റഫാല്‍ യുദ്ധ വിമാന കരാറുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളില്‍ വിറളിപിടിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഫ്രഞ്ച് സര്‍ക്കാറുമായുള്ള യുദ്ധ വിമാന ഇടപാടിലെ സുതാര്യത സ്ഫടിക സമാനമാണെന്ന് ന്യായം പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി നില്‍ക്കക്കള്ളിയില്ലാതെ നാവടക്കി മൗനവ്രതത്തിലാണ്. റഫാല്‍ കരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ നിര്‍ബന്ധമായും പങ്കാളിയാക്കണമെന്ന നിബന്ധന ഇന്ത്യ മുന്നോട്ട്‌വെച്ചെന്ന് ഫ്രഞ്ച് മാധ്യമം ‘മീഡിയ പാര്‍ട്ട്’ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ പ്രതിരോധിക്കാന്‍ ആയിരം പടച്ചട്ടയെങ്കിലും അണിയേണ്ടി വരും നരേന്ദ്ര മോദിക്ക്. അംബാനിക്ക് കോടികളുടെ ആസ്തി വ്യാപ്തിക്കായി വഴിവിട്ട് അവസരമൊരുക്കിയ കേന്ദ്ര സര്‍ക്കാറിന്റെ നെഞ്ചില്‍ അത്രമേല്‍ അഴിമതിയുടെ കൂരമ്പുകളാണ് ആപതിച്ചുകൊണ്ടിരിക്കുന്നത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മോദി പ്രതികരിക്കാത്തതും വിവാദത്തിനിടെ പ്രതിരോധമന്ത്രി നിര്‍മലാസീതാരാമന്‍ ഫ്രാന്‍സില്‍ പോയതുമെല്ലാം ഉയര്‍ത്തിവിടുന്ന ദുരൂഹതയുടെ കരിമേഘച്ചുരുളുകള്‍ അതീവ ഗൗരവമേറിയതാണ്. പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുപ്പിച്ച പോരാട്ടം അഴിമതിയുടെ കോട്ടക്കൊത്തളങ്ങളെ തകര്‍ത്തു തരിപ്പണമാക്കുമെന്ന കാര്യം തീര്‍ച്ച.
റഫാല്‍ യുദ്ധ വിമാന ഇടപാടിലെ വിവാദം കൊടുമ്പിരികൊള്ളുന്നതിനിടെ രണ്ടാഴ്ച മുമ്പാണ് ഫ്രഞ്ച് മുന്‍ പ്രസിഡണ്ട് ഫ്രാന്‍സ്വ ഒലാന്ദ് കേന്ദ്ര സര്‍ക്കാറിനെതിരെ ആദ്യ വെടിയുതിര്‍ത്തത്. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സിനെ റഫാല്‍ ഇടപാടില്‍ ബിസിനസ് പങ്കാളിയാക്കിയത് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നും നിര്‍ദേശം സ്വീകരിക്കുകയല്ലാതെ മറ്റു വഴികളൊന്നും ഫ്രഞ്ച് സര്‍ക്കാറിനു മുന്നിലുണ്ടായിരുന്നില്ലെന്നുമായിരുന്നു ഫ്രാന്‍സ്വ ഒലാന്ദെയുടെ വെളിപ്പെടുത്തല്‍. തന്റെ നിലപാടില്‍നിന്ന് ഒലാന്ദ് പിന്നീട് പിറകോട്ട് പോയെങ്കിലും ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നതില്‍ അവ്യക്തതകള്‍ തെല്ലുമില്ലായിരുന്നു. കരാര്‍ ഒപ്പിടുമ്പോള്‍ ഫ്രഞ്ച് പ്രസിഡണ്ടായിരുന്ന ഫ്രാന്‍സ്വ ഒലാന്ദ് സമ്മര്‍ദങ്ങളുടെ സാഹചര്യത്തിലാണ് വാക്കുവിഴുങ്ങിയതെന്ന് വ്യക്തമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കരാറിലെ കൊടും വഞ്ചന തുറന്നുകാട്ടി വാക്‌പോര് കത്തിപ്പടരുന്ന സമയത്താണ് ഒലാന്ദെയുടെ കരണം മറിച്ചില്‍. എന്നാല്‍ ഭരണഘടനാസ്ഥാപനമായ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലിനെയും (സി.എ.ജി) കേന്ദ്ര വിജിലന്‍സ് ഡയരക്ടറെയും കണ്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം വിമാന ഇടപാടില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതിനാല്‍ ഈ രണ്ടു വഴികളിലൂടെ കേന്ദ്ര സര്‍ക്കാറിന്റെ കള്ളത്തരം പുറത്തുവരുന്നത് കാത്തിരിക്കുകയാണ് പ്രതിപക്ഷം. ഭരണഘടനാപരമായ ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഓഡിറ്റ് നടത്തുമെന്ന് കോണ്‍ഗ്രസിന് സി.എ.ജി നല്‍കിയ ഉറപ്പ് പ്രതീക്ഷപകരുന്നതാണ്.
