ലക്‌നൗ: നരേന്ദ്ര മോദിയുടെ അംബേദ്കര്‍ പ്രേമം കാപട്യമാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. അംബേദ്കര്‍ സ്വപ്‌നം കണ്ട ഇന്ത്യയാണ് ഞങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് മോദി കഴിഞ്ഞ ദിവസം മന്‍ കി ബാത്തില്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മായാവതി. അംബേദ്കര്‍ ഉയര്‍ത്തിയ ആശയങ്ങളുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന ആളാണ് മോദി. അതുകൊണ്ടാണ് ബി.ജെ.പി കഴിഞ്ഞ ദശകങ്ങളില്‍ അധികാരത്തില്‍ വരാതിരുന്നത്. കഴിഞ്ഞ നാലരവര്‍ഷവും മോദി ദളിതരോട് കാണിച്ച പ്രേമം നാടകമായിരുന്നുവെന്നും മായാവതി ആരോപിച്ചു.
അവര്‍ അംബേദ്കറെ കുറിച്ച് സംസാരിക്കുന്നു എന്നാല്‍ അംബേദ്കറുടെ പിന്‍മുറക്കാരെ അടിച്ചമര്‍ത്തുന്നു. അംബേദ്കറുടെ പേരുള്ള ഒരാള്‍ സഭയിലെത്തുന്നത് പോലും തടയാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മായാവതി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന ഭീമാറാവു അംബേദ്കറെ ബി.ജെ.പി ക്രോസ് വോട്ടിംഗിലൂടെ പരാജയപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ചായിരുന്നു മായാവതിയുടെ പരാമര്‍ശം.