X

രാജ്യത്തിന്റെ സമയം പാഴാക്കുന്നത് നിര്‍ത്തൂ; മോദിയോട് രാഹുല്‍

അമേത്തി: രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തീക മാന്ദ്യവും രൂക്ഷമായിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകരും യുവാക്കളും പ്രതിസന്ധിയിലാണെന്നും ജനങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസ് ആറു മാസത്തിനുള്ളില്‍ അത് ചെയ്തു കാണിക്കാമെന്നും രാഹുല്‍ പറഞ്ഞു. തന്റെ മണ്ഡലമായ അമേത്തിയിലെ കത്താവ്രയില്‍ ഗ്രാമീണരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദഹം.

‘കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്‌നങ്ങളാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. യുവാക്കള്‍ തൊഴിലില്ലാതെ അലയുന്നു. കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. എന്നാല്‍ മോദി ഈ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ഭയക്കുകയാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ മോദിക്ക് ബാധ്യതയുണ്ട്’-രാഹുല്‍ ഓര്‍മിപ്പിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് രാഹുല്‍ അമേത്തിയിലെത്തിയത്. ഇന്ന് നിരവധി സ്ഥലങ്ങളില്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരുമായും ഗ്രാമീണരുമായും കൂടിക്കാഴ്ച നടത്തും. നാളെ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും സന്ദര്‍ശിച്ച ശേഷമായിരിക്കും മടങ്ങുക. നേരത്തെ ജനകീയ പങ്കാളിത്തം ഭയന്ന് യു.പി സര്‍ക്കാര്‍ രാഹുലിന്റെ യാത്രക്ക് അനുമതി നിഷേധിച്ചിരുന്നെങ്കിലും പ്രതിഷേധമുയര്‍ന്നതോടെ പിന്‍വാങ്ങുകയായിരുന്നു.

chandrika: