എ.വി ഫിര്‍ദൗസ്
2014ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദി രംഗത്തിറങ്ങുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹം ഏതാണ്ട് അപരിചിതനായിരുന്നു. ഗുജറാത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവി രണ്ടുതവണ വഹിക്കുകയും കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യക്കാലത്ത് ‘കാഴ്ചക്കാരനായിരുന്ന മുഖ്യമന്ത്രി’ എന്ന അപഖ്യാതി നേടിയെടുക്കുകയും ചെയ്തതിന്റെ പരിചിതത്വം മാത്രമാണ് ഇന്ത്യന്‍ ജനതക്ക് മോദിയുമായി ഉണ്ടായിരുന്നത്. പ്രധാനമന്ത്രി പദവിയില്‍ എത്തുക എന്ന അഭിലാഷം മുന്‍നിര്‍ത്തി അനേക വര്‍ഷങ്ങളായി അണിയറയില്‍ നരേന്ദ്രമോദി കരുക്കള്‍ നീക്കുന്നുണ്ടായിരുന്നു. ആര്‍.എസ്.എസ് പ്രചാരകനായിരുന്ന കാലം മുതല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലെത്തുക എന്ന മോഹം മോദിക്കുണ്ടായിരുന്നതായി 1970- 1980കളിലെ അദ്ദേഹത്തിന്റെ സഹയാത്രികര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഗുജറാത്തില്‍ സംഘത്തിന്റെ കാര്യാലയത്തില്‍ അടിഞ്ഞുകൂടിയിരുന്ന ഒരു കാലം മോദിക്കുണ്ടായിരുന്നു. അന്നദ്ദേഹം മുതിര്‍ന്ന സംഘനേതാക്കളുടെ വിനീത വിധേയനായ ഭൃത്യനോ, സേവകനോ ഒക്കെയായിരുന്നു. ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കളുടെ പ്രീതി പിടിച്ചുപറ്റാന്‍ അക്കാലത്ത് അദ്ദേഹം നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഇതാവട്ടെ സംഘവൃത്തത്തില്‍ ‘അച്ചടക്കവും പ്രതിബദ്ധതയുമുള്ള സംഘപ്രചാരകന്‍’ എന്ന മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കാന്‍ സഹായിക്കുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലത്താണ് ‘പ്രധാനമന്ത്രി’ എന്ന പദം മോദിയെ വല്ലാതെ ആകര്‍ഷിക്കുന്നത്. ശേഷമുള്ള വര്‍ഷങ്ങള്‍ അദ്ദേഹം ആ പദത്തെയും പദവിയെയും മനസ്സിലിട്ട് താലോലിച്ചുവരികയായിരുന്നു. ഗുജറാത്തില്‍ രണ്ടു ഘട്ടങ്ങളിലായി ഭരണം നേടാന്‍ സാധിച്ചത് ബി.ജെ.പി നേതൃത്വത്തെ ആകര്‍ഷിക്കാന്‍ സഹായകമായി. ഗുജറാത്തില്‍ തന്നേക്കാള്‍ മുതിര്‍ന്നവരും സംഘപ്രവര്‍ത്തനത്തില്‍ തന്നേക്കാള്‍ മികച്ച പരിചയവും പൂര്‍വകാലവുമുള്ള നേതാക്കളും അരങ്ങുവാഴുന്ന രാഷ്ട്രീയത്തില്‍ ചതുരംഗം കളിച്ചുകൊണ്ടാണ് മോദി മുഖ്യമന്ത്രി പദവിയിലെത്തിയത്. ഗുജറാത്തിന്റെ മുഖ്യമന്ത്രി പദവിയിലെത്താന്‍ ഉപയോഗപ്പെടുത്തിയ കരുനീക്കങ്ങള്‍ ഒന്നുകൂടി വിപുലീകരിച്ച് ദേശീയ തലത്തില്‍ പ്രയോഗിക്കുകയാണെങ്കില്‍ ഫലമുണ്ടാകുമെന്ന് മോദിക്ക് തോന്നി. ഗുജറാത്തിന്റെ വികസന കാര്യത്തില്‍ സവിശേഷമായ എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു എന്ന അവകാശവാദം ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ദേശീയ നേതൃത്വത്തിന് മുന്നില്‍വെക്കാന്‍ സാധിക്കുമായിരുന്നില്ല. കാരണം അത്തരം നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല.
2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുന്നതിന് നരേന്ദ്രമോദി ഉപയോഗപ്പെടുത്തിയ കാര്യങ്ങള്‍ ഇവയായിരുന്നു. 1) രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മധ്യനേതൃത്വ നിരയില്‍ തനിക്കുള്ള അംഗീകാരവും സ്വീകാര്യതയും ഉപയോഗപ്പെടുത്തി ഉന്നത നേതൃത്വത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുക എന്ന തന്ത്രം. 2) സംഘ്പരിവാറിലെ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും ഉള്‍പ്പെടെയുള്ള നേതാക്കളില്‍ തനിക്കുള്ള സ്വാധീനവും അവരുമായുള്ള അടുപ്പവും. 3) ഗുജറാത്ത് വംശഹത്യയിലൂടെ മതന്യൂനപക്ഷങ്ങളുടെ വംശഹത്യക്ക് നേതൃത്വം നല്‍കിയ ‘ശുദ്ധ തീവ്രവാദിയായ സംഘപ്രചാരകന്‍’ എന്ന കര്‍ക്കശ വ്യക്തിത്വം. 4) ഗുജറാത്തില്‍ തന്റെ വിശ്വസ്തരും ബുദ്ധി ഉപദേശകരുമായിരുന്ന അമിത് ഷായെപ്പോലുള്ളവര്‍ ഉപദേശിച്ചു നല്‍കിയ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന് മുന്നില്‍ ഇന്ത്യയുടെ ഭരണം പിടിച്ചടക്കുന്നത് സംബന്ധിച്ച് അവതരിപ്പിച്ച ‘മാസ്റ്റര്‍പ്ലാന്‍’. വ്യക്തമായ ഭൂരിപക്ഷത്തോടെ സംഘ്പരിവാറിന് ഇന്ത്യയുടെ ഭരണം നേടാനാവില്ല എന്നും, സഖ്യസമ്പ്രദായത്തിലൂടെ അധികാരത്തിലെത്തിയാല്‍ സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നുമുള്ള പ്രതിസന്ധിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തെ പാട്ടിലാക്കാന്‍ തക്ക ചില വാഗ്ദാനങ്ങള്‍ മോദി അന്ന് അവര്‍ക്ക് മുന്നില്‍ വെക്കുന്നുണ്ട്. ‘മോദി അവതരിപ്പിച്ച പദ്ധതികള്‍ക്കും പ്ലാനുകള്‍ക്കും വഴങ്ങുകയല്ലാതെ ഇന്ത്യയുടെ അധികാരത്തിലെത്താന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല’ എന്നു ചിന്തിച്ച ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം അര്‍ധസമ്മതത്തോടെ മാത്രമാണ് നരേന്ദ്രമോദിയെ അംഗീകരിച്ചത്. മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി നേതൃനിരയിലെ തഴക്കവും വഴക്കവുമുള്ള ഒട്ടനവധി പ്രമുഖരുടെ ‘തലക്കുമുകളിലൂടെ’ എന്നവണ്ണം ഉയര്‍ത്തിക്കൊണ്ടുവരപ്പെട്ടപ്പോള്‍ സംഘ്പരിവാര്‍ രാഷ്ട്രീയ ചരിത്രം ഇന്ത്യയില്‍ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു സത്യത്തില്‍. കണിശമായ ആദര്‍ശനിഷ്ഠയുടെയും ആശയവ്യക്തതയുടെയും പേരില്‍ അന്നാള്‍വരെ ഇന്ത്യയിലെ തീവ്രഹിന്ദുത്വ മനോഭാവക്കാര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടുവന്ന ആര്‍.എസ്.എസ്, അധികാരത്തിനുവേണ്ടി സ്വന്തം പാരമ്പര്യത്തെയും ആദര്‍ശ നിലപാടുകളെയും പണയംവെക്കാന്‍ മടിക്കാത്ത കേവല പ്രസ്ഥാനം മാത്രമാണെന്ന പുതിയ യാഥാര്‍ത്ഥ്യം അതോടെ സ്ഥിരീകരിക്കപ്പെട്ടു. മോദിയുടെ ബൗദ്ധിക പ്രക്ഷാളനങ്ങള്‍ക്ക് ആര്‍.എസ്.എസിന്റെ ബൗദ്ധികര്‍ കീഴൊതുങ്ങി.
‘അധികാരം’ എന്ന മോഹന വാഗ്ദാനത്തിലാണ് മോദി സംഘ്പരിവാര്‍ നേതൃത്വത്തെ തളച്ചെടുത്തത്. അതിന് മുന്നില്‍ ആദര്‍ശങ്ങളോ, ആശയങ്ങളോ ഒന്നും തടസ്സമായി ആര്‍.എസ്.എസ് നേതൃത്വത്തിന് തോന്നുകയുമുണ്ടായില്ല. എട്ടൊമ്പത് പതിറ്റാണ്ടുകാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടും, ‘ഭരണകൂടം സ്ഥാപിക്കുക’ എന്ന ലക്ഷ്യത്തിന് സമീപംപോലും എത്താല്‍ സാധിക്കാതിരുന്ന ആര്‍.എസ്.എസ് നേതൃത്വത്തെ സംബന്ധിച്ച് ‘എങ്ങനെയങ്കിലും അധികാരത്തിലെത്തുക’ എന്നതായിരുന്നു പരമപ്രധാനമായി തോന്നിയത്. നുണകളുടെയും അര്‍ധ നുണകളുടെയും അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ആദര്‍ശങ്ങളാണെങ്കില്‍ പോലും സ്വന്തം തനിമ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആ ആദര്‍ശങ്ങളില്‍ അടിയുറച്ച് നിന്നിരുന്ന ആര്‍.എസ്.എസിന് ആ അടിക്കുറിപ്പ് ഉപേക്ഷിക്കേണ്ടിവന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരുമ്പോള്‍ നരേന്ദ്രമോദിക്ക് പ്രതികൂലമായി ചിന്തിച്ചിരുന്ന ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ ഇന്ന് അഞ്ച് വര്‍ഷത്തിന് ശേഷവും സത്യത്തില്‍ മോദിക്കെതിരെ തന്നെയാണ്. മാത്രവുമല്ല അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് 2014-ല്‍ തനിക്കനുകൂലമായി ചിന്തിച്ചിരുന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളിലെ വലിയൊരു വിഭാഗത്തെ പ്രതികൂലമായി ചിന്തിക്കുന്നവരാക്കി മാറ്റാനും മോദിക്കു കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ബി. ജെ.പിക്കും ആര്‍.എസ്.എസിനും മുന്നില്‍ മറ്റു പോംവഴികള്‍ ഇല്ല എന്നത് സംഘ്പരിവാര്‍ രാഷ്ട്രീയം അകപ്പെട്ടിരിക്കുന്ന നിസ്സഹായാവസ്ഥയാണ്. ആര്‍.എസ്.എസില്‍ നരേന്ദ്രമോദി നേടിയെടുത്ത ‘സ്വാധീനത്തെ കളിയാക്കാന്‍’ ഉത്തരേന്ത്യയിലെ ചില സംഘ നേതാക്കള്‍ വിപരീതാര്‍ത്ഥത്തില്‍ പറയാനുള്ളത് ‘ആര്‍.എസ്.എസുകാരന്റെ അരട്രൗസര്‍ ഫുള്‍ പാന്റ്‌സാക്കി മാറ്റിയതുവരെ മോദിയാണ്’ എന്നാണ്. സംഘപ്രവര്‍ത്തകന്റെ വേഷവിതാനത്തില്‍ ട്രൗസറിന് പകരം പാന്റ്‌സ് കടന്നുവന്ന പരിഷ്‌കരണമുണ്ടായത് മോദിയുടെ ഭരണ കാലത്തായതിനെക്കുറിച്ചാണ് പരാമര്‍ശം. അഞ്ച് വര്‍ഷത്തെ ഭരണംകൊണ്ട് സംഘ്പരിവാറിനെ മൊത്തത്തില്‍ തനിക്കനുകൂലമാക്കിയെടുക്കാന്‍ നരേന്ദ്രമോദിക്ക് സാധിച്ചിട്ടുണ്ട് എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണ മാത്രമാണ്. സംഘ- ബി.ജെ.പി-പരിവാര്‍ വൃത്തത്തിനകത്ത് മോദിയോടുള്ള എതിര്‍പ്പ് വര്‍ധിക്കുകയും അതൊരു പൊട്ടിത്തെറിയുടെ വക്കില്‍ എത്തിനില്‍ക്കുകയും ചെയ്യുന്ന സ്ഥിതിയാണ് സത്യത്തില്‍ ഇന്നുള്ളത്. മോദിയുടെ നയങ്ങളും സമീപനങ്ങളും തന്നെ ഇതിന് പ്രധാന കാരണം.
തീവ്ര ഹിന്ദുത്വവാദികളായ തൊഗാഡിയയെപ്പോലുള്ള നേതാക്കളെ നരേന്ദ്രമോദി തന്റെ ചവിട്ടുപടികളായി ഉപയോഗിക്കുകയുണ്ടായിട്ടുണ്ട്. ഇന്ന് പ്രവീണ്‍ഭായ് തൊഗാഡിയ വിശ്വഹിന്ദു പരിഷത്തില്‍ നിന്നുപോലും പുറത്താണ്. ആര്‍.എസ്.എസിലെ ഭയ്യാജി ജോഷിജിയെപ്പോലെ പല മുതിര്‍ന്ന നേതാക്കളും മോദിയുടെ പല നയങ്ങള്‍ക്കും എതിരാണ്. ബി.ജെ.പിയുടെ ഉന്നത ദേശീയ നേതൃനിര ഒരുകാലത്ത് വ്യക്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുകേട്ടിരുന്ന, ഭിന്നാഭിപ്രായങ്ങളുടെ കനത്ത സ്വരങ്ങള്‍ മുഴങ്ങിയിരുന്ന, ഒരു പ്ലാറ്റ്‌ഫോമായിരുന്നു. എന്നാല്‍ ഇന്നതല്ല സ്ഥിതി. മോദിയും അമിത്ഷായും അവരുടെ ബുദ്ധി ഉപദേശകരും ബി.ജെ.പിയെ അക്ഷരാര്‍ത്ഥത്തില്‍ വിഴുങ്ങിയിരിക്കുകയാണ്. പല നേതാക്കളും ഉന്നതതല യോഗങ്ങളില്‍ പങ്കെടുത്ത് ഉറക്കം തൂങ്ങുകയാണ് ഇന്നത്തെ രീതി. അവര്‍ക്കുള്ളത് പറയാനോ, അവരെ കേള്‍ക്കാനോ ബി.ജെ.പി ഉന്നതതല യോഗങ്ങളില്‍ അവസരങ്ങളില്ല. ‘എന്തു തീരുമാനിക്കപ്പെടണം’ എന്നതു സംബന്ധിച്ച തീരുമാനം നേരത്തെ എടുക്കേണ്ടവര്‍ എടുത്തിരിക്കും. മുന്‍കൂറായെടുത്ത തീരുമാനങ്ങള്‍ക്ക് പാര്‍ട്ടിയുടെ മേല്‍വിലാസം നല്‍കുക എന്ന ചടങ്ങ് മാത്രമാണ് നേതൃയോഗങ്ങളില്‍ നടന്നുവരുന്നത്. അധികാരത്തിന് വേണ്ടി പാര്‍ട്ടിയെ ‘ഫ്രീസ്’ ചെയ്തുവെച്ചിരിക്കുന്ന സ്ഥിതിയാണ് സത്യത്തില്‍ ബി.ജെ.പി ദേശീയ തലത്തിലുള്ളത്. ജനാധിപത്യമെന്നത് പണ്ടേ അത്ര ഗൗരവ വിഷയമായി പരിഗണിക്കാത്തവരായതുകൊണ്ട് വ്യക്തികളുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നത് ഒരു പോരായ്മയായി കരുതാന്‍ പല നേതാക്കള്‍ക്കും കഴിയുന്നില്ലെങ്കിലും മറുവശത്ത് അമര്‍ഷത്തോടെ സഹിക്കുന്ന അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും പോലുള്ള നേതാക്കളുമുണ്ട്. പാര്‍ട്ടിയെത്തന്നെ അപ്രസക്തമാക്കുന്നവിധത്തില്‍ രണ്ട് വ്യക്തികളുടെ തന്നിഷ്ടങ്ങളും തീരുമാനങ്ങളും മാത്രം പാര്‍ട്ടിക്കകത്തും ഭരണകൂടത്തിനകത്തും നടപ്പിലാക്കപ്പെടുന്നതില്‍ അപകടം തിരിച്ചറിയുന്നുണ്ട് പ്രായവും പക്വതയും ഉള്ള നേതാക്കള്‍. മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ തന്ത്ര-കുതന്ത്രങ്ങള്‍ പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും ‘ഏകമാത്ര ചാലകശക്തിയായി’ മാറിയിരിക്കുന്നതില്‍ ഉന്നത ബി.ജെ.പി നേതാക്കള്‍ കാണുന്ന പ്രധാന അപകടം സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കും സ്വേച്ഛാധിപതികള്‍ക്കും ചരിത്രത്തില്‍ നേരിടേണ്ടിവന്ന തിരിച്ചടികള്‍ അതേപടി ഇരുവര്‍ക്കും നേരിടേണ്ടി വരുമെന്നതും ആ തിരിച്ചടികളുടെ ഫലങ്ങളാവട്ടെ ആത്യന്തികമായി ബി.ജെ.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുകയും ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തില്‍നിന്നുതന്നെ മായ്ച്ചുകളയുകയും ചെയ്‌തേക്കും എന്നതുമാണ്. ‘ഞങ്ങള്‍ രണ്ടു പേരുമില്ലാതെ പാര്‍ട്ടിയും പാര്‍ട്ടിയുടെ ഭരണകൂടവും ഇല്ല’ എന്നു ചിന്തിക്കുന്നവര്‍ സ്വേച്ഛാധിപത്യത്തിന്റെ പുതിയ പാഠങ്ങള്‍ രചിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണിന്ന് ഇന്ത്യയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ രണ്ടു വ്യക്തികളിലേക്ക് സംഘ്പരിവാര്‍ രാഷ്ട്രീയം ചുരുങ്ങിയതിന്റെ പ്രശ്‌നങ്ങളാണവര്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളും. പുറത്തറിയാത്തതും അത്യധികം അപകടകരമായ മാനങ്ങളിലേക്ക് വളര്‍ന്നെത്തിയതുമായ നിരവധി അഭിപ്രായ ഭിന്നതകളും ആശയ വൈരുധ്യങ്ങളും ഇന്ന് സംഘ്പരിവാര്‍ രാഷ്ട്രീയ ചേരിക്കുള്ളില്‍ ശക്തമാണ്. എന്നാല്‍ ‘വാതുറക്കാന്‍’ അവസരമില്ലാതാക്കി അമിത്ഷായും മോദിയും അത്തരം അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയാണ്. മോദിയും അമിത്ഷായും കണ്ണുരുട്ടുമ്പോള്‍ പറയാനുദ്ദേശിച്ച കാര്യങ്ങളത്രയും മറന്നുപോകുന്നു. ഈ അധഃപതനത്തിന്റെ സൗകര്യത്തിലാണ് മോദി- അമിത്ഷാ രാഷ്ട്രീയം തഴച്ചുവളരുന്നത്. 2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഉയര്‍ത്തിക്കാണിക്കാന്‍ ഉണ്ടായിരുന്നത് ചില അജണ്ടകളും ആശയങ്ങളും വാഗ്ദാനങ്ങളുമായിരുന്നെങ്കില്‍ ഇന്നവയൊന്നും ശേഷിക്കുന്നില്ല. മോദിക്കും അമിത്ഷാക്കും ബുദ്ധി ഉപദേശിക്കുന്ന വിശ്വസ്ത വൃത്തം വേറെയുണ്ട്. സത്യത്തില്‍ അവരവതരിപ്പിക്കുന്ന ആശയങ്ങളാണ് അമിത്ഷാ ഉയര്‍ത്തിപ്പിടിക്കാറുള്ളത്. 2014-ലെ തെരഞ്ഞെടുപ്പിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ‘പരിവര്‍ത്തന്‍’ അഥവാ മാറ്റം എന്നത് ബി.ജെ.പിയുടെ പ്രധാന ആശയമായിരുന്നു. എന്നാല്‍ 2019-ല്‍ ഉന്നയിക്കുന്നത് ‘ആവര്‍ത്തന്‍’ എന്ന അപേക്ഷ മാത്രമാണ്. ‘ഒരിക്കല്‍കൂടി അധികാരം തരൂ’ എന്ന അപേക്ഷ. 2014ല്‍ മോദി എന്ന വ്യക്തിക്ക് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ടകളുടെ വരികള്‍ക്കിടയില്‍ പോലും സ്ഥാനം ഉണ്ടായിരുന്നില്ല. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടയില്‍ ‘വികസനം, വര്‍ഗീയത- വര്‍ഗീയത, വികസനം’ എന്നിങ്ങനെ ഉപാധികളുടെ കാര്യത്തില്‍ ‘വൃത്താനുവര്‍ത്തനം’ അഥവാ ‘വട്ടംചുറ്റല്‍ കളി’ നടത്തിയ ശേഷം, തെരഞ്ഞെടുപ്പിന്റെ മുഖാമുഖ ഘട്ടത്തില്‍ ബി.ജെ.പി എത്തിനില്‍ക്കുന്നത് നരേന്ദ്രമോദി എന്ന വ്യക്തിയിലേക്ക് മാത്രമാണ്. 2018ന്റെ രണ്ടാമത്തെ പകുതിക്കുശേഷം, പ്രത്യേകിച്ച് റഫാല്‍ അഴിമതി ആരോപണങ്ങള്‍ ശക്തിപ്രാപിച്ച ശേഷം, നിസ്സഹായതയിലും അനിശ്ചിതത്വത്തിലും അകപ്പെട്ട് നിശബ്ദരായിരുന്ന മോദി പക്ഷക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത് നരേന്ദ്ര മോദിയെന്ന ഒരു വ്യക്തിയെ മുന്‍നിര്‍ത്തിയാണ് എന്ന് 2019 ഫെബ്രുവരി രണ്ടാം പകുതിയോടെ വ്യക്തമായിരിക്കയാണ്. ‘രാഷ്ട്രത്തിന്റെ സുരക്ഷ തന്റെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന്’ പറയുന്നതും താനല്ലാത്ത ഒരു വ്യക്തിയെ പ്രധാനമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുപ്പിന് ശേഷവും ഒരിന്ത്യക്കാരനും സങ്കല്‍പിക്കേണ്ടെന്ന് മുന്‍കൂട്ടിത്തന്നെ ‘തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം’ നടത്തുന്നതുമെല്ലാം സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ തെരഞ്ഞെടുപ്പ് അജണ്ടകളത്രയും മോദിയെന്ന വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതിന്റെ വ്യക്തതയാര്‍ന്ന തെളിവുകള്‍ തന്നെയാണ്.