X

മുന്നോട്ടു തന്നെയെന്ന് മോദി, പിന്നോട്ടില്ലെന്ന് കര്‍ഷകര്‍- ഇനിയെന്തു സംഭവിക്കും?

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സന്നദ്ധമല്ല സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച കാര്‍ഷിക നിയമത്തെ ശക്തമായി ന്യായീകരിക്കുന്ന പ്രസ്താവനയാണ് മോദി നടത്തിയത്. പരിഷ്‌കരണം വഴി കര്‍ഷകര്‍ക്ക് പുതിയ വിപണികള്‍ തുറന്നു കിട്ടുമെന്ന് മോദി ആവര്‍ത്തിച്ചു.

‘പുതിയ കാര്‍ഷിക പരിഷ്‌കരണങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണികള്‍ തുറന്നു നല്‍കും. സാങ്കേതിക വിദ്യകളിലേക്ക് വഴി തുറക്കും. കൃഷിയില്‍ പുതിയ നിക്ഷേപങ്ങള്‍ വരും. അവര്‍ക്ക് ഗുണകരമാകും’ – പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയും മറ്റു അനുബന്ധിത മേഖലകള്‍ക്കും ഇടയില്‍ നാം മതിലുകള്‍ കണ്ടിട്ടുണ്ട്. അത് അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യസംസ്‌കരണം, സൂക്ഷിപ്പ് കേന്ദ്രം എന്നിവയില്‍ ഏതുമാകട്ടെ. എല്ലാ തടസ്സങ്ങളും മതിലുകളും ഇപ്പോള്‍ നീങ്ങിയിരിക്കുകയാണ്. ശീതീകരിച്ച സംഭരണശാലകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കേണ്ടതുണ്ട്. കൂടുതല്‍ നിക്ഷേപങ്ങള്‍ കാര്‍ഷിക മേഖലയില്‍ വരും എന്നതാണ് ഇതിന്റെ ഫലം. അതിന്റെ ഗുണഫലം പ്രധാനമായും കിട്ടുന്നത് കര്‍ഷകര്‍ക്കു തന്നെയാണ്. മണ്ഡികളിലും അതിനു പുറത്തും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നം വില്‍ക്കാനുള്ള വഴിയുണ്ടാകും’

പ്രധാനമന്ത്രി നരേന്ദ്രമോദി

17 ദിവസമായി രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രതിഷേധം കനത്തു തന്നെ നില്‍ക്കുന്ന വേളയിലാണ് മോദിയുടെ പ്രതികരണം. സര്‍ക്കാര്‍ ഒരു തരത്തിലും പിന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്ന സൂചന മോദിയുടെ വാക്കുകളിലുണ്ട്.

പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷകര്‍

പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍. പാനിപ്പത്ത്, കര്‍ണാല്‍ എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനം സമരക്കാര്‍ തടസപ്പെടുത്തി. അംബാലയില്‍ ശംഭു അതിര്‍ത്തിയിലെ ടോള്‍പ്ലാസ പിടിച്ചെടുത്തു. ഡല്‍ഹി ജയ്പൂര്‍, ഡല്‍ഹി ആഗ്ര ദേശീയ പാതകള്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ ഉപരോധിക്കുകയാണ്.

കര്‍ഷകരെ നേരിടാന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ വിപുലമായ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. പതിനായിരക്കണക്കിന് കര്‍ഷകരാണ് അതിര്‍ത്തിയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്.

സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

പുതിയ തന്ത്രവുമായി സര്‍ക്കാര്‍

കര്‍ഷക സമരം തീവ്രവാദികള്‍ തട്ടിയെടുത്തു എന്ന ആരോപണമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉന്നയിക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഈ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. ഷാഹിന്‍ബാഗ് സമരത്തിലേതു പോലെ ഡല്‍ഹി കേന്ദ്രീകരിച്ച് കലാപമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത് എന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദും ആരോപിച്ചു.

ഭീകരതയുടെ മുദ്ര കുത്തി സമരത്തെ തോല്‍പ്പിക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ ബിജെപി പയറ്റുന്നത് എന്ന് രണ്ടു പ്രസ്താവനകളില്‍ നിന്നും വ്യക്തം. നേരത്തെ, പല സമരങ്ങളിലും വിജയം കണ്ട മുറയാണിത്. അതു കൊണ്ടു തന്നെ ഇത് ഏശുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

എന്നാല്‍ ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല എന്നാണ് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

സര്‍ക്കാര്‍ പാസാക്കിയ ബില്ലുകള്‍

2020 ജൂണ്‍ അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന മൂന്ന് ഓര്‍ഡിനന്‍സുകളാണ് സെപ്തംബറില്‍ നിയമമായത്.

കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും (അഭിവൃദ്ധിയും സൗകര്യമൊരുക്കലും) സംബന്ധിച്ച ഓര്‍ഡിനന്‍സ്,വില ഉറപ്പും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറി(ശാക്തീകരണവും സംരക്ഷണവും)നായുള്ള ഓര്‍ഡിനന്‍സ്,അവശ്യവസ്തു നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് എന്നിവയാണ് പാര്‍ലമെന്റ് പാസാക്കിയത്.

കര്‍ഷകരുടെ ആശങ്കകള്‍

1960കള്‍ മുതല്‍ മൊത്തക്കച്ചവട കേന്ദ്രങ്ങളായ മണ്ഡികള്‍ അഥവാ ചന്തകള്‍ വഴിയാണ് കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാറുള്ളത്.

കാര്‍ഷികോല്‍പന്ന കമ്പോള സമിതി(ഏ.പി.എം.സി ആക്ട്)യുടെ നിയന്ത്രണത്തിലാണ് മണ്ഡികള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ നിയമ പ്രകാരം മണ്ഡികള്‍ പ്രകാരം ഇല്ലാതാകും.നിലവില്‍ ഏ.പി.എം.സിയുടെ നിയന്ത്രണത്തിലുള്ള മണ്ഡികളില്‍ മാത്രമാണ് കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പന. മണ്ഡികളുടെ പുറത്ത് ഉല്‍പന്നങ്ങള്‍ വില്‍ക്കാം എന്നാണ് പുതിയ വ്യവസ്ഥ.എന്നാല്‍ ഇതോടെ ഏ.പി.എം.സി. മണ്ഡികള്‍ ഇല്ലാതാകുമെന്നും തങ്ങളുടെ വിളകള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടി വരുമെന്നുമാണ് കര്‍ഷകരുടെ ആശങ്ക.

മണ്ഡികളും കേന്ദ്രസര്‍ക്കാറിന്റെ എഫ്സിഐ പോലുള്ള സംവിധാനങ്ങളും താങ്ങുവില നല്‍കി സംഭരിക്കുന്നതു കൊണ്ടാണ് ചെറുകിട കര്‍ഷകര്‍ നിലനില്‍ക്കുന്നത്. മണ്ഡികള്‍ ഇല്ലാതാകുന്നതോടെ താങ്ങുവില സംവിധാനം തകരുമെന്നും സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് ഉത്പന്നങ്ങള്‍ ചുളുവിലയ്ക്ക് വാങ്ങാന്‍ വഴിയൊരുങ്ങുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Test User: