X
    Categories: CultureMoreViews

ആസിഫ, ഉന്നാവോ സംഭവങ്ങളിലെ ‘പ്രതികരണം:’ നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് ദേശീയ മാധ്യമങ്ങള്‍

ജമ്മു കശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരി ആസിഫ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗാര്‍ പീഡിപ്പിച്ച യുവതിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതുമായ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ വേറിട്ട രീതിയില്‍ പരിഹസിച്ച് ദേശീയ മാധ്യമങ്ങള്‍. ‘ബ്രേക്കിങ് ന്യൂസ്: കത്വ, ഉന്നാവോ ബലാത്സംഗങ്ങളില്‍ നരേന്ദ്ര മോദിയുടെ പ്രസ്താവന’ എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചാണ് ‘ദി വയര്‍’, ‘ദി ക്വിന്റ്’ തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മോദിയുടെ മൗനത്തെ ചോദ്യം ചെയ്തത്. കത്വ, ഉന്നാവോ ബലാത്സംഗങ്ങളില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തുമ്പോള്‍ ഈ വാര്‍ത്ത അപ്‌ഡേറ്റ് ചെയ്യാം എന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘എക്‌സ്‌ക്ലൂസീവ്’ എന്ന പേരില്‍ ക്വിന്റ് ആണ് ആദ്യം ഈ ‘വാര്‍ത്ത’ പ്രസിദ്ധീകരിച്ചത്. ‘എക്‌സ്‌ക്ലൂസീവ് വാര്‍ത്ത പുറത്തുവിട്ടതിന്’ ക്വിന്റിന് നന്ദി പറഞ്ഞു കൊണ്ട് ദി വയര്‍ ഇത് ഏറ്റെടുക്കുകയായിരുന്നു. മറ്റു മാധ്യമങ്ങളും ഇത് ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി പ്രതികരിക്കേണ്ട വിഷയങ്ങള്‍ ഏതൊക്കെയെന്ന് വായനക്കാര്‍ അഭിപ്രായം രേഖപ്പെടുത്തണമെന്നും വയര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ജനുവരി 27-ന് കത്വയില്‍ ആസിഫ കൊല്ലപ്പെട്ടതിനു ശേഷം ഹിന്ദുത്വ ശക്തികള്‍ പ്രതികള്‍ക്കു വേണ്ടി ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ കത്വ അഭിഭാഷക അസോസിയേഷന്‍ അടക്കമുള്ളവര്‍ പ്രതിഷേധ പ്രകടനം നടത്തി. ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ആസിഫ നേരിട്ട കൊടും ക്രൂരത വാര്‍ത്തയായത്. ഇതേത്തുടര്‍ന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി വി.കെ സിങ് മാത്രമാണ് പ്രതികരിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടും പ്രധാനമന്ത്രി ഇതേവരെ വാ തുറന്നിട്ടില്ല.

ഉന്നാവോയില്‍ 17-കാരിയെ ബി.ജെ.പി എം.എല്‍.എയെ സംരക്ഷിക്കുന്ന നിലപാടാണ് യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്വീകരിച്ചത്. പരാതിപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇദ്ദേഹം കസ്റ്റയില്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രമുഖ മാധ്യമങ്ങള്‍ പോലും തയ്യാറായത്. ഇതേത്തുടര്‍ന്ന് അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും എം.എല്‍.എയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് യു.പി സര്‍ക്കാറിനോട് ചോദിക്കുകയും ചെയ്തിരുന്നു. കേസ് ഏറ്റെടുത്ത സി.ബി.എ കുല്‍ദീപ് സിങ് സെംഗാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: