ന്യൂഡല്‍ഹി: ആര്‍.എസ്.എസ് പ്രചാരകരെ കുത്തിനിറച്ച് ജുഡീഷ്യറിയെ തങ്ങളുടെ വരുതിയിലാക്കാനാണ് മോദിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ആരോപിച്ചു. ഈ നീക്കം അനുവദിക്കാനാവില്ല. ഇതിനെതിരെ ജുഡീഷ്യറിക്കകത്തും പുറത്തും പ്രതിഷേധമുയരണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് പ്രചാരകരെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യറിയിലും കടന്നുകയറാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് കപില്‍ സിബല്‍ ആരോപിച്ചു. ആദ്യം പാര്‍ലമെന്റിനേയും മാധ്യമങ്ങളേയും പിടിച്ചെടുത്ത മോദി ഇപ്പോള്‍ ജുഡീഷ്യല്‍ സംവിധാനത്തേയും തകിടം മറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടിയുമായി മുന്നോട്ട് പോകുന്ന കപില്‍ സിബലിനെതിരെ ബാര്‍ കൗണ്‍സില്‍ മുന്നറിയിപ്പുമായി രംഗത്തെത്തി. ഇംപീച്ച്‌മെന്റ് നടപടി തുടരുകയാണെങ്കില്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യരുതെന്നും ഇത് സുപ്രീംകോടതിക്ക് നേരെയുള്ള ഭീഷണിയാണെന്നും ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. എം.പിമാരായ കപില്‍ സിബല്‍, മനു അഭിഷേക് സിങ്‌വി, വിവേക് തന്‍ഖ തുടങ്ങിയവരാണ് ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പിട്ട പ്രധാന അഭിഭാഷകര്‍.
എം.പിമാര്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കുമെന്ന് ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിലക്ക് മറികടന്നാല്‍ ഇവരുടെ പ്രാക്ടീസിങ് ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് നീങ്ങേണ്ടി വരുമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി.