X

വോട്ടിങിനിടെ പ്രധാനമന്ത്രിയുടെ റോഡ് ഷോ; തെര.കമ്മീഷന്‍ ബിജെപിയുടെ ‘പാവ’യായി പ്രവര്‍ത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ്

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചിട്ടും വിവാദമൊഴിയാതെ ഗുജറാത്ത് രാഷ്ട്രീയം. രണ്ടാംഘട്ട വോട്ടെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം ജനങ്ങള്‍ക്കിടയിലൂടെ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയാണിപ്പോള്‍ വിവാദമായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വിവാദ നടപടിക്കെതിരെ അഹമ്മദാബാദിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസിനു പുറത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ‘പാവ’യായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. വോട്ടിങ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റോഡ് ഷോ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നകതാണ്. വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ ‘പാവയും മുന്‍നിര സംഘടനയുമായാണ്’ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല കുറ്റപ്പെടുത്തി.

അതേസമയം വിഷയത്തില്‍ നിയമപരമായ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ, ഗാന്ധിനഗറില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഡല്‍ഹി കമ്മീഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

സബര്‍മതി മണ്ഡലത്തിലെ നിഷാന്‍ ഹൈസ്‌ക്കൂളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തശേഷം മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ മോദി നടന്നതാണ് ആദ്യം വിവാദമായത്. തൊട്ടുപിന്നാലെ തുറന്ന വാഹനത്തില്‍ അദ്ദേഹം നിന്നു യാത്ര ചെയ്തതും വിവാദത്തിന് കൂടുതല്‍ എരിവു പകര്‍ന്നു.

അതേസമയം, ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ സ്‌കോര്‍പീന്‍ ക്ലാസിലെ ആദ്യത്തെ ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ ‘ഐഎന്‍എസ് കല്‍വരി’ രാജ്യത്തിന് സമര്‍പ്പിച്ചശേഷമാണ് പ്രധാനമന്ത്രി വോട്ടു ചെയ്യാനെത്തിയത്. വോട്ടര്‍മാര്‍ക്കൊപ്പം വരിനിന്നാണ് അദ്ദേഹം വോട്ടു ചെയ്തതും.

chandrika: