കെ.പി ജലീല്‍
പ്രധാനമന്ത്രിക്ക് യാതൊരു കാര്യത്തെക്കുറിച്ചും അറിവില്ലെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പിക്കകത്തെ പ്രധാനികളിലൊരാള്‍. മുന്‍ജമ്മുകശ്മീര്‍ സംസ്ഥാന ഗവര്‍ണര്‍ സത്യപാല്‍ മാലിക്കാണ് സ്‌ഫോടനാത്മകമായ വിവരങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ മോദിക്കെതിരെ ബി.ജെ.പിക്കകത്തുനിന്ന് പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് മോദിയുടെ അടുത്തയാളായി അറിയപ്പെട്ടിരുന്ന സത്യപാല്‍ മാലിക് നടത്തിയിരിക്കുന്നത്. പ്രമുഖ മാധ്യമമായ ദ വയറില്‍ കരണ്‍താപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് ഈ തുറന്നുപറച്ചിലുകള്‍.
2024ലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഈ വെളിപ്പെടുത്തലുകള്‍ മോദിസര്‍ക്കാരിനെയും മോദിയെ പ്രത്യേകിച്ചും പിടിച്ചുലക്കുമെന്നുറപ്പ്. ബി.ജെ.പിയുടെ അകത്തുനിന്ന് മോദിക്കെതിരെ ഇതാദ്യമായാണ് വലിയൊരു ശബ്ദമുയരുന്നതെന്ന പ്രത്യേകതയുമുണ്ട്.
മോദിക്ക് അഴിമതിയുമായി സന്ധി ചെയ്തിരിക്കുകയാണെന്നും അദ്ദേഹത്തെ നിയന്ത്രിക്കുന്നത് മറ്റുചിലരാണെന്നും മാലിക് പറയുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പുല്‍വാമ ഭീകരാക്രമണത്തിന ്‌വഴിവെച്ചതും മോദിയും കൂട്ടരുമാണെന്നും മാലിക് സൂചിപ്പിക്കുന്നു. ആയിരത്തോളം സി.ആര്‍.പി.എഫുകാര്‍ കാല്‍നടയായി യാത്ര ചെയ്യേണ്ടിവന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിമാനം കൊടുത്തയക്കാതിരുന്നത് മൂലമാണ്. താന്‍ നേരിട്ട് ആവശ്യപ്പെട്ടിട്ട് പോലും അത്രയും ഭീകരാക്രമണഭീഷണിയുള്ളപ്പോള്‍ വിമാനം നിഷേധിച്ചു. 40 സൈനികരുടെ മരണത്തിന് ഇടയാക്കിയത് ഇതാണ്. താന്‍ നേരിട്ട് വിമാനം അയക്കാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. വീഴ്ചകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ‘ ഇപ്പോള്‍ മിണ്ടാതിരിക്കൂ ‘ എന്നായിരുന്നു മോദിയും അന്നത്തെ ആഭ്യന്തര ഉപദേഷ്ടാവ് അജിത് ഡോവലും പറഞ്ഞത്.
രാഷ്ട്രപതിയെ പാവയെന്നും മാലിക് വിശേഷിപ്പിക്കുന്നു. രാഷ്ട്രപതിയെ കാണാന്‍ താന്‍ രേഖാ മൂലം ആവശ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് അനുമതി വേണമെന്നായിരുന്നുവത്രെ മറുപടി. അവസാനത്തെ ജമ്മുകശ്മീര്‍ ഗവര്‍ണറായിരുന്ന മാലിക് പി.ഡിപി സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടായിട്ടുപോലും ബി.ജെ.പി പിന്തുണ പിന്‍വലിച്ച സമയം നിയമസഭ പിരിച്ചുവിടുകയായിരുന്നു. ഇതേക്കുറിച്ച് താന്‍ ചെയ്തത് ശരിയായിരുന്നുവെന്ന് പറഞ്ഞ മാലിക് പക്ഷേ മെഹബൂബ മുഫ്തി സമയത്തിന് തന്നോട് വിവരങ്ങള്‍ കൈമാറിയില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അദാനി ബി.ജെ.പിയുടെ അന്തകനാകുമെന്നും മാലിക് അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ കരണ്‍താപ്പര്‍ മുമ്പ് മോദിയെ അഭിമുഖം നടത്തിയിരുന്നു. അദ്ദേഹത്തോട് മുസ്്‌ലിംകള്‍ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടതിനെ നായ്ക്കുട്ടികള്‍ കാറിനടിയില്‍ പെടുന്നതിന് സമാനമായാണ് മോദി വിശേഷിപ്പിച്ചത്. അഭിമുഖം ഇടക്ക് വെച്ച് നിര്‍ത്തിവെച്ച് പോയ മോദി പിന്നീടൊരിക്കലും കരണിന് അഭിമുഖം നല്‍കിയിരുന്നില്ല. കരണ്‍താപ്പറിനോട് ആരും സംസാരിക്കരുതെന്ന് മോദി നിര്‍ദേശിച്ചിരുന്നതായി ബി.ജെ.പിയിലെ പലരും തന്നോട് പറഞ്ഞതായി കരണ്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
2019ലെ പുല്‍വാമ ആക്രമണവും കൂട്ടമരണവും പാക്കിസ്താനെതിരെ വലിയ പ്രചാരണത്തിനും തെരഞ്ഞെടുപ്പ് വിജയത്തിനും ബി.ജെ.പിയെ സഹായിച്ചിരുന്നു.
(2019 ഒക്ടബോബര്‍ 31നാണ് ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി റദ്ദാക്കി കേന്ദ്രഭരണപ്രദേശമാക്കി പാര്‍ലമെന്റില്‍ മോദിസര്‍ക്കാര്‍ നിയമം പാസാക്കിയത്.)