യു.എസ് പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രസമ്മേളനത്തിനിടെ അദാനിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. അദാനിക്കെതിരായെ അമേരിക്കയിലെ കൈക്കൂലിക്കേസ് സംബന്ധിച്ച് ട്രംപുമായി ചര്‍ച്ച ചെയ്‌തോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
ഇതിന്, എല്ലാ ഇന്ത്യക്കാരും എന്റേതാണെന്നും രണ്ട് രാജ്യങ്ങളുടെ പ്രധാനപ്പെട്ട നേതാക്കള്‍ തമ്മിലുള്ള സംഭാഷണത്തില്‍ വ്യക്തികളെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ലെന്നുമാണ് മോദി മറുപടി നല്‍കിയത്.
‘ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. വസുദൈവ കുടുംബകം എന്നതാണ് നമ്മുടെ സംസ്‌കാരം. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായാണ് നാം കാണുന്നത്. ഓരോ ഇന്ത്യക്കാരനും എന്റേതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രണ്ട് രാജ്യങ്ങളിലെ രണ്ട് പ്രധാനപ്പെട്ട നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ ഇത്തരത്തില്‍ വ്യക്തികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാറില്ല,’ മോദി പറഞ്ഞു.
സൗരോര്‍ജ കരാറുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ അധികാരികള്‍ക്ക് കൈക്കൂലി നല്‍കിയെന്നും അതിനായി അമേരിക്കന്‍ ഇന്‍വെസ്‌റ്റേഴ്‌സിന്റെ പണം ഉപയോഗപ്പെടുത്തിയെന്നുമായിരുന്നു ഗൗദം അദാനിക്കും അനന്തിരവന്‍ സാഗര്‍ അദാനിക്കുമെതിരെ അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കേസ്. 250 മില്യണ്‍ യു.എസ്. ഡോളര്‍ കൈക്കൂലി നല്‍കിയെന്നായിരുന്നു കേസ്. ഈ കേസിനെ സംബന്ധിച്ച് ട്രംപുമായി ചര്‍ച്ച ചെയ്‌തോ എന്നായിരുന്നു മോദിയോട് ചോദ്യം.
എന്നാല്‍ ട്രംപ് അധികാരമേറ്റെടുത്തതിന് പിന്നാലെ അദാനിക്കെതിരെ കുറ്റം ചുമത്താനായി ഉപയോഗിച്ച നിയമം തന്നെ പിന്‍വലിക്കുകയാണുണ്ടായത്. ഈ നിയമം പുനപരിശോധിക്കാന്‍ ട്രംപ് ഉത്തരവിടുകയും ചെയ്തു. 1977ലെ ഫോറിന്‍ കറപ്ട് പ്രാക്ടീസസ് ആക്ട് (എഫ്.സി.പി.എ) നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കാനാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമത്തിന്റെ ചട്ടങ്ങളും വ്യവസ്ഥകളും പരിശോധിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ട്രംപ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്ക് നല്‍കിയ നിര്‍ദേശം. നിയമത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നത് ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്തപ്പെട്ട അദാനിക്കും അനന്തരവന്‍ സാഗറിനുമെതിരെ നടപടികളുണ്ടാകില്ല.
അതേസമയം അദാനിക്കെതിരെ കുറ്റം ചുമത്തുന്നതിനെതിരെ ആറ് യു.എസ്. കോണ്‍ഗ്രസ് അംഗങ്ങള്‍ അറ്റോര്‍ണി ജനറലിന് കത്തയക്കുയും ചെയ്തിട്ടുണ്ട്. അദാനി ഗ്രൂപ്പിനെതിരെയുള്ള കുറ്റപത്രങ്ങളുള്‍പ്പടെ ബൈഡന്‍ സര്‍ക്കാറിന്റെ ചില തീരുമാനങ്ങളില്‍ സംശയം ഉന്നയിച്ചുകൊണ്ടാണ് ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ അറ്റോര്‍ണി ജനറലിന് കത്തയച്ചിരിക്കുന്നത്.
കേസ് ഇന്ത്യക്ക് കൈമാറാതെ കമ്പനിയുടെ എക്‌സിക്യൂട്ടീവിനെതിരെ കുറ്റം ചുമത്തിയ ബൈഡന്റെ നിലപാടിനെയും ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ ചോദ്യം ചെയ്യുന്നു.