രാജ്യത്തിന്റെയല്ല മോദി, അംബാനിയുടെ മാത്രം പ്രധാനമന്ത്രിയാണ് എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസം ഏറെ ചിന്തനീയമാണ്. വിദേശകാര്യ-പ്രതിരോധ മന്ത്രിമാര്‍, പ്രതിരോധ സെക്രട്ടറി, വിദഗ്ധര്‍ തുടങ്ങിയവര്‍ ആരും അറിയാതെയും ടെണ്ടര്‍ വിളിക്കാതെയുമാണ് കൂടിയ വിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ തിരുത്തിയത്. ഇടപാടില്‍ ദേശീയ സുരക്ഷക്ക് പുല്ലുവില കല്‍പിച്ചില്ലെന്ന അതിഗുരുതരമായ ആരോപണം മുന്‍ പ്രതിരോധ മന്ത്രി കൂടിയായ എ.കെ ആന്റണി ഉന്നയിച്ചിരുന്നു. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന കാലത്താണ് ഫ്രഞ്ച് സര്‍ക്കാറുമായി ഇന്ത്യാ ഗവണ്‍മെന്റ് റാഫേല്‍ യുദ്ധവിമാന കരാറില്‍ ഒപ്പുവെക്കുന്നത്. 18 യുദ്ധ വിമാനങ്ങള്‍ ഫ്രഞ്ച് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കാനും 108 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡുമായി ചേര്‍ന്ന് നിര്‍മിക്കാനുമായിരുന്നു ധാരണ. വിമാന നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനും ധാരണയുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രഞ്ച് സന്ദര്‍ശനത്തോടെയാണ് കരാര്‍ മാറ്റിയെഴുതിയത്. വിമാനങ്ങളുടെ എണ്ണം 126ല്‍ നിന്ന് 36 ആയി ചുരുങ്ങി എന്നുമാത്രമല്ല നിര്‍മാണ ചുമതലയില്‍നിന്ന് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡിനെ ഒഴിവാക്കി റിലയന്‍സ് എയ്‌റോ സ്‌പെയ്‌സിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീട് ഫ്രഞ്ച് കമ്പനിക്ക്‌മേല്‍ സമ്മര്‍ദം ചെലുത്താനാണ് നിര്‍മലാസീതാരാമന്റെ യാത്ര, കോടികളുടെ കരാര്‍ ലഭിച്ചതിനാല്‍ ഇന്ത്യാ സര്‍ക്കാര്‍ പറയുന്നതു മാത്രമേ അവര്‍ പുറത്ത് പറയൂ എന്ന വിശ്വാസവും കേന്ദ്ര സര്‍ക്കാറിനെ ഈ കാട്ടുകൊള്ളക്ക് പ്രേരിപ്പിച്ചു. 2017 മെയ് 11 ന് ദസോ എവിയേഷന്‍ സി.ഇ.ഒ ലോയ്ക് സെഗാലിന്‍ നടത്തിയ പ്രസന്റേഷന്‍ ഉദ്ധരിച്ചാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ‘ആ നിബന്ധന അംഗീകരിക്കേണ്ടത് ദസോ ഏവിയേഷന് ഇന്ത്യയുമായി കരാറിലേര്‍പ്പെടുന്നതിന് അനിവാര്യമായിരുന്നു’ എന്നായിരുന്നു ഉദ്യോഗസ്ഥന്‍ പ്രസന്റേഷനിലൂടെ സ്ഥാപിച്ചിരുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന രണ്ടു വെളിപ്പെടുത്തലുകളായാണ് ഇവ കാണേണ്ടത്. യു.പി.എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ധാരണയേക്കാള്‍ രണ്ടിരട്ടി അധിക തുകക്കാണ് മോദി സര്‍ക്കാര്‍ കരാറുണ്ടാക്കിയിട്ടുള്ളത്. ഇതുവഴി പൊതുഖജനാവിന് 40,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് പുത്തനുണര്‍വ് പ്രവചിക്കപ്പെട്ട മികവുറ്റ ഒരു കരാറിനെ തീവെട്ടിക്കൊള്ളയിലൂടെ സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കും കോടികള്‍ തട്ടിയെടുക്കാനുള്ള കുറുക്കുവഴിയാക്കി മാറ്റിയെഴുതിയ ഒരു പ്രധാനമന്ത്രിയെ ഇനിയും എത്രകാലം ഈ രാജ്യം പേറണം? ജനാധിപത്യബോധമേ… സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ സമയമായിരിക്കുന്നു.
- 6 years ago
chandrika
Categories:
Video Stories