X
    Categories: CultureMoreViews

കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി നീക്കം

ന്യൂഡല്‍ഹി: പി.ഡി.പിയെ പിളര്‍ത്തി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി നീക്കം. മെഹബൂബ മുഫ്തിയുമായി ഇടഞ്ഞു നില്‍ക്കുന്ന പി.ഡി.പി നേതാവ് ആബിദ് അന്‍സാരിയെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. ബി.ജെ.പി പിന്തുണക്കാന്‍ തങ്ങള്‍ ആലോചിക്കുന്നുണ്ടെന്ന് ആബിദ് അന്‍സാരി പറഞ്ഞു. ഒരു ഡസനിലധികം എം.എല്‍.എമാര്‍ തങ്ങളോടൊപ്പമുണ്ടെന്നാണ് ആബിദ് അന്‍സാരിയുടെ അവകാശവാദം.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളുടെ ഭാഗമായി ജമ്മു കശ്മീരിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയുമായിരുന്ന നിര്‍മല്‍ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിന് മുമ്പായി ജമ്മു കശ്മീരിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവുമായി മോദി ചര്‍ച്ച നടത്തിയിരുന്നു.

87 അംഗങ്ങളുള്ള കശ്മീര്‍ നിയമസഭയില്‍ 44 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ബി.ജെ.പിക്ക് 25 അംഗങ്ങളാണുള്ളത്. പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ രണ്ടുപേര്‍ പിന്തുണച്ചേക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. അപ്പോഴും 17 പേരുടെ പിന്തുണ കൂടി വേണം. പി.ഡി.പിയെ പിളര്‍ത്തി 17 പേരെ ഒപ്പമെത്തിക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: