തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചാബിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തടയുമെന്ന് കര്‍ഷക സംഘടനകള്‍. 14, 16, 17 തീയ്യതികളിലായി ഒന്നിലധികം റാലികളെ അഭിസംബോധന ചെയ്യാനാണ് മോദി എത്തുന്നത്. സന്ദര്‍ശനത്തിനെതിരെ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കീഴിലുള്ള പഞ്ചാബിലെ 23 കര്‍ഷക യൂനിയനുകളാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനുവരി അഞ്ചിന് ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയെ റോഡില്‍ തടഞ്ഞ് വെച്ച് കര്‍ഷക സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് വീണ്ടും പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നത്.
പ്രധാനമന്ത്രിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി നടക്കുന്ന ഇന്ന് അദ്ദേഹത്തിന്റെ കോലം കത്തിക്കുന്നതുള്‍പ്പടെ സന്ദര്‍ശനത്തിനെതിരെ പഞ്ചാബിലെ നൂറിലധികം ഗ്രാമങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ഡോ.ദര്‍ശന്‍പാല്‍ പറഞ്ഞു. ഇന്ന് ജലന്ധറിലും 16ന് പത്താന്‍കോട്ടിലും 17ന് അബോഹറിലുമാണ് പ്രധാനമന്ത്രി എത്തുന്നത്. ഈ ജില്ലകളില്‍ നടക്കുന്ന എല്ലാ റാലികളിലും പ്രതിഷേധം സംഘടിപ്പിക്കുകയും പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുമെന്നും ഭാരതീയ കിസാന്‍ യൂനിയന്‍ (ബി.കെ.യുഉഗ്രഹന്‍) ജനറല്‍ സെക്രട്ടറി സുഖ്‌ദേവ് സിംഗ് കോക്രികാലന്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടതിനാലാണ് പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.