പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരുമാസത്തിനുള്ളില്‍ വീണ്ടും കടന്നാക്രമിച്ച് മറ്റൊരു ബി.ജെ.പി മുന്‍നേതാവ് . ജമ്മുകശ്മീര്‍ മുന്‍ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ ഭര്ത്താവ്കൂടിയായ പരകാല പ്രഭാകര്‍ മോദിക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ദ ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ( പുതിയ ഇന്ത്യയിലെ കൗശലക്കാരനായ തടി) എന്ന പുസ്തകത്തിലാണ് മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരെ കടുക്ക ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. പുസ്തകത്തിലേതിന് പുറമെ കഴിഞ്ഞദിവസം ദ വയറിന് നല്‍കിയ അഭിമുഖത്തിലും മോദിക്കും അദ്ദേഹത്തിന്‍രെ സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ പ്രഭാകര്‍ രംഗത്തെത്തി. ദ വയറിന്റെ കരണ്‍ഥാപ്പര്‍ തന്നെയാണ് മുമ്പ് സത്യപാല്‍മാലിക്കിനെയും അഭിമുഖം നടത്തിയത്. മോദിക്ക് യാതൊന്നിനെക്കുറിച്ചും അറിയില്ലെന്നും പുല്‍വാമയിലെ ഭീകരാക്രമണം കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകാരണമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. മാലിക്കിനെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചിരിക്കുകയാണിപ്പോള്‍.
നരസിംഹറാവുവിന്റെ കാലത്ത് ആരംഭിച്ച പുത്തന്‍സാമ്പത്തികനയമാണ് ശരിയെന്നും ഡോ. മന്‍മോഹന്‍സിംഗ് അത് തുടര്‍ന്നതാണ് പിന്നീട് കുറച്ചുകാലമായി ഇന്ത്യയുടെ നേട്ടത്തിന് കാരണമായതെന്നും പ്രഭാകര്‍ ചൂണ്ടിക്കാട്ടുന്നു. മോദിക്ക് ഒരുവിഷയത്തെക്കുറിച്ചും ഒന്നും അറിയില്ലെന്നും ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് പറഞ്ഞ് വികസനം മറച്ചുവെക്കുകയാണെന്നും പരകാല പ്രഭാകര്‍ ആരോപിക്കുന്നു.
പ്രഭാകറിന്റെ മാതാപിതാക്കള്‍ ഉറച്ച കോണ്‍ഗ്രസുകാരാണ് .പിതാവ് ആന്ധ്രയില്‍ മന്ത്രിയായിരുന്നു. അമ്മയാകട്ടെ എം.എല്‍.എയും. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ പ്രഭാകര്‍ ജെ.എന്‍.യുവില്‍നിന്ന് എം.എയും നേടി. ബി.ജെ.പിയുടെ ആന്ധ്രയിലെ വക്താവ് കൂടിയായിരുന്നു ഇദ്ദേഹം. അടുത്തകാലത്താണ് ബി.ജെ.പി വിട്ടത്. എങ്കിലും ഭാര്യ നിര്‍മല മോദിയുടെ തികഞ്ഞ ആരാധികയായി. പാര്‍ട്ടിയില്‍ കേന്ദ്രധനമന്ത്രിസ്ഥാനം വരെയെത്തി. പരകാലക്ക് മോദി നല്‍കുന്ന മധുരപ്രതികാരംകൂടിയാണ് നിര്‍മലയുടെ മന്ത്രിസ്ഥാനം. മോദിയെ വിമര്‍ശിക്കുമ്പോഴും കേന്ദ്രധനമന്ത്രിയെ വിമര്‍ശിക്കാതിരിക്കാന്‍ പ്രഭാകര്‍ ശ്രദ്ധിക്കുന്നത് കൗതുകമാകുന്നു.