മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പില്‍ ഇടപെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടട്ടെയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന ഇന്ത്യയുടെ വിദേശനയത്തെ മോദി ലംഘിച്ചെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ പരിപാടിയിലായിരുന്നു മോദിയുടെ പ്രസ്താവന.
പരിപാടിയില്‍ തന്റെ തിരഞ്ഞെടുപ്പു പ്രചാരണ മുദ്രവാക്യത്തെ ഓര്‍മിപ്പിച്ച് ‘അബ്കി ബാര്‍ ട്രംപ് സര്‍ക്കാറെ’ന്നു മോദി പറഞ്ഞു. യുഎസ് തിരഞ്ഞെടുപ്പിലെ താര പ്രചാരകനല്ല ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ‘അമേരിക്കയുമായുള്ള നമ്മുടെ ബന്ധം നിഷ്പക്ഷമായിരുന്നു. റിപ്പബ്ലിക്കന്‍സിനേയും ഡെമോക്രാറ്റുകളേയും ഒരുപോലെയാണ് സമീപിച്ചത്. ട്രംപിന് വേണ്ടി നിങ്ങള്‍ നടത്തിയ പ്രചാരണം ഇന്ത്യയുടേയും അമേരിക്കയുടേയും ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരാണ്’ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു.