അമൃത്സര്‍: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജലന്ധര്‍ ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത് ആളൊഴിഞ്ഞ കസേരകള്‍ക്ക് നേരെ. വെള്ളിയാഴ്ചയായിരുന്നു ജലന്ധറിലെ മോദിയുടെ പൊതുയോഗം. സംസ്ഥാനത്ത് അകാലിദള്‍ ബി.ജെ.പി സഖ്യസര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നായിരുന്നു മോദി പ്രസംഗത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടത്. മോദിയുടെ പൊതുസമ്മേളനത്തിലെ കാലിക്കസേരകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.
അതേസമയം മോദി പ്രസംഗിച്ച് കൊണ്ടിരിക്കെത്തന്നെ ആളുകള്‍ വേദി വിട്ടതായും വാര്‍ത്തകളുണ്ട്. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന ഒരു തെരഞ്ഞെടുപ്പിലും അവരെ അധികാരത്തിലേറ്റരുതെന്നും മോദി പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ ഭരണ വിരുദ്ധ വികാരം ശക്തമാണ്. അഴിമതി, സ്വജനപക്ഷപാത ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുന്ന അകാലദിള്‍-ബി.ജെ.പി സഖ്യം തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ലെന്നാണ് സര്‍വെ ഫലങ്ങളും വ്യക്തമാക്കുന്നത്.
അതേസമയം കോണ്‍ഗ്രസ് ശുഭ പ്രതീക്ഷയിലാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ തിരിച്ചെത്താനാവുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ തിരിച്ചുവരവും കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂട്ടുന്നു. അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടിയും സജീവമായി രംഗത്തുണ്ട്. ഒറ്റഘട്ടമായാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ്. മാര്‍ച്ച് പതിനൊന്നിന് ഫലപ്രഖ്യാപനം.