ് ഇപ്പോഴത്തെ തോല്‍വി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലാണ് തോറ്റത് എന്നത് മറ്റൊരു ഘടകം.
2014ല്‍ 80ല്‍ 71 ലോകസഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്കായിരുന്നു ജയം. വര്‍ഗീയത ഇളക്കിവിട്ടും സാമുദായിക ധ്രുവീകരണം സാധ്യമാക്കിയും നേടിയ ഈ വിജയം താല്‍ക്കാലികം മാത്രമാണെന്നതിന്റെ തെളിവ് കൂടിയാണ് ഗൊരഖ്പൂരിലെയും ഫുല്‍പൂരിലെയും ഉപതെരഞ്ഞെടുപ്പ് വിധി. മധ്യപ്രദേശ് ആണ് തിരിച്ചടി നേരിട്ട മറ്റൊരു സംസ്ഥാനം. 29 ലോക്‌സഭാ മണ്ഡലങ്ങള്‍ ഉണ്ട് ഇവിടെ. 2014ല്‍ 27 സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്. രണ്ടിടത്ത് മാത്രമായിരുന്നു കോണ്‍ഗ്രസ്. ഇവിടെയും ചിത്രങ്ങള്‍ മാറി മറിയുകയാണ്. രാജസ്ഥാനില്‍ 25 സീറ്റുണ്ട്. 2014ല്‍ 24 സീറ്റിലും ബി.ജെ.പിക്കായിരുന്നു ജയം. 2019ല്‍ ലോക്‌സഭക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. 2014ല്‍ 22 സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്. ഒമ്പതിടത്ത് ബി.ജെ.പി സഖ്യത്തിനായിരുന്നു ജയം. ശേഷിച്ചിടത്ത് മാത്രമാണ് മറ്റ് പാര്‍ട്ടികള്‍ ജയിച്ചത്.
ബി.ജെ.പി സഖ്യകക്ഷികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലും കാര്യങ്ങള്‍ എതിര്‍ ദിശയിലേക്കാണ്. ആന്ധ്രയില്‍ ടി.ഡി.പി അംഗങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത് കഴിഞ്ഞയാഴ്ചയാണ്. തമിഴ്‌നാട്ടില്‍ സഖ്യകക്ഷിയായ എ. ഐ.എ.ഡി.എം.കെക്കും തിരിച്ചടിയുടെ കാലമാണ്.
നോട്ടു നിരോധനവും ജി.എസ്.ടിയും ഉള്‍പ്പെടെ പൊതുജനത്തിന്റെ നട്ടെല്ലൊടിച്ച തീരുമാനമാണ് മോദി സര്‍ക്കാറിന് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ കാരണമായത്. അതുകൊണ്ടു തന്നെ 2019 കൂടുതല്‍ പ്രവചനാതീതമാവുകയാണ്. കാറ്റ് എങ്ങോട്ട് എന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം.