ന്യൂഡല്‍ഹി: അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തനിക്ക് മികച്ച സൗഹൃദമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ സ്പീക്കര്‍ സുമിത്രമഹാജന്റെ നേതൃത്വത്തില്‍ നടന്ന ചായസല്‍ക്കാരത്തിനിടെയാണ് മോദി ട്രംപുമായി നല്ല ബന്ധമാണെന്ന് പറഞ്ഞത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മുന്നില്‍കണ്ടുകൊണ്ടുള്ള ചായസല്‍ക്കാരത്തിനിടെ മുതിര്‍ന്ന നേതാക്കളുമായി സംസാരിക്കുകയായിരുന്നു് മോദി.
ട്രംപുമായി തനിക്ക് നല്ല ബന്ധമാണ്. അധികാരമേറ്റെടുക്കുന്ന റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ശ്രമിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇന്ത്യയും -അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തില്‍ വിള്ളലുണ്ടാവില്ലെന്നും മോദി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, രാജ്യത്ത് നോട്ട് പ്രതിസന്ധി ഏഴാം ദിവസവും തുടരുകയാണ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ പ്രതിപക്ഷം ഒരുങ്ങിക്കഴിഞ്ഞു. നോട്ട് പിന്‍വലിച്ച നടപടിയില്‍ പിറകോട്ടില്ലെന്ന് മോദിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.