X

സാമ്പത്തിക ഉപദേശക സമിതി രൂപീകരിച്ചു ,മാന്ദ്യമുണ്ട്: മോദി

 

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നു മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്നും അതു മറികടക്കാന്‍ സാമ്പത്തിക ഉപദേശക സമിതിയ്ക്ക് (ഇക്കണോമിക്‌സ് അഡൈ്വസറി കൗണ്‍സിലിന്) രൂപം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
രാജ്യത്ത് സാമ്പത്തിക മാന്ദ്യം അനുവഭിക്കുന്നുണ്ട്. അത് മറികടക്കാനാണ് സാമ്പത്തിക ഉപദേശക സമിതി രൂപീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നീതി ആയോഗ് അംഗം ബിബേക് ദെബ്രോയി അധ്യക്ഷനായ സമിതിയില്‍ അഞ്ച് അംഗങ്ങളാണുള്ളത്. നിതി ആയോഗ് പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് രത്തന്‍ വറ്റല്‍, സാമ്പത്തിക ശാസ്ത്രഞ്ജ സുര്‍ജിത് ഭാല്ലാ, രാത്തിന്‍ റോയി, ആഷിമാ ഗോയല്‍ എന്നിവര്‍ സമിതിയിലെ പ്രത്യേക ക്ഷണിതാക്കളും ആയിരിക്കും.
രാജ്യത്തെ സാമ്പത്തിക കാര്യങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഉപദേശക സമിതി ചര്‍ച്ച ചെയ്യും. സ്ഥൂല സാമ്പത്തിക പ്രശ്‌നങ്ങള്‍സമിതി ചര്‍ച്ച ചെയ്യുകയും പ്രധാനമന്ത്രിയ്ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്യും. വ്യക്തമായ ലക്ഷ്യബോധത്തോടെയായിരിക്കും സമിതിയുടെ പ്രവര്‍ത്തനം. ഇടവേളകളില്‍ ചര്‍ച്ചകളും വിലയിരുത്തലുകളും നടത്തും. സമിതിയുടെ റിപ്പോര്‍ട്ടുകളും മറ്റും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയാണ് പ്രായോഗിക തലത്തിലെത്തിക്കുക. സാമ്പത്തികമായി മുന്നിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. കൂടാതെ അടുത്ത വര്‍ഷം ഡിസംബറിനു മുന്‍പായി രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്ന സൗഭാഗ്യ യോജന പദ്ധതിയ്ക്ക് തുടക്കമിടുമെന്നും മോദി പറഞ്ഞു. 16,000 കോടിരൂപയാണ് പദ്ധതിയ്ക്കായി ചിലവഴിക്കുക. ബിപിഎല്‍ കാര്‍ഡുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി വൈദ്യുത കണക്ഷന്‍ നല്‍കും. രാജ്യത്തെ 25 ശതമാനം ആളുകളും വൈദ്യുതിയില്ലാത്ത ഭവനങ്ങളിലാണ് താമസിക്കുന്നത്. എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാഷ്ട്രീയത്തില്‍ മത്സരിക്കുന്നത് മാത്രമല്ല ജനാധിപത്യമെന്നും അതിനുമപ്പുറത്തേക്ക് അതിനെ കാണാന്‍ കഴിയണമെന്നും മോദി പറഞ്ഞു. ആദ്യം രാജ്യമാണ് വേണ്ടത്. പാര്‍ട്ടി പിന്നെയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനസംഘ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ചേരുന്ന ഈ നിര്‍വാഹക സമിതിക്ക് രാഷ്ട്രീയപ്രാധാന്യമുണ്ട്. ബി.ജെ.പി ജനങ്ങളുടെ അഭിലാഷമായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് ബി.ജെ.പിയാണ് വേണ്ടെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ ഇന്ന് ബി.ജെ.പിയോളം സജീവമായ രാഷ്ട്രീയ കക്ഷിയില്ല. തെരഞ്ഞെടുപ്പിലെ ജയത്തിനു മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടത്. ജനാധിപത്യം അതിനുമപ്പുറത്താണ്. ബി.ജെ.പിയെ പങ്കാളിത്തത്തിനുള്ള ഉപകരണമാക്കി മാറ്റണം. പൊതുജനപങ്കാളിത്തമില്ലാതെ ഒരു പദ്ധതിയും വിജയിപ്പിക്കാനാകില്ല. പൊതുപങ്കാളിത്തതോടെ ഒരു പദ്ധതി എങ്ങനെ വിജയകരമാക്കാം എന്നതിന്റെ ഉദാഹരണമാണ് സ്വഛ് ഭാരത് അഭിയാന്‍- മോദി അവകാശപ്പെട്ടു. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും 90 ക്രിമിനലുകളെ വിദേശത്തു നിന്ന് ഇന്ത്യയിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു വര്‍ഷത്തെസാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കില്‍ നില്‍ക്കവെയാണ് സാമ്പത്തിക ഉത്തേജനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപടി കൈക്കൊള്ളുന്നത്. മാന്ദ്യം മറികടക്കുന്നതിനായി നാല്‍പ്പതിനായിരം കോടി രൂപയുടെ പാക്കേജ് ധനമന്ത്രാലയവും തയാറാകുന്നതായി റിപ്പോര്‍ട്ടുണ്ട്. കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍-ജൂണ്‍ മാസത്തെ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമാണ്.
ഒരു വര്‍ഷം മുമ്പ് ഇതേസമയം, 7.9 ആയിരുന്നു വളര്‍ച്ച. ഉത്പാദന-നിര്‍മാണ-കാര്‍ഷിക മേഖലയിലും ഇക്കാലയളവില്‍ തിരിച്ചടി നേരിട്ടുന്നു. ഉത്പാദന മേഖല 1.2 ശതമാനവും നിര്‍മാണ മേഖല 1.7 ശതമാനവും കാര്‍ഷിക മേഖല 2.3 ശതമാനവുമാണ് വളര്‍ച്ചാക്കുറവ് രേഖപ്പെടുത്തിയത്.

chandrika: