X

മോദിയെ കൈവിട്ട് ശിവസേന; ‘രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തന്‍’

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ കൈവിട്ട് ശിവസേന. രാജ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിയുമായുള്ള ബന്ധത്തിലെ വിള്ളല്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണ് റാവത്തിന്റെ പ്രതികരണം.
രാജ്യത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ പ്രാപ്തനാണ്. അദ്ദേഹത്തെ ഇനിയും പപ്പു എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല.
ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതില്‍ ഗുജറാത്തിലെ ജനങ്ങള്‍ക്കുള്ള അമര്‍ഷം ഒരു മുന്നറിയിപ്പാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് ബിജെപിക്ക് തിരിച്ചടിയാകും. ജനങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി. അവര്‍ക്ക് ആരെയും പപ്പുവാക്കാന്‍ കഴിയും. അത് മോദിയാണെങ്കില്‍ പോലും, റാവത്ത് പറഞ്ഞു. ചാനല്‍ ചര്‍ച്ചക്കിടെയാണ് ശിവസേന നേതാവ് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് താവ്‌ഡെയുടെ സാന്നിധ്യത്തിലായിരുന്നു റാവത്തിന്റെ പ്രതികരണം.
എന്‍ഡിഎ സഖ്യകക്ഷിയാണെങ്കിലും മോദിക്കും ബിജെപിക്കുമെതിരെ നിരന്തരം രംഗത്തുവരുന്ന ശിവസേനയുടെ പുതിയ ആരോപണം വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം.

chandrika: