X

നരേന്ദ്രമോദിയുടെ പൊങ്ങച്ച മിസൈല്‍


രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെച്ചിരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉച്ചക്ക് പൊടുന്നനെ നടത്തിയൊരു പ്രഖ്യാപനം ജനാധിപത്യത്തിനുതന്നെ തീരാകളങ്കം ചാര്‍ത്തുന്നതായി. ഇന്നലെ രാവിലെ 11.20ന് സ്വന്തം ട്വിറ്ററിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ 11.45ന് രാഷ്ട്രത്തെ താന്‍ അഭിസംബോധന ചെയ്യുമെന്നായിരുന്നു മോദിയുടെ പ്രസ്താവന. പിന്നീട് 12 മണി കഴിഞ്ഞ് നടത്തിയ പ്രഭാഷണത്തില്‍ രാജ്യം കൈവരിച്ച സുപ്രധാനമായൊരു സൈനിക നേട്ടത്തെ (മിഷന്‍ ശക്തി) സ്വന്തം നേട്ടമായി അവതരിപ്പിക്കുകയാണ് മോദി ചെയ്തത്. ഏപ്രില്‍ 11ന് നടക്കാനിരിക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന് വെറും 14 ദിവസം മാത്രം ബാക്കിയിരിക്കവെ തുടര്‍ ഭരണത്തിന് കേന്ദ്ര സര്‍ക്കാര്‍ സര്‍വവിധ പഴുതുകളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സൈന്യത്തെ ഉപയോഗിച്ച് മോദി നടത്തിയൊരു നാടകമായാണ് ഇതിനെ കാണേണ്ടത്. പ്രഖ്യാപനത്തെ ബി.ജെ.പിയും അവരെ അനുകൂലിക്കുന്നവരും രാഷ്ട്രീയമായി കൊണ്ടാടുകയാണിപ്പോള്‍. എന്നാല്‍ ലോക നാടക ദിനത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ മുനവെച്ചുള്ള പരിഹാസം.
രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈല്‍ സാങ്കേതിക വിദ്യയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം സര്‍ക്കാരിന്റെ നേട്ടമായി ഇന്നലെ അവതരിപ്പിച്ചത്. എ സാറ്റ് എന്ന മിസൈല്‍ സാങ്കേതിക വിദ്യയെയാണ് മോദി വന്‍ പ്രഖ്യാപനമായി കൊണ്ടാടിയത്. അതിവേഗതയില്‍ സഞ്ചരിച്ച് 800 കിലോമീറ്റര്‍ മുകളില്‍ ശത്രു ഉപഗ്രഹത്തെ തകര്‍ക്കാന്‍ ശേഷിയുള്ള ഉപഗ്രഹവേധ മിസൈലാണ് എ സാറ്റ്. ഇന്ത്യക്കുപുറമെ 1950കളില്‍ അമേരിക്കയും റഷ്യയും 2003ല്‍ ചൈനയും മാത്രമാണ് ഇതുവരെ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ സംബന്ധിച്ച് ഇത് വലിയ നേട്ടം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സാധാരണഗതിയില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുക ഡി.ആര്‍.ഡി.ഒയോ പ്രതിരോധ വകുപ്പിനുകീഴിലെ ഉദ്യോഗസ്ഥരോ വകുപ്പുമന്ത്രിമാരോ ആയിരിക്കുമെങ്കില്‍ പ്രധാനമന്ത്രിയുടേത് വോട്ടു ലക്ഷ്യമിട്ടുള്ള നാടകമായല്ലാതെ കാണാന്‍ തരമില്ല. അടുത്ത കാലത്തൊന്നും ഔദ്യോഗികമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യാത്ത പ്രധാനമന്ത്രി പൊടുന്നനെ നടത്തിയ പ്രഖ്യാപനം 2016 നവംബര്‍ എട്ട് രാത്രിയില്‍ 1000, 500 നോട്ടുകള്‍ റദ്ദാക്കിയതിനെ സ്മരിപ്പിക്കുന്നതായി. ഇതുവഴി രാജ്യത്തിന് ഇപ്പോള്‍ ഏറെ അഭിമാനിക്കാമെങ്കിലും പാക്കിസ്താനുമായി യുദ്ധത്തിന്റെ അടുത്തുവരെ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ മിസൈല്‍ പരീക്ഷണവിജയം ഉയര്‍ത്തിക്കാട്ടിയത് വോട്ടു തട്ടാനുള്ള കുരുട്ടുബുദ്ധിയല്ലാതെ തരമില്ല. കഴിഞ്ഞ ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ പാക് ഭീകരര്‍ നടത്തിയ സി.ആര്‍.പി.എഫ് സൈനികര്‍ക്കെതിരായ നരനായാട്ടില്‍ 40 സൈനികര്‍ രക്തസാക്ഷികളായ പശ്ചാത്തലത്തില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയും ഇതേപോലെ മോദിയും സര്‍ക്കാരും വലിയപൊങ്ങച്ചമായി കൊണ്ടാടുകയുണ്ടായി. രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു വര്‍ധിപ്പിക്കാന്‍ ഇത് ബി.ജെ.പിയെ സഹായിക്കുമെന്നായിരുന്നു കര്‍ണാടകയിലെ ബി.ജെ.പി നേതാവ് യെദിയൂരപ്പ പരസ്യമായി പറഞ്ഞത്.
ഫെബ്രുവരി 22ന് രാജ്യത്തെ വ്യോമസേനയുടെ ധീരരായ പൈലറ്റുമാര്‍ നടത്തിയ അതിര്‍ത്തികടന്നുള്ള ആക്രമണത്തില്‍ പാക്കിസ്താന്റെ ഖൈബര്‍ പക്തുഖ്വാന്‍ പ്രവിശ്യയിലെ ബാലക്കോട്ടിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. എന്നാല്‍ അതുവഴി 300 ലധികം പാക് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന സര്‍ക്കാരിന്റെ അവകാശവാദത്തെ പരിഹസിക്കുന്ന രീതിയിലാണ് വ്യോമസേനാ അധികൃതര്‍ പ്രതികരിച്ചത്. ബാലക്കോട്ട് ആക്രമണത്തില്‍ ബി.ജെ.പിക്ക് രാഷ്ട്രീയമായി നേട്ടമുണ്ടാകുമെന്ന രീതിയിലുള്ള സര്‍വേകള്‍ പുറത്തുവരികയും ചെയ്തിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നടത്താനിരുന്ന പ്രഖ്യാപനത്തെ പ്രധാനമന്ത്രിതന്നെ നേരിട്ടേറ്റെടുത്ത് കൊട്ടിഘോഷിച്ചിരിക്കുന്നത്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം തന്നെ പൊടുന്നനെ വീണുകിട്ടിയ ഇരയെപോലെ മോദി കൈകാര്യം ചെയ്യുകയാണെന്ന് വ്യക്തമാക്കുന്നതായി. നോട്ടു നിരോധനത്തിലും ബന്ധപ്പെട്ട വകുപ്പുമന്ത്രിയെയോ ഉദ്യോഗസ്ഥരെയോ റിസര്‍വ് ബാങ്ക് മേധാവികളെയോ വിശ്വാസത്തിലെടുക്കാതെ സ്വയം അടിക്കാരന്‍ ആണ്ടി ചമയുകയായിരുന്നു മോദി. രാജ്യത്തെ നൂറ്റി മുപ്പതു കോടിയോളം വരുന്ന ജനത അതിന്റെ പേരില്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഇതുവരെയും പൂര്‍ണമായി മാറിയിട്ടില്ല. മുന്‍കാലങ്ങളിലെല്ലാം സര്‍ക്കാരിനുകീഴിലെ സൈനിക ഏജന്‍സികളും വിവിധ ഗവേഷക സ്ഥാപനങ്ങളും ശാസ്ത്രജ്ഞരുടെ മികവില്‍ ഉണ്ടാക്കിയെടുത്തിട്ടുള്ള നേട്ടങ്ങളെ അതത് ഏജന്‍സികള്‍ തന്നെയാണ് പരസ്യമായി നാടിന് സമര്‍പ്പിച്ചിട്ടുള്ളത്. അതിനുശേഷം പ്രധാനമന്ത്രിയോ വകുപ്പുമന്ത്രിമാരോ അവരെ അഭിനന്ദിച്ച് പ്രസ്താവന ഇറക്കുകയോ ശാസ്ത്രജ്ഞരെ നേരില്‍കണ്ട് ഫോട്ടോക്ക്‌നിന്നുകൊടുക്കുകയോ ആണ് ചെയ്യാറ്.
ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെയുള്ള ബഹിരാകാശരംഗത്തെ വിവിധ കണ്ടുപിടിത്തങ്ങള്‍ ഇത്തരത്തിലാണ് രാജ്യവും ജനങ്ങളും സര്‍ക്കാരും ആഘോഷമാക്കാറ്. ഇന്ദിരാഗാന്ധിയുടെയും വാജ്‌പേയിയുടെയും കാലത്ത് ഇന്ത്യ നടത്തിയ ആണവ പരീക്ഷണവും ഇവ്വിധം രാജ്യം ഒറ്റക്കെട്ടായാണ് കൊണ്ടാടിയിട്ടുള്ളത്. അതിലൊക്കെ എല്ലാവരേക്കാളും സര്‍ക്കാരിനെക്കാളും ശാസ്ത്രജ്ഞരുടെ അര്‍പ്പണമനസ്സും ത്യാഗവുമാണ് പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളതും. മൂന്നു യുദ്ധങ്ങളും യു.പി.എ കാലത്ത് നടന്ന അതിര്‍ത്തികടന്നുള്ള പ്രത്യാക്രമണങ്ങളുമൊക്കെ പലതും രാജ്യാന്തരമായി ദോഷം ഉണ്ടാക്കുമെന്ന് കണ്ട് വിവിധ പ്രധാനമന്ത്രിമാര്‍ അവഗണിക്കുകയാണ് ചെയ്യാറ്. ഇവിടെ പക്ഷേ അമ്പത്തഞ്ചിഞ്ച് നെഞ്ചിനെക്കുറിച്ച് ബി.ജെ.പിക്കാര്‍ പറയുന്ന മോദിയും കൂട്ടരും ചേര്‍ന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും നിലനില്‍ക്കവെ ജനാധിപത്യത്തെ തന്നെ പരസ്യമായി അവഹേളിക്കുകയാണ്. ഭരണഘടനാസ്ഥാപനമായ ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യത്തില്‍ എന്തു നടപടിയെടുക്കുമെന്നാണ് രാജ്യമിപ്പോള്‍ ഉറ്റുനോക്കുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് ഇഷ്ടം പോലെ സമയം കമ്മീഷന്‍ തന്നെ അനുവദിച്ചിട്ടും വോട്ടെടുപ്പിന് വെറും രണ്ടാഴ്ചമാത്രം ബാക്കിയിരിക്കെ മോദി നടത്തിയ പൊങ്ങച്ചപ്രഖ്യാപനം ചട്ട ലംഘനമായി കണ്ട് നടപടിയെടുക്കാന്‍ കമ്മീഷന്‍ തയ്യാറാകണം. വ്യക്തിയേക്കാള്‍ രാജ്യമാണ് പ്രധാനം. അതുവഴിയേ ജനാധിപത്യത്തിനും ജനങ്ങള്‍ക്കുതന്നെയും നിലനില്‍പ്പുള്ളൂ.

web desk 1: